Big stories

റമദാനു ശേഷം സൗദി അറേബ്യ മൂന്ന് പണ്ഡിതരുടെ വധശിക്ഷ നടപ്പാക്കുമെന്ന് റിപോര്‍ട്ട്

ഷെയ്ഖ് സല്‍മാന്‍ അല്‍ ഔദ, ആവാദ് അല്‍ഖര്‍നി, അലി അല്‍ ഉമരി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കുകയെന്നു സര്‍ക്കാര്‍ വൃത്തങ്ങളെയും ബന്ധുക്കളെയും ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തു.

റമദാനു ശേഷം സൗദി അറേബ്യ മൂന്ന് പണ്ഡിതരുടെ വധശിക്ഷ നടപ്പാക്കുമെന്ന് റിപോര്‍ട്ട്
X

റിയാദ്: തീവ്രവാദക്കുറ്റം ആരോപിച്ച് സൗദി അറേബ്യ പിടികൂടിയ മൂന്ന് മതപണ്ഡിതരുടെ വധശിക്ഷ റമദാന്‍ മാസത്തിനു ശേഷം നടപ്പാക്കുമെന്ന് റിപോര്‍ട്ട്. ഷെയ്ഖ് സല്‍മാന്‍ അല്‍ ഔദ, ആവാദ് അല്‍ഖര്‍നി, അലി അല്‍ ഉമരി എന്നിവരെയാണ് തൂക്കിലേറ്റുകയെന്നു സര്‍ക്കാര്‍ വൃത്തങ്ങളെയും ബന്ധുക്കളെയും ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തത്. ഭീകരവാദക്കുറ്റം ആരോപിച്ച് റിയാദില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്. എന്നാല്‍ റിപോര്‍ട്ട് സംബന്ധിച്ച് സൗദിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. അല്‍ ഔദ അന്താരാഷ്ട്ര തലത്തില്‍ തന്നെ അറിയപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതനാണ്. അല്‍ ഖര്‍നി പ്രാസംഗികനും അക്കാദമിസ്റ്റും എഴുത്തുകാരനുമാണ്. അല്‍ ഉമരിയുടെ ടെലിവിഷന്‍ പരിപാടികള്‍ ഏറെ ജനപ്രിയമായിരുന്നു. ശിക്ഷ വിധിച്ചതോടെ ഇവരുടെ വധശിക്ഷ നടപ്പാക്കാതിരിക്കില്ലെന്നു പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇവരുടെ വിചാരണ പ്രഹസനമാണെന്നും വധശിക്ഷ നടപ്പാക്കരുതെന്നും അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദ്ദമുയര്‍ന്നിരുന്നെങ്കിലും ശിക്ഷ നടപ്പാക്കുന്നതില്‍ നിന്നു സൗദി പിന്നോട്ടുപോവില്ലെന്നാണു വിവരം. സൗദിയുടെ നടപടി പൗരന്‍മാരെ ഭീകരരാക്കുമെന്ന് സൗദി പ്രതിപക്ഷ മുഖവും ദീര്‍ഘകാലം യുഎസ് ആസ്ഥാനമായി വിദേശവിഷയങ്ങളില്‍ ഇടപെടുന്നയാളുമായ അലി അല്‍ അഹ്മദ് കുറ്റപ്പെടുത്തി. അതേസമയം, റിപോര്‍ട്ട് അവാസ്തവമാണെന്നു സൗദിയിലെ ലണ്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ എഎല്‍ക്യുഎസ്എടി സ്ഥാപകന്‍ യഹ്‌യ അസീറി ട്വിറ്ററില്‍ കുറിച്ചു.

2017 സെപ്തംബറിലാണ് മൂവരെയും റിയാദില്‍ നിന്ന് സൗദി പോലിസ് അറസ്റ്റ് ചെയ്തത്. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനെതിരായ അഴിമതി വിരുദ്ധ പ്രവര്‍ത്തകരില്‍ നിരവധി പേരെയാണ് തീവ്രവാദക്കുറ്റം ആരോപിച്ച് ഭരണകൂടം തടവിലാക്കിയത്. മാത്രമല്ല, തീവ്രവാദ ബന്ധം ആരോപിച്ച് സമൂഹത്തിലെ വിവിധ തുറകളിലുള്ള 37 പേരെ വധശിക്ഷയ്ക്കു വിധേയമാക്കിയതിനെതിരേ ഐക്യരാഷ്ട്രസഭയും ആംനസ്റ്റി ഇന്റര്‍നാഷനലും ശക്തമായി രംഗത്തെത്തിയിരുന്നു. അല്‍ ഔദയ്ക്കു ട്വിറ്ററില്‍ 13 മില്ല്യണ്‍ ഫോളോവര്‍മാരുണ്ട്. സൗദിയും അറബ് രാഷ്ട്രങ്ങളും ഖത്തറിനു മേല്‍ കര-വ്യോമ ഉപരോധം ഏര്‍പ്പെടുത്തിയതിനെതിരേ ഇദ്ദേഹം ശക്തമായി രംഗത്തെത്തിയിരുന്നു. സൗദി നീക്കത്തെ യുഎഇയും ബഹ്‌റയ്‌നും ഈജിപ്തും പിന്തുണച്ചതിനെ ദൈവം അവരുടെ ഹൃദയങ്ങളില്‍ ഐക്യം നല്‍കട്ടെ എന്ന് അറസ്റ്റിലാവുന്നതിനു മുമ്പ് അല്‍ ഔദ ട്വിറ്ററില്‍ കുറിച്ചിരുന്നു. സൗദി അറേബ്യയുടെ ഇത്തരം നടപടികള്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരെ ഭീകരതാകുറ്റം ആരോപിച്ചും സുരക്ഷാ പ്രശ്‌നങ്ങള്‍ പറഞ്ഞും അടിച്ചമര്‍ത്തുകയാണെന്നു നേരത്തേ ഐക്യരാഷ്ട്ര സഭ തന്നെ ആരോപിച്ചിരുന്നു.



Next Story

RELATED STORIES

Share it