ജമാല്‍ ഖഷഗ്ജി വധം: പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമോ

11 പ്രതികളില്‍ അഞ്ചു പേര്‍ക്ക് വധ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂട്ടറും അറ്റോര്‍ണി ജനറലും ആവശ്യപ്പെട്ടതായും വാര്‍ത്താ ഏജന്‍സി അറിയിച്ചു. അഭിഭാഷകരോടൊപ്പമാണ് പ്രതികള്‍ കോടതിയില്‍ ഹാജരായത്.

ജമാല്‍ ഖഷഗ്ജി വധം:  പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമോ

റിയാദ്: വിമത സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയെ കൊലപ്പെടുത്തിയ കേസില്‍ 11 പ്രതികളുടെ വിചാരണ സൗദി തലസ്ഥാനായ റിയാദില്‍ ആരംഭിച്ചതായി സൗദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. 11 പ്രതികളില്‍ അഞ്ചു പേര്‍ക്ക് വധ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂട്ടറും അറ്റോര്‍ണി ജനറലും ആവശ്യപ്പെട്ടതായും വാര്‍ത്താ ഏജന്‍സി അറിയിച്ചു. അഭിഭാഷകരോടൊപ്പമാണ് പ്രതികള്‍ കോടതിയില്‍ ഹാജരായത്. കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ശേഖരിച്ച തെളിവുകള്‍ കൈമാറമെന്ന് പ്രോസിക്യൂട്ടര്‍ തുര്‍ക്കിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

യുഎസില്‍ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്ന ജമാല്‍ ഖഷഗ്ജിയുടെ കൊലപാതകം സൗദിയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഉലച്ചിരുന്നു. ഒക്ടോബര്‍ രണ്ടിന് വിവാഹ രേഖകള്‍ക്കായി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലെത്തിയ ഖഷഗ്ജിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയായിരുന്നു.

ആഴ്ചകള്‍ നീണ്ട ആരോപണ പ്രത്യാരോപണങ്ങള്‍ക്കു ശേഷമാണ് ഖഷഗ്ജി കൊല്ലപ്പെട്ടതായി സൗദി സമ്മതിച്ചത്. സൗദിയുടെ കില്ലര്‍ സംഘം ഖഷഗ്ജിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ തുര്‍ക്കി വ്യക്തമാക്കിയിരുന്നു. പ്രതികളെ വിചാരണക്കായി കൈമാറണമെന്നും തുര്‍ക്കി സൗദിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൗദി ഇക്കാര്യം തള്ളുകയായിരുന്നു.

ഖഷോഗിയുടെ തിരോധാനത്തിനു പിന്നില്‍ സൗദിയാണെന്നു തുടക്കം മുതല്‍ വിമര്‍ശനമുണ്ടായെങ്കിലും എല്ലാ ആരോപണങ്ങളും സൗദി നിഷേധിച്ചു. നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്നു തുര്‍ക്കി പോലിസ് വ്യക്തമാക്കിതോടെ അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍നിന്നു കടുത്ത സമ്മര്‍ദമാണു സൗദി നേരിട്ടത്.
RELATED STORIES

Share it
Top