Big stories

രണ്ടാം മോദി സര്‍ക്കാരിനു 100 നാള്‍; നിക്ഷേപത്തില്‍ 12.5 ലക്ഷം കോടിയുടെ കുറവ്

ഈ സാമ്പത്തിക വര്‍ഷം മാത്രം കേന്ദ്രത്തിന്റെ നികുതി വരുമാനത്തില്‍ 40,000 കോടി രൂപ കുറയുമെന്നു കണക്കുകൂട്ടുന്നത്

രണ്ടാം മോദി സര്‍ക്കാരിനു 100 നാള്‍;   നിക്ഷേപത്തില്‍ 12.5 ലക്ഷം കോടിയുടെ കുറവ്
X

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി 100 ദിവസം പിന്നിടുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുടെ കൂടുതല്‍ ആഴം പുറത്തുവരുന്നു. 100 ദിവസത്തിനിടെ മാത്രം രാജ്യത്തെ വിവിധ മാര്‍ക്കറ്റുകളില്‍ നിക്ഷേപക രംഗത്ത് 12.5 ലക്ഷം കോടി രൂപയുടെ കുറവുണ്ടായെന്നാണു ഏറ്റവും പുതിയ റിപോര്‍ട്ടിലുള്ളത്. നരേന്ദ്രമോദി രണ്ടാമതും ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മെയ് 30 മുതല്‍ സപ്തംബര്‍ 9 വരെയുള്ള കണക്കുകളാണിത്. രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേന്ന്, അതായത് 2019 മെയ് 29ന് 1,53,62,936.40 കോടി രൂപയാണ് നിക്ഷേപക മേഖലയിലുണ്ടായിരുന്നത്. എന്നാല്‍ ഇന്നലത്തെ കണക്കനുസരിച്ച് ഇത് 1,41,15,316.39 കോടി രൂപയായി കുറഞ്ഞു. നാഷനല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററി ലിമിറ്റഡിന്റെ കണക്കനുസരിച്ച് 28,260.50 കോടി രൂപയുടെ ഓഹരിയാണ് 100 ദിവസത്തിനുള്ളില്‍ വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്. സാമ്പത്തിക രംഗത്തെ മാന്ദ്യതയാണ് വിദേശ ഫണ്ട് കുറയാനും കുത്തകകളുടെ ലാഭം ദുര്‍ബലമാവാനും കാരണമെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വന്‍ തകര്‍ച്ചയിലേക്കു നീങ്ങുകയാണെന്ന റിപോര്‍ട്ടുകള്‍ ഈയിടെ പുറത്തുവന്നിരുന്നു. വാഹന വിപണിയില്‍ ചരിത്രത്തിലില്ലാത്ത വിധം തിരിച്ചടികളും തൊഴില്‍ നഷ്ടവും ഏറിവരികയാണ്. വന്‍കിട വാഹന നിര്‍മാതാക്കള്‍ പ്ലാന്റുകള്‍ അടച്ചിടുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. ഇതിനിടെയാണ് നിക്ഷേപത്തിലെ ഇടിവും പുറത്തുവരുന്നത്. ഇതേനില തുടരുകയാണെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം മാത്രം കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തില്‍ 40,000 കോടി രൂപ കുറവുണ്ടാവുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന്റെ ജിഎസ്ടി വരുമാനത്തെ സാരനമായി ബാധിക്കുമെന്നാണു വിലയിരുത്തല്‍. സാമ്പത്തിക മാന്ദ്യം വ്യവസായ മേഖലയെ ആഴത്തില്‍ ബാധിച്ചതാണ് വരുമാനം കുറയാന്‍ കാരണം. നടപ്പ് സാമ്പത്തിക വര്‍ഷം ജിഎസ്ടി വരുമാനത്തില്‍ 10 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ട കേന്ദ്രസര്‍ക്കാരിന് ആദ്യ അഞ്ചുമാസങ്ങളില്‍ 6.4 ശതമാനം വളര്‍ച്ച മാത്രമേ നേടാനായിട്ടുള്ളൂ. ഏപ്രില്‍ മാസം മാത്രാണ് അല്‍പം ആശ്വാസമായത്. ജിഎസ്ടി വഴി ഒരു ലക്ഷം കോടി രൂപയാണ് ഏപ്രിലില്‍ നേടാനായത്. മെയ്, ജൂണ്‍, ജൂലൈ, ആഗസ്ത് തുടങ്ങിയ മാസങ്ങളിലെല്ലാം കുറഞ്ഞുവരികയാണ്. ഇത്തരത്തില്‍ കണക്കുകൂട്ടുമ്പോഴാണ് ഈ സാമ്പത്തിക വര്‍ഷം മാത്രം കേന്ദ്രത്തിന്റെ നികുതി വരുമാനത്തില്‍ 40,000 കോടി രൂപ കുറയുമെന്നു കണക്കുകൂട്ടുന്നത്.



Next Story

RELATED STORIES

Share it