Big stories

രാമക്ഷേത്ര പ്രതിഷ്ഠ: കോണ്‍ഗ്രസ് സ്വതന്ത്ര തീരുമാനമെടുക്കട്ടെയെന്ന് മുസ് ലിംലീഗ്

രാമക്ഷേത്ര പ്രതിഷ്ഠ: കോണ്‍ഗ്രസ് സ്വതന്ത്ര തീരുമാനമെടുക്കട്ടെയെന്ന് മുസ് ലിംലീഗ്
X

കോഴിക്കോട്: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ് സ്വതന്ത്ര തീരുമാനമെടുക്കട്ടെയെന്ന് മുസ് ലിം ലീഗ് രാഷ്ട്രീയ കാര്യ സമിതി യോഗം വിലയിരുത്തി. കോണ്‍ഗ്രസ് അവരുടേതായ തീരുമാനം എടുക്കട്ടേയെന്ന യോഗശേഷം പി കെ കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോടതി വിധി വന്ന ശേഷം പാര്‍ട്ടിയുടെ അഭിപ്രായങ്ങള്‍ നേരത്തേ പറഞ്ഞതാണ്. ഇപ്പോള്‍ കേവലം ഒരു ആരാധന തുടങ്ങുന്നതല്ല. രാഷ്ട്രീയ ഉദ്ഘാടനം ആക്കുന്ന തരത്തിലാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി ഇതിനെ കൊണ്ടുപോവുന്നത്. പ്രധാനമന്ത്രിയും മറ്റും നടത്തുന്നത് രാഷ്ട്രീയപ്രചാരണമാണ്. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ളതാണ്. ഹൈന്ദവ സമുദായത്തിന്റെ വിശ്വാസത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയുമൊക്കെ ലീഗ് അങ്ങേയറ്റം ബഹുമാനിക്കുന്നു. അതുസംബന്ധിച്ച് അഭിപ്രായം പറയുന്ന പ്രശ്‌നമില്ല. ഉദ്ഘാടനച്ചടങ്ങ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. കേവലം രാഷ്ട്രീയമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. അത് ഓരോ രാഷ്ട്രീയപ്പാര്‍ട്ടികളും തിരിച്ചറിയണം. മതേതര പാര്‍ട്ടികളൊക്കെ അത് ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്. അതിലപ്പുറം ഈ വിഷയം സംബന്ധിച്ച് കാര്യമായി ഈ ഘട്ടത്തില്‍ പറയുന്നില്ല. കാരണം ഓരോ പാര്‍ട്ടിയും എടുക്കേണ്ട തീരുമാനത്തെ കുറിച്ച് ഞങ്ങള്‍ പറയില്ല. കോണ്‍ഗ്രസിന് തീരുമാനമെടുക്കാനുള്ള നേതൃത്വമുണ്ട്. അതിന്റേതായ പ്രശ്‌നങ്ങളും കാര്യങ്ങളും ദേശീയതലത്തില്‍ അവര്‍ക്ക് വിലയിരുത്തേണ്ടി വരും. അവര്‍ അവരുടെ സ്വതന്ത്രമായ തീരുമാനമെടുക്കട്ടെ. പക്ഷേ, ബിജെപിയുടെ രാഷ്ട്രീയമുതലെടുപ്പ് ശ്രമം അനുവദിക്കരുത്. ആരാധനാ വിഷയം രാഷ്ട്രീയവല്‍ക്കരിച്ച് തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് എല്ലാവരും തിരിച്ചറിയും. തിരിച്ചറിയണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് പ്രതിസന്ധിയിലാണെന്നും പങ്കെടുക്കേണ്ടതില്ല എന്നും അഭിപ്രായമുണ്ടോയെന്ന ചോദ്യത്തിന് അതില്‍ ഞങ്ങള്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നാണ് യോഗത്തിലെ വിലയിരുത്തലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. കോണ്‍ഗ്രസ് അതിന്റേതായ സെറ്റപ്പുണ്ട്. നേതൃത്വമുണ്ട്. അവരുടെ മുന്നില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അവര്‍ സ്വതന്ത്രമായി തീരുമാനമെടുക്കട്ടെ. കോണ്‍ഗ്രസ് മാത്രമല്ല, ഓരോ പാര്‍ട്ടിയും സ്വതന്ത്രമായി തീരുമാനമെടുക്കട്ടെ. ഇന്‍ഡ്യാ മുന്നണിയിലെ പാര്‍ട്ടികളെല്ലാം തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിഷയം വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് എനിക്ക് തോന്നുന്നതെന്ന് മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആരാധനാലയങ്ങള്‍ എല്ലാവിഭാഗത്തിനും സുപ്രധാനമാണ്. ആ നിലയ്ക്ക് വിശ്വാസികള്‍ക്കൊപ്പമാണ് മുസ് ലിം ലീഗ്. വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള തീരുമാനത്തോട് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎഎം സലാം, എംപി അബ്ദുസ്സമദ് സമദാനി പങ്കെടുത്തു.

Next Story

RELATED STORIES

Share it