Big stories

രാമക്ഷേത്ര നിര്‍മാണം: പണപ്പിരിവ് അവസാനിച്ചു; കേരളത്തില്‍ നിന്ന് പിരിച്ചെടുത്തത് 13 കോടി രൂപ

രാമക്ഷേത്രത്തിനുള്ള പണപ്പിരിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ കലാപങ്ങളും അരങ്ങേറി. മുസ് ലിംകള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ ആക്രമണം നടന്നു. പണപ്പിരിവിന്റെ പേരില്‍ വര്‍ഗീയ കലാപത്തിനാണ് സംഘപരിവാരം കോപ്പുകൂട്ടുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നു.

രാമക്ഷേത്ര നിര്‍മാണം: പണപ്പിരിവ് അവസാനിച്ചു;  കേരളത്തില്‍ നിന്ന് പിരിച്ചെടുത്തത് 13 കോടി രൂപ
X

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിന് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പണപ്പിരിവ് അവസാനിച്ചു. ക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി രാജ്യത്ത് നിന്ന് ആകെ ലഭിച്ച സംഭാവന 2500 കോടി രൂപയാണ്. ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് രാജസ്ഥാനില്‍ നിന്നാണ്. കേരളത്തില്‍ നിന്ന് 13 കോടിയും തമിഴ്‌നാട്ടില്‍ നിന്ന് 85 കോടി രൂപയും പിരിച്ചെടുത്തു.

45 ദിവസം നീണ്ടു നിന്ന പണപ്പിരിവിന്റെ ഭാഗമായി 10 കോടി വീടുകളിലും നാല് ലക്ഷം ഗ്രാമങ്ങളിലും വളണ്ടിയര്‍മാര്‍ എത്തിയതായി രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് ചെയര്‍മാന്‍ അറിയിച്ചു. ഒമ്പത് ലക്ഷം വളണ്ടിയര്‍മാരാണ് പണപ്പിരിന്റെ ഭാഗമായത്.

10, 100, 1000 രൂപയുടെ കൂപ്പണുകളാണ് ഫണ്ട് കളക്ഷന് വേണ്ടി തയ്യാറാക്കിയത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ദിഗ്‌വിജയ് സിങ്, അപര്‍ണ യാദവ് ഉള്‍പ്പടെ നിരവധി പ്രമുഖര്‍ രാമക്ഷേത്ര ഫണ്ട് കളക്ഷന്റെ ഭാഗമായി.

മാര്‍ച്ച് നാല് വരെ ലഭിച്ച കണക്കുകളാണ് ശ്രീരാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. അന്തിമ കണക്കെടുപ്പില്‍ ഈ തുക വര്‍ധിച്ചേക്കാമെന്നും ട്രസ്റ്റ് വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ആരെന്നോ, ആ തുക എത്രയാണെന്നോ വ്യക്തമാക്കാന്‍ ട്രസ്റ്റ് തയ്യാറായിട്ടില്ല. ജനുവരി 15 മുതല്‍ ഫെബ്രുവരി 27 വരെയായിരുന്നു ക്ഷേത്ര നിര്‍മാണത്തിന് സംഭാവന സ്വീകരിച്ചത്.

പ്രധാന ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് മാത്രമായി 400 കോടി ചെലവ് വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഈ തുക ഉയരും എന്നാണ് ഇപ്പോഴത്തെ കണക്ക് കൂട്ടല്‍.

മൂന്ന് വര്‍ഷം കൊണ്ട് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് അറിയിച്ചത്.

രാമക്ഷേത്രത്തിനുള്ള പണപ്പിരിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ കലാപങ്ങളും അരങ്ങേറി. മുസ് ലിംകള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ ആക്രമണം നടന്നു. പണപ്പിരിവിന്റെ പേരില്‍ വര്‍ഗീയ കലാപത്തിനാണ് സംഘപരിവാരം കോപ്പുകൂട്ടുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നു. കര്‍ണാടകയില്‍ രാമക്ഷേത്രത്തിനായി പണം നല്‍കാത്തവരുടെ വീടുകള്‍ പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി ആരോപിച്ചു.

Next Story

RELATED STORIES

Share it