Big stories

കുപ്പുദേവരാജിന്റെ മൃതദേഹം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധക്കേസ്: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ റിമാന്റ് ചെയ്തു

കുപ്പുദേവരാജിന്റെ മൃതദേഹം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധക്കേസ്: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ റിമാന്റ് ചെയ്തു
X

കോഴിക്കോട്: നിലമ്പൂരിലെ കരുളായി വനത്തില്‍ മാവോവാദികളെന്ന് ആരോപിച്ച് വെടിവച്ചു കൊന്ന കുപ്പു ദേവരാജിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് പ്രതിഷേധിച്ചെന്ന കേസില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍(എസ് ഡിടിയു) സംസ്ഥാന പ്രസിഡന്റുമായ എ വാസു എന്ന ഗ്രോ വാസുവിനെ റിമാന്റ് ചെയ്തു. 2016 ഡിസംബര്‍ 9നാണ് കേസിനാസ്പദമായ സംഭവം. മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു മുന്നില്‍ സംഘം ചേരുകയും മാര്‍ഗതടസ്സം സൃഷ്ടിക്കുകയും ചെയ്‌തെന്നാരോപിച്ചാണ് ഗ്രോ വാസു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസ് കേസെടുത്തിരുന്നത്. ഇരുവരുടെയും മൃതദേഹം കാണാന്‍ അനുവദിക്കണമെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആവശ്യം നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണം. രക്തബന്ധമുള്ളവരെ മാത്രമേ മൃതദേഹം കാണാന്‍ അനുവദിക്കൂവെന്നായിരുന്നു പോലിസ് നിലപാട്. ഇതില്‍ പ്രതിഷേധിച്ച് മുദ്രാവാക്യം മുഴക്കിവരെ പോലിസ് അറസ്റ്റു ചെയ്ത് നീക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തിരുന്ന പോലിസ് സമന്‍സ് അയച്ചിരുന്നെങ്കിലും ഹാജരാവാനോ ജാമ്യമെടുക്കാനോ പിഴയടയ്ക്കാനോ 95കാരനായ എ വാസു തയ്യാറായിരുന്നില്ല. ന്യായമായ പ്രതിഷേധമാണ് നടത്തിയതെന്നും കേസെടുക്കാന്‍ അവകാശമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. തുടര്‍ന്ന് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വാറണ്ട് അയച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ പൊറ്റമ്മലിലെ താമസസ്ഥലത്തു നിന്നാണാണ് ഇദ്ദേഹത്തെ പോലിസ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയപ്പോഴും തന്റെ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. താങ്കള്‍ കുറ്റം ചെയ്തിട്ടുണ്ടോ എന്ന മജിസ്‌ട്രേറ്റ് അബ്ദുല്‍ സത്താറിന്റെ ചോദ്യത്തിന് താന്‍ ചെയ്തത് കുറ്റമായി കാണുന്നില്ലെന്നും പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഗ്രോ വാസുവിന്റെ മറുപടി. ഇതേത്തുടര്‍ന്ന് മജിസ്‌ട്രേറ്റ് സ്വമേധയാ ജാമ്യം അനുവദിച്ചെങ്കിലും ഗ്രോ വാസു നിരസിക്കുകയായിരുന്നു. എട്ടുപേരെ വെടിവച്ചു കൊന്നപ്പോള്‍ കോടതി ഒന്നും പറയുന്നില്ലെന്നും അനുശോചിച്ചവര്‍ക്കെതിരേയാണ് കേസെടുത്തതെന്നും ഇത്തരം സംഭവങ്ങള്‍ ഇനിയുമുണ്ടായാല്‍ ഇതേ വിധത്തില്‍ അനുശോചിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ സി ഐ ബെന്നി ലാലുവും അഭിഭാഷകരും പൊതുപ്രവര്‍ത്തകരും ഗ്രോ വാസുവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ജില്ലാ ജയിലില്‍ റിമാന്റ് ചെയ്യുകയായിരുന്നു. നിലമ്പൂര്‍ കരുളായി വനത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടലിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്) നേതാക്കളായ കുപ്പു ദേവരാജ്, അജിത തുടങ്ങിയവരെ വെടിവച്ചുകൊന്നത്. കുപ്പുദേവ രാജിന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ സഹോദരന്‍ ശ്രീധരനെ മഫ്തിയിലെത്തിയ അസി. പോലിസ് കമ്മിഷണര്‍ പ്രേംദാസ് കൈയേറ്റം ചെയ്തത് അന്ന് വലിയ വിവാദമായിരുന്നു. വകുപ്പുതല അന്വേഷണം നടത്തിയ അസി. പോലിസ് കമ്മിഷണര്‍ പ്രേംദാസിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് വിവരാവകാശ പ്രവര്‍ത്തകനായ മനോജ് കേദാരം ഡിജിപിക്കും മനുഷ്യാവകാശ പ്രവര്‍ത്തകനായ എ വാസു പോലിസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടിരുന്നു.

Next Story

RELATED STORIES

Share it