Big stories

ശമ്പളം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍; രണ്ടുവര്‍ഷത്തേക്ക് എംപി ഫണ്ടില്ല

ശമ്പളം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍; രണ്ടുവര്‍ഷത്തേക്ക് എംപി ഫണ്ടില്ല
X

ന്യൂഡല്‍ഹി: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്നിരിക്കെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയവരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ഈ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ 2 വര്‍ഷത്തേക്കാണ് വെട്ടിക്കുറയ്ക്കുക. ഇത്തരത്തില്‍ സ്വരൂപിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണു തീരുമാനം. പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കാനായി ഓര്‍ഡിനന്‍സ് പാസ്സാക്കാനാണു കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. 2 വര്‍ഷത്തേക്ക് എംപി ഫണ്ട് ഉണ്ടാവില്ല. ഇതുവഴി 7900 കോടി സമാഹരിക്കാനാണു ലക്ഷ്യമിടുന്നത്.

കൊറോണ വൈറസ് ബാധ സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാക്കിയേക്കാവുന്ന മാന്ദ്യം കണക്കിലെടുത്താണ് കടുത്ത തീരുമാനമെടുക്കുന്നതെന്നാണു സൂചന. അതേസമയം, 30 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കാന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു, എല്ലാ സംസ്ഥാന ഗവര്‍ണര്‍മാരും സ്വമേധയാ തീരുമാനിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ യോഗത്തില്‍ കൊറോണ വൈറസ് പ്രതിസന്ധി ആരംഭിച്ചതു മുതലുള്ള എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാനുള്ള നീക്കത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.

പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രമന്ത്രിസഭാ യോഗം നടന്നത്. നീണ്ട പോരാട്ടത്തിന് തയ്യാറാവണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. 'ഇതൊരു നീണ്ട യാത്രയായിരിക്കും, നാം തളരേണ്ടതില്ല, ഈ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ വിജയികളാവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം'. പാര്‍ട്ടിയുടെ 40ാം രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, ലോക്ക് ഡൗണ്‍ എപ്പോള്‍ നീക്കംചെയ്യുമെന്ന ചോദ്യത്തിന് 'ഞങ്ങള്‍ ഓരോ നിമിഷവും ലോകസാഹചര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു തീരുമാനം എടുക്കും. ഇക്കാര്യത്തില്‍ ശരിയായ തീരുമാനം കൃത്യ സമയത്ത് പ്രഖ്യാപിക്കും. അതിനു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നുമായിരുന്നു ജാവദേക്കറുടെ മറുപടി.

ലോക്ക് ഡൗണ്‍ ഘട്ടംഘട്ടമായി എടുത്തുകളയുന്നതിനെ കുറിച്ച് സര്‍ക്കാര്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളായ സോണിയ ഗാന്ധി, രണ്ട് മുന്‍ രാഷ്ട്രപതിമാര്‍, മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, എച്ച്ഡി ദേവേഗൗഡ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.




Next Story

RELATED STORIES

Share it