Big stories

കോടതിയലക്ഷ്യക്കേസ്: പ്രശാന്ത് ഭൂഷന്‍ കുറ്റക്കാരനെന്ന് സുപ്രിം കോടതി

ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന മൂന്ന് അംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.

കോടതിയലക്ഷ്യക്കേസ്: പ്രശാന്ത് ഭൂഷന്‍ കുറ്റക്കാരനെന്ന് സുപ്രിം കോടതി
X

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ പ്രശാന്ത് ഭൂഷന്‍ കുറ്റക്കാരനെന്ന് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെക്കെതിരെയും മുന്‍ ചീഫ് ജസ്റ്റിസുമാര്‍ക്കെതിരെയും പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിലൂടെ നടത്തിയ പരാമര്‍ശത്തിലാണ് കോടതിയുടെ കണ്ടെത്തല്‍. കേസില്‍ ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായി ആഗസ്ത് 20 ന് സുപ്രിം കോടതി വാദം കേള്‍ക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന മൂന്ന് അംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.

പ്രശാന്ത് ഭൂഷന്റെ രണ്ട് ട്വീറ്റുകളാണ് കോടതി കേസിന് ആധാരമായി എടുത്തത്. ആദ്യത്തേത് ജൂണ്‍ 27 ന് സുപ്രിം കോടതിയെക്കുറിച്ചും ജൂണ്‍ 29 ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയെക്കുറിച്ചും പ്രശാന്ത് ഭൂഷണ്‍ നടത്തിയ ട്വീറ്റുകള്‍. ഇതിനെതിരെ ജൂലൈ 22 നാണ് സുപ്രീംകോടതി പ്രശാന്ത് ഭൂഷന് നോട്ടീസ് നല്‍കിയത്. ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പ്രശാന്ത് ഭൂഷനെതിരേ കോടതിയലക്ഷ്യം ആരോപിച്ചുകൊണ്ട് നോട്ടിസ് അയച്ചത്. പ്രശാന്ത് ഭൂഷനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രണ്ട് പരാതികളും സുപ്രിം കോടതിയില്‍ ലഭിച്ചിരുന്നു. ട്വീറ്റ് വഴി പ്രശാന്ത് ഭൂഷന്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് നോട്ടിസില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് ഒരു മാസ്‌ക് പോലും ധരിക്കാതെ ഒരു മോട്ടോര്‍സൈക്കളിലില്‍ ഇരിക്കുന്ന ഫോട്ടോ സാമൂഹികമാധ്യമങ്ങള്‍ വഴി പുറത്തുവന്നിരുന്നു. ചിത്രം പോസ്റ്റ് ചെയ്ത് ട്വിറ്ററില്‍ നടത്തിയ പരാമര്‍ശത്തിനാണ് ഭൂഷനെതിരെ സുപ്രിംകോടതി സ്വമേധയാ കേസെടുത്തത്.

പ്രശാന്ത് ഭൂഷണ്‍ മറ്റൊരു കോടതിയലക്ഷ്യ കേസും നേരിടുന്നുണ്ട്. 2009 ല്‍ തെഹല്‍ക്ക മാഗസിന് നല്‍കിയ അഭിമുഖത്തില്‍ 16 മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ എട്ട് പേരും അഴിമതിക്കാരാണെന്ന് പ്രശാന്ത് ഭൂഷന്‍ നടത്തിയ പരാമര്‍ശമാണ് കേസിന് അടിസ്ഥാനം. കഴിഞ്ഞ ആഴ്ച്ച കോടതി കേസ് പരിഗണിച്ചപ്പോള്‍ പ്രശാന്ത് ഭൂഷണ്‍ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. 'ഞാന്‍ പറഞ്ഞത് അവരില്‍ ആരെയെങ്കിലും (ചീഫ് ജസ്റ്റിസുമാരെ) അല്ലെങ്കില്‍ അവരുടെ കുടുംബത്തെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചുവെങ്കില്‍ ഞാന്‍ ഖേദിക്കുന്നു'. അഴിമതി എന്ന വാക്ക് വിശാലമായ അര്‍ത്ഥത്തിലാണ് ഉപയോഗിച്ചത്. 'സാമ്പത്തിക അഴിമതിയോ ധനപരമായ നേട്ടമോ മാത്രമല്ല ഉദ്ദേശിച്ചത്', പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. എന്നാല്‍ പ്രശാന്ത് ഭൂഷന്റെ വിശദീകരണവും ഖേദപ്രകടനവും അംഗീകരിക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. എന്നാല്‍ തന്റെ അഭിപ്രായസ്വാതന്ത്ര്യം വിനിയോഗിക്കുകയാണെന്നും കോടതിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അഭിപ്രായം പറയുകയാണെന്നും ഭൂഷണ്‍ പറഞ്ഞിരുന്നു. കോടതിയെ അപകീര്‍ത്തലാവില്ലെന്ന് സത്യവാങ് മൂലത്തില്‍ പ്രശാന്ത് ഭൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍ കേസില്‍ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കുകയായിരുന്നു.


Next Story

RELATED STORIES

Share it