Big stories

ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി പോപുലര്‍ ഫ്രണ്ട് ഓണ്‍ലൈന്‍ സമ്മേളനം; പങ്കാളികളായത് ലക്ഷത്തിലേറെ പേര്‍

ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി പോപുലര്‍ ഫ്രണ്ട് ഓണ്‍ലൈന്‍ സമ്മേളനം; പങ്കാളികളായത് ലക്ഷത്തിലേറെ പേര്‍
X

ന്യൂഡല്‍ഹി: ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തിനും കടന്നാക്രമണങ്ങള്‍ക്കുമെതിരേ ഫലസ്തീനികള്‍ നടത്തുന്ന ചെറുത്തുനില്‍പ്പിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര ഓണ്‍ലൈന്‍ സമ്മേളനം ശ്രദ്ധേയമായി. ഫലസ്തീന്‍: നീതിക്കും സമാധാനത്തിനുമുള്ള വഴി എന്ന പ്രമേയത്തില്‍ ഞായറാഴ്ച രാത്രി ഏഴിനും ഒമ്പതിനും ഇടയിലാണ് ഫലസ്തീനിലെ ഉള്‍പ്പെടെ പ്രമുഖരെ പങ്കെടുപ്പിച്ച് വെബിനാര്‍ സംഘടിപ്പിച്ചത്. ലക്ഷത്തിലേറെ പേരാണ് സമ്മേളനം ഓണ്‍ലൈനില്‍ വീക്ഷിച്ചത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് സ്വാഗതം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം ഉദ്ഘാടനം ചെയ്തു. ഇന്ത്യയ്ക്ക് ഫലസ്തീനുമായി അഭേദ്യമായ ബന്ധമാണുള്ളതെന്നും രാഷ്ട്രപിതാവ് ഗാന്ധിജി തന്നെ ഇക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയതാണെന്നും ഒ എം എ സലാം പറഞ്ഞു. ഫലസ്തീനിനെ വിഭജിക്കാനുള്ള തീരുമാനത്തിന് ഗാന്ധിജിയും ഇന്ത്യന്‍ ജനതയും എതിരായിരുന്നു. മുസ് ലിംകളുടെ വിശാസത്തില്‍ പ്രമുഖ സ്ഥാനമുള്ള സ്ഥലമാണ് മസ്ജിദുല്‍ അഖ്‌സ. വിശുദ്ധ മാസത്തില്‍ പോലും തുടരുന്ന ഇസ്രായേല്‍ ആക്രമണങ്ങളെ ശക്തമാതി അപലപിക്കുന്നു. ദൈവേച്ഛയുണ്ടെങ്കില്‍ അല്‍ഖുദ്‌സ് ഫലസ്തീനികള്‍ മോചിപ്പിക്കുക തന്നെ ചെയ്യും. സ്വന്തം വാസസ്ഥലവും ആരാധനാലയങ്ങളും സംരക്ഷിക്കുക എന്നത് ഫലസ്തീനികളുടെ ധാര്‍മികവും സാമൂഹികവുമായ ബാധ്യതയാണെന്നിരിക്കെ അധിനിവേശ ശക്തികള്‍ക്കെതിരായ പോരാട്ടത്തെ എല്ലാവരും പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വേദികളില്‍ ഫലസ്തീനെ പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഫലസ്തീന്‍ ജനതയ്ക്ക് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എല്ലാവിധ ഐക്യദാര്‍ഢ്യവും അര്‍പ്പിക്കുന്നു. ഫലസ്തീന്‍ ജനത പ്രത്യേകിച്ച് ഗസ എന്ന ചെറുസമൂഹം, അതിക്രൂരവും സര്‍വായുധ സജ്ജരുമായ ഇസ്രായേലിനെതിരേ നടത്തുന്ന ചെറുത്തുനില്‍പ്പിനെ അഭിനന്ദിക്കുകയാണ്. ലോകത്താകമാനം ഫാഷിസം ഭീഷണിയുയര്‍ത്തുകയാണ്. ഫലസ്തീനില്‍ സയണിസമാണെങ്കില്‍ ഇന്ത്യയില്‍ ഹിന്ദുത്വ ഫാഷിസമാണ് ജനാധിപത്യത്തെയും മതേതരത്വത്തെയും വെല്ലുവിളിക്കുന്നതെന്നും ഒ എം എ സലാം പറഞ്ഞു.

വര്‍ത്തമാന കാല പ്രതിസന്ധികളെ ഫലസ്തീനികള്‍ നേരിടുന്നത് എന്ന വിഷയത്തില്‍ ഇസ്താംബുള്‍ സബാട്ടിന്‍ സെയിന്‍ യൂനിവേഴ്‌സിറ്റി പബ്ലിക് അഫയേഴ്‌സ് പ്രഫസറും സിഐജിഎ ഡയറക്ടറുമായ ഡോ. സമി അല്‍ അരിയന്‍ സംസാരിച്ചു. ഇറബ്-ഇസ്രായേല്‍ നയതന്ത്ര ബന്ധത്തിലെ ഉദാരനയം ഫലസ്തീന്‍ വിഷയത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് ഗസ ഇസ് ലാമിക് സര്‍വകലാശാല ഭാഷാവിഭാഗം അസി. പ്രഫ. ഡോ. മൊഷീര്‍ എ അമീര്‍ വിശദീകരിച്ചു. ഫലസ്തീന്‍ വിഷയം പൊതുസമൂഹത്തിലുണ്ടാക്കിയ മാറ്റത്തെ കുറിച്ച് ഗസ റൈറ്റ്‌സ് ബാക്ക് എഡിറ്ററും അക്കാദമീഷ്യനുമായ റഫാത് അല്‍അരീറും ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് ഫലസ്തീന്‍ നല്‍കുന്ന പാഠം എന്ന വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍സിഎച്ച്ആര്‍ഒ) ജനറല്‍ സെക്രട്ടറി പ്രഫ. പി കോയയും വിശദീകരിച്ചു. വനിതാ ആക്റ്റിവിസ്റ്റും ഫ്രണ്ട്‌സ് ഓഫ് ഫലസ്തീന്‍ പിആര്‍ ആന്റ് മീഡിയാ മേധാവിയുമായ ലീനാ സലേഹും പങ്കെടുത്തു.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക യൂട്യൂബ്, ഫേസ് ബുക്ക് അക്കൗണ്ടുകളിലൂടെ നടത്തിയ ഓണ്‍ലൈന്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരുലക്ഷത്തിലേറെ പേരാണ് വീക്ഷിച്ചത്. സമൂഹത്തിന്റെ വിവിധ വിവിധ തുറകളില്‍ നിന്നുള്ള നിരവധി പേര്‍ ഓണ്‍ലൈന്‍ സമ്മേളനത്തിന് ആശംസ പകര്‍ന്ന് രംഗത്തെത്തി. ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തെ കുറിച്ചും ഗസയില്‍ ഉള്‍പ്പെടെ നടക്കുന്ന പോരാട്ടങ്ങളെ കുറിച്ചും പുത്തന്‍ അറിവുകളാണ് വെബിനാര്‍ നല്‍കിയത്. ഗസയിലും ഫലസ്തീനിലുമുള്ളവരെ വെബിനാറില്‍ പങ്കെടുപ്പിച്ചതിനെ പലരും അഭിനന്ദിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സെക്രട്ടറി മുഹമ്മദ് സാഖിഫ് നന്ദി പറഞ്ഞു.

Popular Front Online Conference on Palestinian Solidarity

Next Story

RELATED STORIES

Share it