Top

പോപുലര്‍ ഫ്രണ്ട് ഡേ: ഫെബ്രുവരി 17ന് യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും എറണാകുളത്ത്

ജനാധിപത്യ ഇന്ത്യ ഏഴുപതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍ പറഞ്ഞു

പോപുലര്‍ ഫ്രണ്ട് ഡേ: ഫെബ്രുവരി 17ന് യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും എറണാകുളത്ത്

കൊച്ചി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകദിനമായ ഫെബ്രുവരി 17ന് എറണാകുളത്ത് യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും സംഘടിപ്പിക്കുമെന്ന് സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍,സംസ്ഥാന ഖജാന്‍ജി എം കെ അശ്റഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.2007 ഫെബ്രുവരി 17ന് ബാംഗ്ലൂരില്‍ ചേര്‍ന്ന എംപവര്‍ ഇന്ത്യ കോണ്‍ഫറന്‍സില്‍ വച്ചാണ് കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ സമാന സ്വഭാവമുള്ള സംഘടനകള്‍ ചേര്‍ന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന നവസാമൂഹിക പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായാണ് ഫെബ്രുവരി 17ന് രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിച്ചുവരുന്നതെന്ന് ഇവര്‍ പറഞ്ഞു.സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക എന്ന പ്രമേയത്തെ മുന്‍നിര്‍ത്തിയാണ് ഈവര്‍ഷത്തെ പോപുലര്‍ ഫ്രണ്ട് ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ജനാധിപത്യ ഇന്ത്യ ഏഴുപതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് കെ എച്ച് നാസര്‍ പറഞ്ഞു.രാജ്യത്തിന്റെ ഭരണഘടനാടിത്തറക്ക് നേരെ ഉയര്‍ന്നിരിക്കുന്ന സംഘപരിവാര ഭീഷണിക്കെതിരായ ജനവികാരമാണ് ഇന്ത്യയൊട്ടാകെ അലയടിക്കുന്നത്.


വൈദേശിക അധിനിവേശ ശക്തികള്‍ക്കെതിരേ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ നമ്മുടെ മുന്‍ഗാമികള്‍ നടത്തിയ ചരിത്രപരമായ പോരാട്ടത്തിലൂടെ നേടിയെടുത്ത പൗരസ്വാതന്ത്ര്യങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുത്ത് രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തെ അട്ടിമറിക്കാനും വൈവിധ്യത്തിലധിഷ്ഠിതമായ നമ്മുടെ സാമൂഹ്യഘടനയെ തകിടം മറിക്കാനുമുള്ള ഗൂഢനീക്കമാണ് സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമവും, എന്‍ആര്‍സിയും എന്‍പിആറുമെല്ലാം ഇന്ത്യ എന്ന മഹത്തായ പൗരസമൂഹത്തിനുമേല്‍ അധീശത്വം അടിച്ചേല്‍പ്പിക്കാനുള്ള നിഗൂഢമായ ഹിന്ദുത്വ താല്‍പ്പര്യങ്ങളുടെ ഭാഗമാണ്. അപകടകരമായ ഈ സ്ഥിതിവിശേഷത്തെ അതിജീവിക്കാന്‍ വേണ്ടിയുള്ള ചരിത്രപരമായ ജനമുന്നേറ്റമാണ് ഇന്ന് രാജ്യത്തുടനീളം രൂപപ്പെട്ടുക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ മനുവാദ ഹിന്ദുത്വ രാഷ്ട്രത്തിലേക്ക് പറിച്ചുനടാനുള്ള സംഘപരിവാര താല്‍പര്യങ്ങളെയാണ് ഈ ജനമുന്നേറ്റം അസ്വസ്ഥപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണ്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളെ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താനുള്ള ഉപകരണമാക്കി മാറ്റിയിരിക്കുന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരായ സാമ്പത്തിക ദുരുപയോഗം സംബന്ധിച്ച ആരോപണങ്ങളും അതിന്റെ ചുവടുപിടിച്ചുള്ള അന്വേഷണങ്ങളും ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ്. ഇത്തരം നീക്കങ്ങളെ സംഘടന നിയമപരവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ അതിജീവിക്കുമെന്നും കെ എച്ച് നാസര്‍ വ്യക്തമാക്കി. പോപുലര്‍ ഫ്രണ്ട് ദിനാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി 17ന് രാവിലെ സംസ്ഥാനത്ത് നൂറുകണക്കിന് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. വൈകീട്ട് 4.30ന് എറണാകുളം വഞ്ചി സ്‌ക്വയറില്‍ നിന്നാരംഭിക്കുന്ന യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും കലൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിക്കും. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി(ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), അബ്ദുല്‍ മജീദ് ഫൈസി(എസ്ഡിപിഐ), രവിചന്ദ്രന്‍ ബത്രന്‍ (ദലിത് ആക്ടിവിസ്റ്റ്), ടി ആദില (നിയമവിദ്യാര്‍ഥിനി, നോയിഡ), എന്‍ കെ അലി(മെക്ക), സി പി മുഹമ്മദ് ബഷീര്‍ (പോപുലര്‍ ഫ്രണ്ട്), ടി അബ്ദുറഹ്മാന്‍ ബാഖവി(ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍), കവിത നിസാര്‍(എന്‍ഡബ്ല്യുഎഫ്), സി പി അജ്മല്‍(കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ) പങ്കെടുക്കും. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയംഗം എസ് നിസാറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it