Big stories

ആര്‍എസ്എസ്സിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കേസെടുത്തത് 90 ഓളം പേര്‍ക്കെതിരേ, സംസ്ഥാനത്ത് പോലിസ് വേട്ട തുടരുന്നു

ആര്‍എസ്എസ്സിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കേസെടുത്തത് 90 ഓളം പേര്‍ക്കെതിരേ, സംസ്ഥാനത്ത് പോലിസ് വേട്ട തുടരുന്നു
X

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളില്‍ ആര്‍എസ്എസ്സിനെ വിമര്‍ശിച്ച് പോസ്റ്റിടുന്നവര്‍ക്കെതിരായ പോലിസിന്റെ വേട്ടയാടല്‍ തുടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 90 ഓളം പേര്‍ക്കെതിരേയാണ് ഇത്തരത്തില്‍ പോലിസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലിസ് ചിലരെ അറസ്റ്റുചെയ്യുകയും റിമാന്‍ഡിലാക്കുകയും ചെയ്തിട്ടുണ്ട്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടുകളില്‍ റെയ്ഡ് നടത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ പോലിസ് പലരുടെയും ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ആരും പരാതി പോലും നല്‍കാതെ പോലിസ് സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

പോലിസില്‍ ആര്‍എസ്എസ്സിന്റെ സ്വാധീനം വര്‍ധിച്ചുവരികയാണെന്ന വിമര്‍ശനത്തെ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ നടപടികള്‍. പോലിസ് സൈബര്‍ സെല്‍ നേരിട്ട് ആര്‍എസ്എസ് വിരുദ്ധ പോസ്റ്റുകള്‍ കണ്ടെത്തി കേസെടുക്കാന്‍ ബന്ധപ്പെട്ട പോലിസ് സ്‌റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കുകയാണ് ചെയ്തുവരുന്നത്. ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി തീവ്രപ്രസംഗങ്ങള്‍ നടത്തി യുവാക്കളെ വാളെടുക്കാന്‍ പ്രേരിപ്പിക്കുന്നവനാണെന്ന തരത്തില്‍ പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിലാണ് കണ്ണൂര്‍ ഇരിട്ടി പോലിസ് സ്‌റ്റേഷനില്‍ പുന്നാട് സ്വദേശി ഫയാസിനെതിരേ കേസെടുത്തിരിക്കുന്നത്.

ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് പോസ്റ്റിട്ടതെന്നും എഫ്‌ഐആറില്‍ പറയുന്നു. വല്‍സന്‍ തില്ലങ്കേരിയുടെ പ്രകോപനപരമായ പ്രസംഗം ഷെയര്‍ ചെയ്ത് എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് വിമര്‍ശിച്ചവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ വല്‍സന്‍ തില്ലങ്കേരി ആലപ്പുഴയില്‍ നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് വിദ്യാര്‍ഥി നേതാവായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് രിഫയ്‌ക്കെതിരേ കൂത്തുപറമ്പ് പോലിസ് കേസെടുത്തത്.

തില്ലങ്കേരിയുടെ വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത് പ്രകോപനവും കലാപവുമുണ്ടാക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയെന്നാണ് എഫ്‌ഐആറില്‍ ആരോപിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി പ്രകടനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന വിവരം ഷെയര്‍ ചെയ്തതിന് സോഷ്യല്‍ മീഡിയയല്‍ സജീവമായ യൂനുസ് ഖാനെതിരേയും കേസെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി വര്‍ഗീയ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെയും കരുതലോടെയും പ്രകോപനപരമായ പോസ്റ്റുകളിട്ടു എന്നതിന്റെ പേരിലാണ് കേസെടുത്തതെന്ന് എഫ്‌ഐആറില്‍ പറയുന്നത്.

ആര്‍എസ്എസ്സിനെയും പോലിസിനെയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനാണ് എസ്ഡിപിഐ പ്രവര്‍ത്തകനായ ഇടുക്കി കട്ടപ്പന സ്വദേശി ഉസ്മാന്‍ ഹമീദിനെ പോലിസ് അറസ്റ്റുചെയ്തത്. 153 എ വകുപ്പ് പ്രകാരം ഉസ്മാനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സംസ്ഥാനത്ത് ആര്‍എസ്എസ് 142 കേന്ദ്രങ്ങളില്‍ ആയുധമേന്തി പ്രതിഷേധ പ്രകടനം നടത്താന്‍ സാധ്യതയുണ്ടെന്നും സംഘര്‍ഷത്തിന് കോപ്പുകൂട്ടുന്നുവെന്നും ഇന്റലിജന്‍സ് റിപോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന്റെ മാധ്യമറിപോര്‍ട്ടിന്റെ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തതിന്റെ പേരിലാണ് ഉസ്മാനെ പോലിസ് വേട്ടയാടുന്നത്.

ആര്‍എസ്എസ്സിനെതിരേ വാട്‌സ് ആപ്പ് ചാറ്റുകളില്‍ വിമര്‍ശനമുന്നയിച്ചതിന്റെ പേരില്‍ കാസര്‍കോട് പോലിസ് രണ്ട് കേസുകളാണ് ഒരാഴ്ചയ്ക്കിടെ രജിസ്റ്റര്‍ ചെയ്തത്. ഗ്രൂപ്പിന്റെ അഡ്മിന്‍മാരായ ആറുപേരാണ് പ്രതികള്‍. സോഷ്യല്‍ മീഡിയയില്‍ ആര്‍എസ്എസ്സിനെ ശക്തമായി വിമര്‍ശിക്കുകയും സജീവമായി ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് പോലിസ് പ്രതികാര നടപടികള്‍ സ്വീകരിച്ചുപോരുന്നത്. അതേസമയം, വിദ്വേഷപ്രചാരണം നടത്തി നാട്ടില്‍ കലാപം സൃഷ്ടിക്കുന്ന തരത്തില്‍ നിരന്തരമായി പോസ്റ്റുകളിടുന്ന സംഘപരിവാര്‍ ഐഡികള്‍ക്കെതിരേ പരാതി നല്‍കിയിട്ടുപോലും പോലിസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

പരസ്യമായി കൊലവിളിയും കലാപ ആഹ്വാനവും നടത്തിയ വല്‍സന്‍ തില്ലങ്കേരിക്കെതിരേ ഒരു ചെറുവിരലനക്കാത്ത പോലിസാണ് അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിദ്യാര്‍ഥി നേതാവിനെതിരേ കേസെടുക്കാന്‍ ശുഷ്‌കാന്തി കാണിച്ചത്. പോലിസില്‍ ആര്‍എസ്എസ് വിധേയത്വം ശക്തമായിക്കൊണ്ടിരിക്കുന്നുവെന്ന വിമര്‍ശനം സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ ഉയരുകയും പാര്‍ട്ടി നേതാക്കള്‍ ഇത് തുറന്നുസമ്മതിക്കുകയും ചെയ്തിട്ടും പോലിസിന്റെ പക്ഷപാതപരമായ സമീപനത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലെന്നാണ് സമീപകാല പ്രവൃത്തികള്‍ തെളിയിക്കുന്നത്.

Next Story

RELATED STORIES

Share it