Big stories

ഇന്ത്യയുടെ പേര് 'ഭാരത്' എന്ന് മാറ്റണമെന്ന് ഹരജി; ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി

ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റണമെന്ന് ഹരജി; ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ പേരുമാറ്റി 'ഭാരത്' എന്നാക്കണമെന്ന ഹരജിയില്‍ ഇടപെടാനാവില്ലെന്നും ഇത്തരത്തിലൊരു പേരുമാറ്റത്തിനാവശ്യമായ ഭരണഘടന ഭേദഗതി ചെയ്യാന്‍ കോടതിക്ക് നിര്‍ദേശം നല്‍കാനാവില്ലെന്നും സുപ്രിംകോടതി. ഇതേ ആവശ്യവുമായി ഹര്‍ജിക്കാരന് വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

ഇന്ത്യ എന്ന പേര് കൊളോണിയല്‍ കാലഘട്ടത്തിലെ 'ഹാങ് ഓവര്‍' ഉള്ളതാണെന്നും രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം പേരിലില്ലെന്നും നമഹയ്ക്കു വേണ്ടി അഡ്വ. അശ്വിന്‍ വൈഷ് നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ പല നഗരങ്ങളുടെയും പേരുകള്‍ മാറ്റുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ എന്ന പേരും മാറ്റണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. എന്നാല്‍, വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രിം കോടതി, ഭരണഘടനയില്‍ ഇന്ത്യയെ ഭാരത് എന്ന് വിളിക്കുന്നുണ്ടെന്നു ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 1 പരാമര്‍ശിച്ച് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ അറിയിച്ചു. തുടര്‍ന്ന് ഹരജി കോടതി തള്ളി. ഇതേ രീതിയിലുള്ള ഒരു ഹരജി 2016ലും സുപ്രിം കോടതി തള്ളിയിരുന്നു.

ഗ്രീക്ക് പദമായ 'ഇന്‍ഡിക്ക' യില്‍ നിന്നാണ് 'ഇന്ത്യ' എന്ന പേര് ഉല്‍ഭവിച്ചതെന്നും 'ഭാരത് മാതാ കി ജയ്' എന്ന് ഉപയോഗിച്ചതിന്റെ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ കാണാമെന്നും അദ്ദേഹം വാദിച്ചു. രാജ്യത്തെ അതിന്റെ യഥാര്‍ത്ഥവും ആധികാരികവുമായ പേരില്‍, അതായത് ഭാരത് എന്ന് തിരിച്ചറിയാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. പ്രത്യേകിച്ചു രാജ്യത്തെ നഗരങ്ങളെ സംസ്‌കാരത്തോടെ തിരിച്ചറിയാന്‍ പുനര്‍നാമകരണം ചെയ്യുമ്പോള്‍. ഈയര്‍ത്ഥത്തില്‍ ഇന്ത്യയുടെ പേര് ഭാരത് എന്ന് പുനര്‍നാമകരണം ചെയ്യുന്നത് ഞങ്ങളുടെ പൂര്‍വികരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള കഠിന പോരാട്ടത്തെ അംഗീകരിക്കലാവുമെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.

അടിമത്തത്തിന്റെ പ്രതീകമായ 'ഇന്ത്യ' എന്ന പേര് ഒഴിവാക്കുന്നതില്‍ ഇന്ത്യന്‍ യൂനിയന്റെ ഭാഗത്ത് വന്‍ വീഴ്ചയുണ്ടായെന്ന് പരാതിക്കാരന്‍ വാദിച്ചു. ഇത് പൊതുജനങ്ങള്‍ക്ക് നഷ്ടമുണ്ടാക്കിയെന്നും വിദേശ ഭരണത്തില്‍ നിന്ന് കഠിനമായി നേടിയ സ്വാതന്ത്ര്യത്തിന്റെ അനന്തരാവകാശികള്‍ക്ക് സ്വത്വവും ധാര്‍മ്മികതയും നഷ്ടപ്പെടാന്‍ കാരണമായെന്നും അദ്ദേഹം പറയുന്നു.

1948 നവംബര്‍ 15 ലെ ഭരണഘടനാ അസംബ്ലി ചര്‍ച്ചകളില്‍ ഭരണഘടനയുടെ കരടിലെ ആര്‍ട്ടിക്കിള്‍ 1 ചര്‍ച്ച ചെയ്യുന്നതിനിടെ എം അനന്തസായനം അയ്യങ്കറും സേഠ് ഗോവിന്ദ് ദാസും 'ഭാരത്, ഭാരത് വര്‍ഷ,' 'ഇന്ത്യ' എന്നതിനുപകരം ഹിന്ദുസ്ഥാന്‍ എന്ന് വിളിക്കണമെന്ന് പറഞ്ഞതായും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.


Next Story

RELATED STORIES

Share it