Big stories

ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങള്‍ക്കു പിന്നില്‍ ആര്‍എസ്എസും വിഎച്ച്പിയും; സുപ്രിംകോടതിയില്‍ ക്രിസ്ത്യന്‍ സംഘടനകളുടെ സത്യവാങ്മൂലം

ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഹിന്ദു സംഗതന്‍, ഹിന്ദു വാദി സംഘടന, ഹിന്ദു ജാഗരണ്‍ മഞ്ച്, ആര്‍എസ്എസ്, ബജ്‌റങ്ദള്‍, വിഎച്ച്പി എന്നിവയാണെന്ന് പേരെടുത്ത് പറയുന്നുണ്ട്.

ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങള്‍ക്കു പിന്നില്‍ ആര്‍എസ്എസും വിഎച്ച്പിയും; സുപ്രിംകോടതിയില്‍ ക്രിസ്ത്യന്‍ സംഘടനകളുടെ സത്യവാങ്മൂലം
X
ന്യൂഡല്‍ഹി: നിരവധി പേരുടെ മരണത്തിനും വ്യാപക ആക്രമണങ്ങള്‍ക്കും ഇടയാക്കിയ മണിപ്പൂരിലെ കലാപത്തിനു പിന്നാലെ രാജ്യത്തെ ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങള്‍ക്കു പിന്നില്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധമുള്ള സംഘടനകളാണെന്ന് ക്രിസ്ത്യന്‍ സംഘടനകള്‍. ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നത്. ക്രിസ്ത്യാനികള്‍ക്കെതിരെയുണ്ടായ ആക്രമണങ്ങളില്‍ നടക്കുന്ന അന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ റിട്ട. ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി വേണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ, നാഷനല്‍ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക് ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവര്‍ സുപ്രിംകോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തിരുന്നു. ഇതിനെതിരെ കേന്ദ്രം സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളുകയായിരുന്നു. അടിസ്ഥാനരഹിതവും യാതൊരു തെളിവുകളുമില്ലാത്തതുമായ ആരോപണങ്ങളാണ് ഹരജിക്കാന്‍ ഉന്നയിക്കുന്നതെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. വ്യക്തിപരമായ ചില പ്രശ്‌നങ്ങളെ ഹരജിക്കാന്‍ വര്‍ഗീയ കുറ്റകൃത്യങ്ങളായി വ്യാഖ്യാനിക്കുകയാണെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു. ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഹിന്ദു സംഗതന്‍, ഹിന്ദു വാദി സംഘടന, ഹിന്ദു ജാഗരണ്‍ മഞ്ച്, ആര്‍എസ്എസ്, ബജ്‌റങ്ദള്‍, വിഎച്ച്പി എന്നിവയാണെന്ന് പേരെടുത്ത് പറയുന്നുണ്ട്. ആക്രമണത്തിനിരയായവരെ ജയിലിലടക്കുകയാണ് പോലിസ് ചെയ്യുന്നത്. അക്രമികള്‍ക്കെതിരെ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ഇത്തരം സംഘടനകള്‍ വിദ്വേഷപ്രചാരണവും ആക്രമണവും നടത്തുമ്പോള്‍ അത് തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഭരണകൂടം പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. 2021 മുതലാണ് വിവിധ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം വ്യാപകമായത്. യുപി, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമം പാസാക്കിയതിന് പിന്നാലെയാണ് ആക്രമണങ്ങള്‍ വര്‍ധിച്ചത്. ഇത്തരം അക്രമങ്ങള്‍ യാദൃച്ഛികമായി സംഭവിക്കുന്നതല്ല. കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. വിദ്വേഷ കുറ്റകൃത്യങ്ങളുടെ നിരീക്ഷണ ഏജന്‍സിയായി സുപ്രിം കോടതിയില്‍ നിന്ന് വിരമിച്ച ഒരു ജഡ്ജിയെ നിയമിക്കണം. ഈ കേസുകളിലെ അന്വേഷണത്തിന് ഫലപ്രദമായി മേല്‍നോട്ടം വഹിക്കാന്‍ കഴിയുന്ന ഉന്നത പോലിസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ഹരജിക്കാര്‍ അഭ്യര്‍ത്ഥിച്ചു. 2021ല്‍ 505 ആക്രമണ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2022ല്‍ 598, 2023 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 123 എന്നിങ്ങനെയാണ് ആക്രമണങ്ങളെന്നും ഹരജിയില്‍ പറയുന്നുണ്ട്. 90% കേസുകളും സമാനമായ പ്രവര്‍ത്തനരീതിയാണ് പിന്തുടരുന്നതെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. ഒരു സ്വകാര്യ വസതിയിലോ പള്ളിയിലോ പ്രാര്‍ത്ഥനായോഗം നടക്കുന്നുണ്ടെങ്കില്‍, ഒരു വലിയ സംഘം ആളുകള്‍ പെട്ടെന്ന് അവിടെ ഒത്തുകൂടി, അതിക്രമിച്ചു കയറി യോഗം തടസ്സപ്പെടുത്തുകയോ അംഗങ്ങളെ ആക്രമിക്കുകയോ ചെയ്യുന്നു. അനധികൃത മതപരിവര്‍ത്തനം ആരോപിച്ച് കേസെടുക്കുകയും പാസ്റ്ററെ വരെ ആക്രമിക്കുകയും ചെയ്യുന്നു. അക്രമികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ പോലും അവര്‍ തടങ്കലില്‍ കഴിയേണ്ടി വന്ന ഒരു സംഭവവും ഉണ്ടായിട്ടില്ല. സമുദായാംഗങ്ങളും വൈദികരും ജാമ്യം ലഭിക്കാതെ ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടിവരികയാണ്. ആള്‍ക്കൂട്ട കുറ്റകൃത്യങ്ങള്‍ തടയാന്‍ നോഡല്‍ ഓഫിസര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച് തെഹ്‌സീന്‍ പൂനവല്ല കേസില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it