Big stories

സൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്‌ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം കെട്ടുകഥയെന്ന് തെളിഞ്ഞു

പ്രശസ്തിക്കു വേണ്ടി ചെയ്തതെന്ന് പോലിസിനോട് സൈനികന്റെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

സൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ പിഎഫ്‌ഐ എന്ന് പച്ചകുത്തിയെന്ന സംഭവം കെട്ടുകഥയെന്ന് തെളിഞ്ഞു
X

കൊല്ലം: കൊല്ലം കടയ്ക്കലില്‍ സൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്‌ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം സൈനികന്‍ ഉണ്ടാക്കിയ കെട്ടുകഥയെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ സൈനികനായ ചാണപ്പാറ സ്വദേശി ബി എസ് ഭവനില്‍ ഷൈന്‍ കുമാര്‍(35), സുഹൃത്ത് ജോഷി എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു. 'പിഎഫ്‌ഐ' എന്ന് എഴുതാന്‍ ഉപയോഗിച്ച പെയിന്റും ബ്രഷും പോലിസ് കണ്ടെടുത്തിട്ടുണ്ട്. പ്രശസ്തനാവാനുള്ള ഷൈനിന്റെ ആഗ്രഹമാണ് വ്യാജ പരാതി നല്‍കാന്‍ കാരണമെന്ന് സുഹൃത്ത് പോലിസിനു മൊഴി നല്‍കി. രാജസ്ഥാനില്‍ ഇലക്ട്രോണിക്‌സ് ആന്റ് മെക്കാനിക്കല്‍ വിഭാഗത്തില്‍ ഹവില്‍ദാറാണ് ഷൈന്‍ കുമാര്‍. കേരളാ പോലിസും മിലിറ്ററി ഇന്റലിജന്‍സും പോലിസും നടത്തിയ അന്വേഷണത്തിലാണ് സൈനികനും സുഹൃത്തും ചേര്‍ന്നുണ്ടാക്കിയ കള്ളക്കഥയാണ് ഇതെന്ന് തെളിഞ്ഞത്. ഇതോടെ, സൈനികന്റെ ആരോപണത്തിന്റെ മറവില്‍ പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ കടയ്ക്കല്‍ പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. പോലിസ് അന്വേഷണത്തിലാണ് സൈനികനും സുഹൃത്തും കൂടി ചേര്‍ന്ന് നടത്തിയ വ്യാജ പരാതിയാണെന്ന് വ്യക്തമായത്.

ഞായറാഴ്ച അര്‍ധരാത്രി കൂട്ടുകാരന്റെ വീട്ടിലേക്ക് പോവുന്നതിനിടെ ഒരു സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും ഷര്‍ട്ട് വലിച്ചുകീറി പുറത്ത് പച്ച പെയിന്റ് കൊണ്ട് എന്തോ എഴുതിയെന്നുമായിരുന്നു സൈനികന്റെ പരാതി. പിന്നീട് പരിശോധിച്ചപ്പോഴാണ് പി എഫ് ഐ എന്നാണ് എഴുതിയതെന്ന് മനസ്സിലായതെന്നുമായിരുന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങാനിരുന്ന സൈനികന്‍ ആക്രമണത്തിനിരയായെന്ന വാര്‍ത്ത ഇന്നലെ വന്‍ പ്രാധാന്യത്തോടെ പ്രചരിച്ചത്. ഇംഗ്ലീഷ്, ഹിന്ദി ചാനലുകള്‍ ഉള്‍പ്പെടെ ഇത് വാര്‍ത്തയാക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരാണ് പിന്നിലെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് 'പിഎഫ് ഐ' എന്ന് എഴുതിയത്. മാത്രമല്ല, പച്ച പെയിന്റ് തന്നെ ഉപയോഗിച്ചതിലും ദുരൂഹതയുണ്ടെന്ന് സംശയമുയര്‍ന്നിരുന്നു. പോപുലര്‍ ഫ്രണ്ട് നിരോധനത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ദിവസം തന്നെയായിരുന്നു ഇതിനു തിരഞ്ഞെടുത്തത്. മുക്കടയില്‍നിന്ന് ചാണപ്പാറയിലേക്കുള്ള വഴിയിലെ റബര്‍ തോട്ടത്തിന് സമീപത്ത് വച്ച് ആക്രമിക്കപ്പെട്ടെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. വിവരമറിഞ്ഞ് ഉന്നത പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെ 10ന് തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടെങ്കിലും ഷൈന്‍ കുമാറിന് മര്‍ദനമേറ്റതായി പറയുന്ന സ്ഥലത്തുനിന്ന് യാതൊരു തെളിവും ലഭിച്ചില്ല. മാത്രമല്ല, സൈനികന്റെ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്നും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാരും ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കടയ്ക്കല്‍ പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. സൈനികനെ ക്രൂരമായി മര്‍ദ്ദിച്ചെന്നും മറ്റും പറഞ്ഞ് നടത്തിയ മാര്‍ച്ചില്‍ അസഭ്യവര്‍ഷവും നടത്തിയിരുന്നു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ സെക്രട്ടറി കെ ആര്‍ രാധാകൃഷ്ണന്‍, കേസ് എന്‍ ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സുഹൃത്തിന്റെ വീട്ടില്‍ പോയശേഷം ബൈക്കില്‍ മടങ്ങിയ ഷൈന്‍ കുമാറിനെ മുക്കട സ്‌കൂളിനും ചാണപ്പാറയ്ക്കും ഇടയ്ക്കുള്ള റബ്ബര്‍ തോട്ടത്തിനു സമീപത്തുവച്ച് മൂന്നുപേര്‍ കൈകാണിച്ചു നിര്‍ത്തുകയും പരിക്കേറ്റുകിടക്കുന്ന ഒരാളെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കാമോ എന്നു ചോദിച്ചുകൊണ്ട് തോട്ടത്തിലേക്ക് കൊണ്ടുപോയെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. പിന്നീട് അവിടെയുണ്ടായിരുന്ന മൂന്നുപേര്‍ ഉള്‍പ്പെടെ ആറുപേര്‍ചേര്‍ന്ന് മര്‍ദിക്കുകയും വായിലും കൈകളിലും ടേപ്പ് ഒട്ടിച്ചശേഷം ടീ ഷര്‍ട്ട് വലിച്ചുകീറി പച്ച പെയിന്റ് കൊണ്ട് പിഎഫ്‌ഐ എന്ന് എഴുതിയെന്നായിരുന്നു സൈനികന്‍ ഷൈന്‍ കുമാര്‍ പോലിസിനു മൊഴി നല്‍കിയിരുന്നു. ആദ്യം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികില്‍സ തേടുകയും ചെയ്തു. കൊട്ടാരക്കര ഡിവൈഎസ്പി ജി ഡി വിജയകുമാര്‍, കടയ്ക്കല്‍ എസ്എച്ച്ഒ രാജേഷ്, ചിതറ എസ്എച്ച്ഒ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. പാങ്ങോട്ടുനിന്ന് മിലിറ്ററി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ഷൈന്‍ കുമാറിനെ ചോദ്യംചെയ്‌തെങ്കിലും സ്ഥലത്തുനിന്ന് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. അന്വേഷണം ഊര്‍ജ്ജിതമാക്കിയപ്പോഴാണ് ഷൈനിന്റെ ആവശ്യപ്രകാരം കെട്ടിച്ചമച്ച പരാതിയാണെന്ന് സുഹൃത്ത് ജോഷി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.

Next Story

RELATED STORIES

Share it