Big stories

'ദ കേരള സ്‌റ്റോറി' തടയണമെന്ന ഹരജി; അടിയന്തരമായി ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി

ദ കേരള സ്‌റ്റോറി തടയണമെന്ന ഹരജി; അടിയന്തരമായി ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: വിവാദ സിനിമ 'ദ കേരളാ സ്‌റ്റോറി'യുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയില്‍ ഹരജിയില്‍ അടിയന്തരമായി ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി. ഒരു സിനിമയുടെ റിലീസ് ഇത്തരമൊരു അപേക്ഷയിലൂടെ തടയുന്നത് ഉചിതമായ പ്രതിവിധിയല്ലെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്‌നയും ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരായ ഹരജി പരിഗണിക്കുന്ന ബെഞ്ച് മുമ്പാകെ അഡ്വ. നിസാം പാഷ നല്‍കിയ പ്രത്യേക അപേക്ഷയിലാണ് കോടതി നടപടി. വിദ്വേഷ പ്രസ്താവനകളുടെ ഏറ്റവും മോശമായ ഉദാഹരണമാണ് സിനിമയെന്നും ഓഡിയോവിഷ്വല്‍ അജണ്ടയാണിതെന്നും അഭിഭാഷകന്‍ വാദിച്ചു.

എന്തുകൊണ്ട് ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിക്കാത്തതെന്നായിരുന്നു മറുചോദ്യം. എല്ലാം സുപ്രിംകോടതിയില്‍ നിന്ന് തന്നെ തുടങ്ങാനാവില്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സിനിമയുടെ ട്രെയിലറിലെ വാക്കുകള്‍ കോടതി കേള്‍ക്കണമെന്നും ട്രെയിലര്‍ 16 മില്യണ്‍ പേര്‍ കണ്ടെന്നും ചിത്രം വിവിധ ഭാഷകളിലാണ് റിലീസ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, മറ്റൊരു ഹരജിയിലെ പ്രത്യേക അപേക്ഷയായി വിഷയം പരിഗണിക്കുന്നതില്‍ പ്രയാസമുണ്ടെന്നായിരുന്നു കോടതിയുടെ നിലപാട്. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അറിയാമെന്നും എന്നാല്‍, സുപ്രീംകോടതിയില്‍ പ്രത്യേക അപേക്ഷയായി വന്ന രീതിയിലാണ് വിയോജിപ്പെന്നും ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ ഭീകരവാദത്തിനായി എത്തിച്ചെന്ന വ്യാജ പ്രചാരണവുമായാണ് 'ദ കേരളാ സ്‌റ്റോറി'യുടെ ടീസര്‍ വീഡിയോ പുറത്തിറങ്ങിയത്. വിപുല്‍ അമൃത് ലാല്‍ നിര്‍മിച്ച ചിത്രം സുദീപ്‌തോ സെന്‍ ആണ് സംവിധാനം ചെയ്ത സിനിമയ്‌ക്കെതിരേ വ്യാപക വിമര്‍ശനം ഉയരുകയായിരുന്നു. നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രദര്‍ശനം തടയണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടിരുന്നു. സിനിമയിലെ ഉള്ളടക്കം പച്ചനുണയാണെന്നും പ്രദര്‍ശനാനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് നിരവധി സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. അതിനിടെ, സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റോടെ സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയിട്ടുണ്ട്. ചിത്രത്തില്‍ 10 മാറ്റങ്ങള്‍ വരുത്തണമെന്ന ഉപാധിയോടെയാണ് അനുമതി നല്‍കിയത്.

Next Story

RELATED STORIES

Share it