- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫലസ്തീന്‍ വീണ്ടെടുക്കണം

ഡോ. എം റെസ ബെഹ്‌നാം
1961ല്‍ യുഎസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങിയപ്പോള്‍, ഡേവിഡ് ഐസന്‍ഹോവര്‍ രാജ്യത്തിന് മുന്നറിയിപ്പ് നല്‍കി- 'സൈനിക-വ്യാവസായിക സമുച്ചയം അനാവശ്യമായ സ്വാധീനം ആര്‍ജിക്കുന്നതിനെതിരേ നാം ജാഗ്രത പാലിക്കണം; അസ്ഥാനത്തുള്ള അധികാരത്തിന്റെ വിനാശകരമായ ഉയര്‍ച്ചയ്ക്കുള്ള സാധ്യത നിലവിലുണ്ട്''
വിയറ്റ്‌നാമിലെ യുദ്ധത്തോടുള്ള പ്രതികരണമായി, അമേരിക്കന്‍ സംഗീതജ്ഞനും ഗായകനുമായ ബോബ് ഡിലന്‍ തന്റെ 'മാസ്റ്റേഴ്‌സ് ഓഫ് വാര്‍' രചിച്ചു. അത് അന്നെന്ന പോലെ ഇന്നും അമേരിക്കയുടെ മനസ്സാക്ഷിയെ വിളിച്ചുണര്‍ത്തുന്ന ഒരു ആഹ്വാനമാണ്. അത് എഴുതപ്പെട്ട കാലത്ത്, മിക്ക അമേരിക്കക്കാരുടെയും മനസ്സില്‍ ഫലസ്തീന്‍ ഉണ്ടായിരുന്നില്ല. ഫലസ്തീനിലെ തദ്ദേശീയ ജനതയെ ഇസ്രായേല്‍ അക്രമാസക്തമായി കൊള്ളയടിക്കുന്നതും വംശീയ ഉന്മൂലനം ചെയ്യുന്നതും ശ്രദ്ധിക്കപ്പെടാതെയും തടസ്സമില്ലാതെയും തുടര്‍ന്നു.
മധ്യപൗരസ്ത്യദേശത്തെ യുഎസ് മേധാവിത്വത്തിന്റെ കണ്ണിയായ ഇസ്രായേല്‍, ഐസന്‍ഹോവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്ന 'അസ്ഥാനത്തുള്ള അധികാരം' നാശവും കുഴപ്പവും സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ, സാമ്പത്തിക, സൈനിക സഹകരണത്തിനുശേഷം, അമേരിക്കന്‍ സാമ്രാജ്യത്വവും ഇസ്രായേലി സയണിസവും വേര്‍തിരിച്ചറിയാന്‍ കഴിയാത്തതായി മാറിയിരിക്കുന്നു.
2001 സെപ്റ്റംബര്‍ 11ന് അമേരിക്കയുടെ ഇരട്ട ഗോപുരങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ക്ക് ശേഷവും, പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് അനിശ്ചിതവും നിര്‍വചിക്കപ്പെടാത്തതുമായ 'ഭീകരതയ്ക്കെതിരായ യുദ്ധം' പ്രഖ്യാപിച്ചതിനു ശേഷവും, അവര്‍ കൂടുതല്‍ സമാനരും ക്രൂരരും നിയമവിരുദ്ധരുമായി വളര്‍ന്നിരിക്കുന്നു.
അമേരിക്കന്‍ സ്ഥാപനങ്ങളില്‍ ഇസ്രായേലിന്റെ സ്വാധീനം വളരെയധികം വര്‍ധിച്ചിട്ടുണ്ട്. അടിസ്ഥാനപരമായി, 'വിശാല ഇസ്രായേല്‍' എവിടെ നിന്ന് ആരംഭിക്കുന്നുവെന്നും എവിടെ അവസാനിക്കുന്നുവെന്നും പറയാന്‍ പ്രയാസമായി മാറിയിരിക്കുന്നു. കാരണം അതിന്റെ പ്രത്യയശാസ്ത്രവും സ്വാധീനവും അമേരിക്കയുടെ രാഷ്ട്രീയ, സാമ്പത്തിക, സൈനിക, സാമൂഹിക ജീവിതത്തിലേക്ക് കടന്നുവന്നിട്ടുണ്ട്.
രണ്ട് രാജ്യങ്ങളും നേട്ടങ്ങള്‍ അനുഭവിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള പലരും അവരെ മുഠാളന്മാരും തെമ്മാടി രാഷ്ട്രങ്ങളുമായി കാണുന്നു. ഭിന്നമാണെങ്കിലും, അമേരിക്കയും ഇസ്രായേലും സമാനതകള്‍ പങ്കിടുന്ന രാജ്യങ്ങളാണ്. ഇന്ന് അവരിരുവരും ഭീഷണിയാന്നെന്ന് പ്രകടമാക്കുന്ന ഘടകങ്ങള്‍ ഇവയാണ്:
സൈനിക കേന്ദ്രീകരണവും സൈനികരോടുള്ള വീരാരാധനയും.
നിയമവിരുദ്ധമോ ലക്ഷ്യമിട്ടുള്ളതോ ആയ കൊലകള്‍ നടത്തല്‍.
മേല്‍ക്കോയ്മ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ദേശീയ സ്വത്വം.
സ്ഥാപനങ്ങള്‍ക്കും നിയമവാഴ്ചയ്ക്കും മനുഷ്യാവകാശങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍.
കൃത്രിമ ചരിത്ര നിര്‍മിതിയും ചരിത്രത്തെ മായ്ച്ചുകളയലും.
രണ്ട് സംസ്‌കാരങ്ങളിലും സൈനികതയും ഉന്മാദദേശീയത(ജിംഗോയിസം)യും കേന്ദ്രമൂല്യങ്ങളായി പ്രവര്‍ത്തിക്കുന്നു. ജൂതന്‍മാരെ നിര്‍ബന്ധിതമായി സൈന്യത്തില്‍ ചേര്‍ക്കുന്നതിലൂടെ, ഇസ്രായേലി സമൂഹത്തില്‍ സൈന്യം ആഴത്തില്‍ സംയോജിപ്പിക്കപ്പെടുകയും, ഭരണകൂടവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന ഒരു സമൂഹം സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ തിയോഡോര്‍ ഹെര്‍സല്‍ (1860-1904), ഇന്നത്തെ ലികുഡ് പാര്‍ട്ടിയുടെ മുന്‍ഗാമിയായ റിവിഷനിസ്റ്റ് സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനും റഷ്യന്‍ വംശജനുമായ വ്ളാഡിമിര്‍ സീവ് ജബോട്ടിന്‍സ്‌കി (1880-1940) എന്നിവരില്‍ നിന്നാണ് ഈ യുദ്ധവീര ധര്‍മചിന്ത ഉദ്ഭവിക്കുന്നത് .
ഹെര്‍സലിനെ സംബന്ധിച്ചിടത്തോളം, ഫലസ്തീനിലെ ജൂതന്മാര്‍ക്കായി ഒരു ആധുനിക-മതേതര യൂറോപ്യന്‍ മാതൃരാജ്യം കെട്ടിപ്പടുക്കുന്നതിന്, അധികാരമില്ലാത്തവരും ദുര്‍ബലരും നിഷ്‌ക്രിയരുമാണ് ജൂതന്മാരെന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രതിച്ഛായ പൊഴിച്ചു കളയുകയും, തോറയെ അടിസ്ഥാനമാക്കിയുള്ള മതപരമായ സ്വത്വത്തില്‍ കേന്ദ്രീകരിക്കുന്ന ഒന്നിനുപകരം കായിക ശക്തി, പാരുഷ്യം, ഉല്‍പ്പാദനക്ഷമത എന്നിവയില്‍ അധിഷ്ഠിതമായ ഒരു പുതിയ ദേശീയ സ്വത്വം സൃഷ്ടിക്കുകയും ചെയ്യണമായിരുന്നു.
സൈനിക ശക്തിയിലൂടെ മാത്രമേ ഒരു 'ജൂത' രാഷ്ട്രം കെട്ടിപ്പടുക്കാനും നിലനിര്‍ത്താനും കഴിയൂ എന്ന് ജബോട്ടിന്‍സ്‌കിയും ഊന്നിപ്പറഞ്ഞിരുന്നു. ഫലസ്തീനികളുടെ ജന്മദേശം വിജയകരമായി കോളനിവല്‍ക്കരിക്കുന്നതിന് രൂപകാത്മകമായ ഒരു 'ഇരുമ്പ് മതില്‍' ആവശ്യമാണെന്നാണ് ജബോട്ടിന്‍സ്‌കിയുടെ വാദം.
1896ല്‍ ഹെര്‍സല്‍ സങ്കല്‍പ്പിച്ചതും 1920കളില്‍ ജബോട്ടിന്‍സ്‌കി നടപ്പിലാക്കിയതുമായ പദ്ധതികളാണ് ഇസ്രായേല്‍ ഇന്ന് ക്രൂരമായ സൈനിക സ്വഭാവമുള്ള ഒരു സ്ഥാപനമായി മാറുന്നതിന് വിത്ത് പാകിയത്. 'ലോകത്തിലെ ഏറ്റവും ധാര്‍മിക സൈന്യം' എന്ന നിര്‍മിത പ്രതിച്ഛായയാണ്, സദ്വൃത്തനും കുലീനനുമായ പട്ടാളക്കാരന്റെ ചിത്രമാണ്, ഗസയില്‍ പതിവായി യുദ്ധക്കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഇസ്രായേലി സൈനികര്‍ പോസ്റ്റ് ചെയ്യുന്ന നിന്ദ്യമായ വീഡിയോകള്‍ വഴി തുറന്നുകാട്ടപ്പെട്ടത്.
അമേരിക്കന്‍ ഐക്യനാടുകളിലും സൈന്യത്തെ ഏറ്റവും വിശ്വസനീയമായ പൊതു സ്ഥാപനമായി കണക്കാക്കുകയും പ്രമുഖ പദവി നല്‍കുകയും ചെയ്തിട്ടുണ്ട്. നമുക്കിടയില്‍ ഏറ്റവും മികച്ചവരായി വിലയിരുത്തപ്പെടുന്നവരും കൂറ്, ത്യാഗം, കരുത്ത് എന്നിവയുടെ മൂര്‍ത്തീഭാവങ്ങളുമായ സൈനികര്‍, യുഎസിന്റെ പരാജയപ്പെട്ട യുദ്ധങ്ങളെ പൊതുജനങ്ങള്‍ക്ക് ആസ്വാദ്യമാക്കിയ സൈനിക മിത്തിന്റെ കേന്ദ്രബിന്ദുവാണ്.
കോര്‍പറേറ്റ് ഉടമസ്ഥതയിലുള്ള സ്പോര്‍ട്സ് ടീമുകളുമായും പരിപാടികളുമായും സൈന്യം കൂടുതല്‍ കൂടുതല്‍ സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു. ഇത് വിനോദമെന്ന നിലയില്‍ സ്പോര്‍ട്സിനും യുദ്ധത്തിനും ഇടയിലുള്ള അതിര്‍വരമ്പുകള്‍ മങ്ങിയതാക്കുന്നു. മിക്ക സ്പോര്‍ട്സ് പരിപാടികളിലും ദേശീയഗാനം ആലപിക്കുന്നതിലൂടെയും സ്റ്റേഡിയങ്ങളിലെ സൈനിക വിമാന ഫ്‌ലൈഓവറുകളിലൂടെയും ദേശസ്നേഹത്തിന്റെ മറ്റ് പ്രകടനങ്ങളിലൂടെയും ഇത് ആഘോഷിക്കപ്പെടുന്നു. അമേരിക്കന്‍ രാഷ്ട്രീയക്കാര്‍ക്ക്, പ്രത്യേകിച്ച് പ്രസിഡന്റുമാര്‍ക്ക്, 'ദൈവം നമ്മുടെ സൈനികരെ അനുഗ്രഹിക്കട്ടെ' എന്ന പ്രസംഗത്തോടെ സായുധ സേനയ്ക്ക് വാക്കാലുള്ള ആദരവ് നല്‍കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ പ്രതിരോധ വകുപ്പിന്റെ (ഇപ്പോള്‍ യുദ്ധ വകുപ്പ്) ബജറ്റുകള്‍ പവിത്രമായി കണക്കാക്കപ്പെടുന്നു. 2001 മുതല്‍ 2022 വരെ, ഏകദേശം 8 ട്രില്യണ്‍ ഡോളര്‍ സൈന്യത്തിനായി ചെലവഴിച്ചു; 2026ല്‍ പെന്റഗണിനായി ഒരു ട്രില്യണ്‍ ഡോളറിലധികം ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട് .
അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക രാഷ്ട്രീയ സംസ്‌കാരങ്ങളില്‍ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായി അക്രമം സാധാരണ നില കൈവരിച്ചിരിക്കുന്നു. തങ്ങളുടെ ആധിപത്യത്തിനെതിരേ മല്‍സരിക്കുന്നവരെയോ വെല്ലുവിളിക്കുന്നവരെയോ ആക്രമിക്കാനോ യുദ്ധം ചെയ്യാനോ എപ്പോഴും തയ്യാറായിരിക്കണം എന്ന ആസന്നമായ ഭീഷണി സിദ്ധാന്തത്തില്‍നിന്നാണ് ഇരുവരും പ്രവര്‍ത്തിക്കുന്നത്.
തല്‍ഫലമായി, അവരെ എതിര്‍ക്കുന്നവരോ കീഴടങ്ങാന്‍ വിസമ്മതിക്കുന്നവരോ ആയ ഏതൊരാളും കൊലപാതകത്തിന് വിധേയരാകുന്നു - ഈ കൊലപാതകങ്ങള്‍ ഒരു നിയമത്തിന്റെ അടിസ്ഥാനത്തിലും ന്യായമല്ലാത്തതാണ്.
രാജ്യങ്ങളെയും ഗ്രൂപ്പുകളെയും 'ഭീകരതയുടെ ഭരണകൂട സ്‌പോണ്‍സര്‍മാരായി' അല്ലെങ്കില്‍ 'ഭീകരവാദികളായി' പ്രഖ്യാപിക്കുന്നത് ആസന്നമായ ഭീഷണിസിദ്ധാന്തം നടപ്പിലാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇത് വാഷിങ്ടണെയും തെല്‍ അവീവിനെയും അവരുടെ ഭീകരമായ ഭരണകൂട ഭീകര പ്രവര്‍ത്തനങ്ങള്‍ ശിക്ഷാനടപടികള്‍ നേരിടാതെ നടപ്പിലാക്കാന്‍ അനുവദിക്കുന്നു.
നിയമവിരുദ്ധമായ കൊലപാതകങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഇസ്രായേലിന് ഒരു നീണ്ട ചരിത്രമുണ്ട്. 1980കളുടെ അവസാനത്തില്‍ നടന്ന ആദ്യത്തെ ഇന്‍തിഫാദയില്‍, ഫലസ്തീനികള്‍ക്കെതിരേ മുന്‍കൂട്ടി ലക്ഷ്യം വച്ചുള്ള കൊലപാതക നയം നടപ്പിലാക്കിയതായി 2000ല്‍ അവര്‍ ഔദ്യോഗികമായി അംഗീകരിച്ചു. 1948ല്‍ രാഷ്ട്ര പദവി പ്രഖ്യാപിച്ച് അറബ് രാജ്യങ്ങളുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സയണിസ്റ്റ് ഭരണകൂടം അവരുടെ ആദ്യകാല കൊലപാതകങ്ങളിലൊന്ന് നടത്തിയത്.
ഉദാഹരണത്തിന്, 1948 സെപ്റ്റംബര്‍ 17ന്, അറബ്-ഇസ്രായേല്‍ യുദ്ധം പരിഹരിക്കാന്‍ സഹായിക്കുന്നതിനായി ജറുസലേമിലെത്തിയ ഐക്യരാഷ്ട്രസഭയുടെ സമാധാന മധ്യസ്ഥനും സ്വീഡിഷ് നയതന്ത്രജ്ഞനുമായ കൗണ്ട് ഫോക്ക് ബെര്‍ണഡോട്ടിനെ തീവ്രവാദ സയണിസ്റ്റ് ഗ്രൂപ്പായ ലെഹി (സ്റ്റേണ്‍ ഗാങ്) വധിച്ചു.
1948 മുതല്‍, ഏതൊരു പാശ്ചാത്യ രാജ്യത്തേക്കാളും കൂടുതല്‍ ആളുകളെ ഇസ്രായേല്‍ കൊലപ്പെടുത്തിയിട്ടുണ്ട്. കൊലപാതകങ്ങള്‍ പലപ്പോഴും രഹസ്യമായാണവര്‍ നടത്തിയിട്ടുള്ളത്. അവയില്‍ അപൂര്‍വമായവ മാത്രമേ ഇസ്രായേല്‍ സമ്മതിക്കുകയും ചെയ്തിട്ടുള്ളൂ. അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ റോണന്‍ ബെര്‍ഗ്മാന്‍ തന്റെ (2018) ' റൈസ് ആന്‍ഡ് കില്‍ ഫസ്റ്റ്: ദി സീക്രട്ട് ഹിസ്റ്ററി ഓഫ് ഇസ്രായേല്‍'സ് ടാര്‍ഗെറ്റഡ് അസാസിനേഷന്‍സ്' എന്ന പുസ്തകത്തില്‍ , 'കഴിഞ്ഞ ഏഴുപതിറ്റാണ്ടുകളായി, ഇസ്രായേല്‍ ഏകദേശം 2,300 ലക്ഷ്യം വച്ചുള്ള കൊലപാതക ഓപറേഷനുകള്‍ നടത്തി, ആയിരക്കണക്കിന് ആളുകളെ കൊന്നു' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
തൂഫാനുല്‍ അഖ്‌സയ്ക്ക് ശേഷം ഈ സംഖ്യ ഗണ്യമായി വര്‍ധിച്ചു. ഗസയിലും വെസ്റ്റ് ബാങ്കിലും ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് നേതാക്കളെയും പോരാളികളെയും ലബ്‌നാന്‍, സിറിയ, യെമന്‍, ഇറാന്‍ എന്നിവിടങ്ങളിലെ പിന്തുണക്കാരെയും ഇസ്രായേല്‍ ആസൂത്രിതമായി ലക്ഷ്യമിട്ട് കൊലപ്പെടുത്തുന്നത് തുടരുന്നു.
ദോഹയിലെ ഹമാസ് മധ്യസ്ഥരുടെ വാസസ്ഥലത്ത് അടുത്തിടെ നടത്തിയ വ്യോമാക്രമണം (സെപ്റ്റംബര്‍ 9, 2025) വഴി ഇസ്രായേല്‍ ഒരു രാജ്യത്തിന്റെയും അതിര്‍ത്തികളെയോ പരമാധികാരത്തെയോ ബഹുമാനിക്കുന്നില്ല എന്ന് വീണ്ടും തെളിയിച്ചു. നാറ്റോയ്ക്ക് പുറത്തുള്ള യുഎസ് സഖ്യകക്ഷിയായ ഖത്തറിനെതിരേയുള്ള അഭൂതപൂര്‍വമായ ആക്രമണമായിരുന്നു അത്. നടന്നുകൊണ്ടിരിക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത അഞ്ച് ഫലസ്തീനികളും ഒരു ഖത്തരി പൗരനും കൊല്ലപ്പെട്ടു. ഇസ്രായേല്‍ നടപ്പാക്കിയ നിരവധി കൊലപാതകങ്ങളില്‍ ഒടുവിലത്തേതായിരുന്നു ദോഹയിലെ ആക്രമണം. മറ്റ് രാജ്യങ്ങളുടെ ദേശീയ അതിര്‍ത്തികളോടുള്ള അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണം കൂടിയാണിത്.
മറ്റ് നിര്‍ഭാഗ്യകരമായ ഉദാഹരണങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു: 2024 ജൂലൈ 31ന് ഇറാനിലെ തെഹ്റാനില്‍ വച്ച് ഹമാസിന്റെ രാഷ്ട്രീയ നേതാവ് ഇസ്മാഈല്‍ ഹനിയയെ കൊലപ്പെടുത്തി, 2024 സെപ്റ്റംബര്‍ 17, 18 തിയ്യതികളില്‍ ലബ്‌നാനിലും സിറിയയിലും ഹിസ്ബുല്ലാ അംഗങ്ങളെ ലക്ഷ്യമിട്ട് പേജറുകളിലും വാക്കിടോക്കികളിലും സ്‌ഫോടനം നടത്തി, 2024 സെപ്റ്റംബര്‍ 27ന് ബെയ്‌റൂത്തില്‍ വച്ച് ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറല്‍ ഹസന്‍ നസ്‌റുല്ലയുടെ കൊലപ്പെടുത്തി.
സെപ്റ്റംബര്‍ 11നും അമേരിക്കയുടെ 'ഭീകരതയ്ക്കെതിരായ ആഗോള യുദ്ധത്തിനും' ശേഷം, വാഷിങ്ടണ്‍ ഇസ്രായേലിനെ ഒരു മാതൃകയായി സ്വീകരിച്ചു. അക്രമത്തിന്റെ തുടര്‍ച്ചയായ പ്രളയങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഒരു മാരകമായ പദ്ധതി ആരംഭിച്ചു. 2001 സെപ്റ്റംബര്‍ 11 ആക്രമണങ്ങള്‍ക്കു ശേഷം, 2002 ജനുവരിയില്‍ പ്രസിഡന്റ് ബുഷ്, സംശയിക്കപ്പെടുന്ന തീവ്രവാദികള്‍ക്കെതിരേ 'പിടിച്ചു കൊല്ലുക' എന്ന തന്ത്രം സ്വീകരിച്ചു. പ്രസിഡന്റ് ബറാക് ഒബാമ (2009-2017) ബുഷിന്റെ പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്തു. പാകിസ്താന്‍, യെമന്‍, ലിബിയ, സൊമാലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഡ്രോണ്‍ ആക്രമണങ്ങളും കൊലപാതകങ്ങളും വേഗത്തില്‍ വ്യാപിപ്പിച്ചു.
അദ്ദേഹത്തിന്റെ ഏറ്റവും വിവാദപരമായ നയങ്ങളിലൊന്ന് 'കൊലയാളികളുടെ പട്ടിക' സ്ഥാപിക്കുക എന്നതായിരുന്നു. ഡ്രോണ്‍ ആക്രമണങ്ങളുടെ ലക്ഷ്യങ്ങള്‍ തീരുമാനിക്കുന്ന ഒരു ഔപചാരിക പ്രക്രിയയാണിത്. വൈറ്റ് ഹൗസിനുള്ളില്‍ 'ഭീകര ചൊവ്വാഴ്ചകള്‍' എന്ന് അറിയപ്പെട്ടിരുന്ന ആഴ്ചതോറുമുള്ള യോഗങ്ങളില്‍, പ്രസിഡന്റ് ഒബാമ ദേശീയ സുരക്ഷാ, ഭീകരവിരുദ്ധ ഉദ്യോഗസ്ഥരുമായി, 'ഡിസ്‌പോസിഷന്‍ മാട്രിക്‌സ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'കൊലയാളികളുടെ പട്ടിക' ചര്‍ച്ച ചെയ്യുകയും 'സംശയിക്കപ്പെടുന്ന തീവ്രവാദികള്‍'ക്കെതിരായ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്യുമായിരുന്നു. ഒബാമയുടെ ഭരണകാലത്ത് 324 സാധാരണക്കാരും മൂന്ന് അമേരിക്കന്‍ പൗരന്മാരും ഉള്‍പ്പെടെ 3,797 പേര്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. 2011ല്‍ അദ്ദേഹം മുതിര്‍ന്ന സഹായികളോട് പറഞ്ഞതായ ഒരു റിപോര്‍ട്ട് ഇങ്ങനെയാണ്: 'ആളുകളെ കൊല്ലുന്നതില്‍ ഞാന്‍ ശരിക്കും മിടുക്കനാണെന്ന് തെളിഞ്ഞു. അത് എന്റെ ശക്തമായ ആക്രമണമാകുമെന്ന് എനിക്കറിയില്ലായിരുന്നു.'
2017ല്‍ ട്രംപ് അധികാരമേറ്റപ്പോള്‍ ഭരണകൂടം 2,243 ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. അതേസമയം ഒബാമയുടെ എട്ടുവര്‍ഷത്തെ ഭരണകാലത്ത് 1,878 ആക്രമണങ്ങള്‍ നടന്നു. ട്രംപ് ഭരണകൂടത്തിന്റെ നയത്തെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഇങ്ങനെ വിവരിച്ചു: ''ചുരുക്കത്തില്‍, ലോകത്തെവിടെയും, തീവ്രവാദ ഭീഷണിയായി അമേരിക്ക വിശേഷിപ്പിക്കുന്ന ആരെയും കൊല്ലുന്നു.''
2020 ജനുവരിയില്‍, അന്താരാഷ്ട്ര നിയമവും ഇറാഖിന്റെ ദേശീയ പരമാധികാരവും ലംഘിച്ച് ഇറാന്റെ ജനറല്‍ ഖാസിം സുലൈമാനിയെ വധിക്കാന്‍ ട്രംപ് ഉത്തരവിട്ടപ്പോള്‍, കൊല്ലാനുള്ള അമേരിക്കയുടെ ലൈസന്‍സിലുള്ള ട്രംപിന്റെ വിശ്വാസം തെളിയിക്കപ്പെട്ടു. ബഗ്ദാദ് വിമാനത്താവളത്തില്‍ നടന്ന അതേ ഡ്രോണ്‍ ആക്രമണത്തില്‍, ഇറാഖിലെ പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്സിന്റെ കമാന്‍ഡര്‍ അബു മഹ്ദി അല്‍ മുഹന്ദിസ് ഉള്‍പ്പെടെ ഒമ്പത് പേര്‍ കൂടി കൊല്ലപ്പെട്ടു.
ട്രംപിന്റെ വൈറ്റ്ഹൗസില്‍, മയക്കുമരുന്നിനെതിരായ യുദ്ധം ഭീകരതയ്ക്കെതിരായ യുദ്ധവുമായി സംയോജിപ്പിച്ചിരിക്കുന്നു, കുറ്റവാളികളെ (സംശയിക്കപ്പെടുന്ന മയക്കുമരുന്ന് കടത്തുകാരെ) തീവ്രവാദികളായി മുദ്രകുത്തി കൊലപാതകത്തിന് ലക്ഷ്യമിടുന്നു. അമേരിക്കന്‍ ധാര്‍ഷ്ട്യം പ്രകടിപ്പിക്കുന്നതിനായി, ട്രംപ് അടുത്തിടെ (സെപ്റ്റംബര്‍ 2, 2025) കരീബിയനിലെ ഒരു ചെറിയ ബോട്ടില്‍ ഡ്രോണ്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടു; ആക്രമണത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്.
വാഷിങ്ടണിന്റെയും തെല്‍ അവീവിന്റെയും ദേശീയ ലക്ഷ്യങ്ങള്‍ അസ്വസ്ഥമാക്കും വിധം സമാനമാണ്. ഗ്രേറ്റര്‍ ഇസ്രായേല്‍ എന്ന സയണിസ്റ്റ് പ്രത്യയശാസ്ത്ര പദ്ധതി നടപ്പാക്കാന്‍ ഇസ്രായേല്‍ നിലനില്‍ക്കുമ്പോള്‍, അതിന് പിന്തുണയുമായി യുഎസിലെ ട്രംപ് ഭരണകൂടവും വലതുപക്ഷ യാഥാസ്ഥികരുമുണ്ട്. ബൈബിളിലെ പഴനിയമ കഥകളെ ആശ്രയിച്ചാണ് അവര്‍ ഫലസ്തീനില്‍ ജൂതരാഷ്ട്രം സ്ഥാപിക്കുന്നത്. തങ്ങളുടെ ദേശീയ അജണ്ടകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി, രണ്ട് ഭരണകൂടങ്ങളും സെമിറ്റിക് വിരുദ്ധ ഭയത്തെ ആയുധമാക്കിയിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.
പതിറ്റാണ്ടുകളായി, പിന്തുണ നേടുന്നതിനും നിലനിര്‍ത്തുന്നതിനുമായി, ഇസ്രായേല്‍ തങ്ങളുടെ വര്‍ണവിവേചന ഗ്രേറ്റര്‍ ഇസ്രായേല്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് , യഹൂദവിരുദ്ധ തന്ത്രം - ഇസ്രായേലിനെ വിമര്‍ശിക്കുന്നതും ജൂതന്മാരോടുള്ള വെറുപ്പും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മങ്ങിക്കുന്നതും - വിജയകരമായി ഉപയോഗിച്ചു.
ഇസ്രായേലിനെപ്പോലെ, ട്രംപും സമാനമായ തന്ത്രങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ജൂത സുരക്ഷയെക്കുറിച്ചുള്ള ആശങ്ക നടിച്ചും സെമിറ്റിക് വിരുദ്ധതയെ ചെറുക്കുന്നതിന്റെ പേരിലും, തന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ വിസമ്മതിക്കുന്ന സര്‍വകലാശാലകള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വിദ്യാര്‍ഥി വിസ റദ്ദാക്കി, രാജ്യവ്യാപകമായി കാംപസുകളില്‍ ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തി.
'സെമിറ്റിക് വിരുദ്ധത' ഉപയോഗിച്ചുള്ള ചൂഷണം അനിവാര്യമായും അമേരിക്കയിലും ലോകമെമ്പാടുമുള്ള ജൂതന്മാരെ സുരക്ഷിതരല്ലാത്തവരാക്കി മാറ്റി. എന്നിരുന്നാലും, ഗസയിലെ ഇസ്രായേലിന്റെ ക്രൂരതയും പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആഖ്യാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതും കാരണം, ആരോപണത്തെക്കുറിച്ചുള്ള ഭയം കുറഞ്ഞു തുടങ്ങിയിരിക്കുന്നു.
അധികാരം ഉറപ്പിക്കുന്നതിനായി, വാഷിങ്ടണും തെല്‍ അവീവും ദേശീയ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനും നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്താനും സിവില്‍, മനുഷ്യാവകാശ പുരോഗതിയുടെ ഘടികാരത്തെ പിന്നോട്ട് തിരിക്കാനും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ സുപ്രിംകോടതിയെ ദുര്‍ബലപ്പെടുത്തുന്നതിനും അദ്ദേഹത്തിന്റെ നിലവിലുള്ള അഴിമതി വിചാരണയെ തടസ്സപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി മുന്നോട്ട് വച്ചിട്ടുണ്ട്. ഏകീകൃതമായ ഒരു ലിഖിത ഭരണഘടനയുടെ അഭാവത്തില്‍, ഇസ്രായേല്‍ സര്‍ക്കാരിന്റെ എക്‌സിക്യൂട്ടീവ്, നിയമനിര്‍മാണ ശാഖകളുടെ (ഒരേ ഭരണ സഖ്യത്തിന്റെ നിയന്ത്രണത്തിലുള്ള) ഏക നിയന്ത്രണം സുപ്രിംകോടതി മാത്രമാണ്.
നെതന്യാഹുവിനെപ്പോലെ, ട്രംപും ജുഡീഷ്യറിയുടെ മേല്‍ എക്‌സിക്യൂട്ടീവ് ആധിപത്യം സ്ഥാപിക്കാനും നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്താനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, നെതന്യാഹുവില്‍നിന്ന് വ്യത്യസ്തമായി, വിവാദ വിഷയങ്ങളില്‍ തനിക്ക് അനുകൂലമായി വിധി പറയാന്‍ ട്രംപ് സുപ്രിംകോടതിയെയാണ് ആശ്രയിക്കുന്നത്. അവരുടെ യാഥാസ്ഥിതിക ഭൂരിപക്ഷം ഏകീകൃത എക്‌സിക്യൂട്ടീവ് സിദ്ധാന്തത്തിന്റെ വക്താക്കളാണ്.
ഇസ്രായേല്‍ സൈനിക അധിനിവേശത്തിന് കീഴില്‍ ഫലസ്തീനികള്‍ക്ക് നിയമവാഴ്ചയില്ല. അഞ്ചുപതിറ്റാണ്ടിലേറെയായി, ഇസ്രായേല്‍ അവര്‍ക്ക് അടിസ്ഥാന നിയമപരമായ നീതിന്യായ അവകാശങ്ങള്‍ നിഷേധിച്ചു. കുറ്റം ചുമത്താതെയോ വിചാരണ കൂടാതെയോ അവരെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുകയും തടങ്കലില്‍ വയ്ക്കുകയും അനിശ്ചിതമായി തടവിലാക്കുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും, അറസ്റ്റിനുശേഷം, അവരെ ദുരുപയോഗത്തിനും പീഡനത്തിനും വിധേയരാക്കുകയും അജ്ഞാത സ്ഥലങ്ങളിലേക്ക് അപ്രത്യക്ഷമാക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്രായേലിനെപ്പോലെ തന്നെ, അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര നാടുകടത്തല്‍ നടപടി നടപ്പിലാക്കുന്നതില്‍ ട്രംപ് ഭരണകൂടവും നടപടിക്രമങ്ങളും മാന്യതയും ലംഘിച്ചു. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനും പട്രോളിങ് നടത്താനും, നിയന്ത്രിക്കാനും ഇസ്രായേല്‍ സൈന്യത്തെ ഉപയോഗിക്കുന്നതുപോലെ, ട്രംപ് ഭരണകൂടവും ആഭ്യന്തര ആവശ്യങ്ങള്‍ക്കായി സൈന്യത്തെ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു.
കുടിയേറ്റ വിരുദ്ധ അജണ്ട നടപ്പിലാക്കുന്നതിനായി, ട്രംപ് നാഷണല്‍ ഗാര്‍ഡിനെ ഫെഡറലൈസ് ചെയ്യാനും അദ്ദേഹം പ്രതിപക്ഷമായി കരുതുന്ന അമേരിക്കന്‍ നഗരങ്ങളില്‍ അവരെ വിന്യസിക്കാനും ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. മുഖംമൂടി ധരിച്ച ഇമിഗ്രേഷന്‍, കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജന്റുമാരെയും രാജ്യത്തുടനീളമുള്ള കമ്മ്യൂണിറ്റികളിലേക്ക് വിട്ടിട്ടുണ്ട്. സംശയിക്കപ്പെടുന്ന അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്തിട്ടുണ്ട് - പലപ്പോഴും ഏകപക്ഷീയമായും അക്രമാസക്തമായും. മറ്റുള്ളവരെ വെളിപ്പെടുത്താത്ത സ്ഥലങ്ങളിലേക്ക് അപ്രത്യക്ഷമായതോ നിയമവിരുദ്ധമായി നാടുകടത്തിയതോ ആണ്.
നാഷണല്‍ ഗാര്‍ഡ് സൈന്യം ഇപ്പോള്‍ വാഷിങ്ടണ്‍ ഡിസി പിടിച്ചടക്കുകയും പട്രോളിങ് നടത്തുകയും ചെയ്യുന്നു, കൂടാതെ ജില്ലാ കോടതി ഉത്തരവ് ലംഘിച്ച് ലോസ് ഏഞ്ചല്‍സ് നിയമവിരുദ്ധമായി കൈവശപ്പെടുത്തുന്നു. ഷിക്കാഗോ, ബാള്‍ട്ടിമോര്‍, തുടങ്ങിയ ഡെമോക്രാറ്റിക് ചായ്വുള്ള നഗരങ്ങള്‍ എന്നിവ സൈനികമായി കൈവശപ്പെടുത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
വാഷിങ്ടണും തെല്‍ അവീവും ആഗ്രഹിക്കുന്നത് ദുഷ്‌കരവും ലജ്ജാകരവുമായ ചരിത്രത്തിന്റെ മായ്ച്ചുകളയലും ആധിപത്യ ആഖ്യാനങ്ങളുടെ നിര്‍മാണവുമാണ്. പതിറ്റാണ്ടുകളായി, ഇതിനകം തന്നെ ജനവാസമുള്ള ഭൂമിയില്‍ ഒരു കുടിയേറ്റ-കൊളോണിയല്‍ ജൂത രാഷ്ട്രം സ്ഥാപിക്കുന്നതിനെ ന്യായീകരിക്കുന്നതിനായി ഇസ്രായേല്‍ തങ്ങളുടെ ആദര്‍ശവാദ ആഖ്യാനം വില്‍ക്കാന്‍ ശക്തമായി ശ്രമിച്ചിട്ടുണ്ട്. ഫലസ്തീനിലെ അക്രമാസക്തമായ കുടിയിറക്കലും വര്‍ണവിവേചന അധിനിവേശവും, പ്രധാനമായും അമേരിക്കന്‍ പൊതുജനങ്ങള്‍ക്ക്, ആസ്വാദ്യമാക്കാന്‍ അവര്‍ ഒഴിഞ്ഞ ഭൂമിയെയും ഇരയാക്കലിനെയും കുറിച്ചുള്ള മിത്തുകള്‍ ഉപയോഗിച്ചു.
ഗസയില്‍ ഇസ്രായേല്‍ നടത്തിയ വംശഹത്യ യുദ്ധം വരെ, 'കോളനിവല്‍ക്കരണത്തിനായി കാത്തിരിക്കുന്ന ഒഴിഞ്ഞ ഭൂമി' എന്ന കെട്ടുകഥ മാത്രമായിരുന്നു പല പാശ്ചാത്യ സര്‍ക്കാരുകളും മാധ്യമങ്ങളും കേട്ടതോ വിശ്വസനീയമെന്ന് കരുതിയതോ ആയ ഒരേയൊരു കഥ.
അതുപോലെ, യൂറോ കേന്ദ്രീകൃതമായ ഒരു ആഖ്യാനത്തിലേക്ക് രാജ്യത്തെ മാറ്റാനുള്ള ശ്രമത്തില്‍, പ്രസിഡന്റ് ട്രംപ്, ചരിത്രത്തിന്റെ തിരഞ്ഞെടുത്തതും ശുദ്ധീകരിച്ചതുമായ ഒരു പതിപ്പ് മുന്നോട്ടുവയ്ക്കുന്നു. വംശം, ലിംഗഭേദം, വ്യവസ്ഥാപരമായ അടിച്ചമര്‍ത്തല്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍, പ്രത്യേകിച്ച് അക്കാദമിക് സ്വാതന്ത്ര്യം നിയന്ത്രിക്കാന്‍ അദ്ദേഹത്തിന്റെ ഭരണകൂടം നടപടികള്‍ സ്വീകരിച്ചു.
ഉദാഹരണത്തിന്, 2025 മാര്‍ച്ചില്‍, 'അമേരിക്കന്‍ ചരിത്രത്തിലേക്ക് സത്യവും വിവേകവും പുനസ്ഥാപിക്കല്‍' എന്ന തലക്കെട്ടോടെ അദ്ദേഹം ഏകപക്ഷീയമായി ഒരു എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു. പൈതൃകം സംരക്ഷിക്കുന്നതിനും അറിവ് വര്‍ധിപ്പിക്കുന്നതിനുമായി സമര്‍പ്പിച്ചിരിക്കുന്ന സ്ഥാപനങ്ങളെ ഈ നിര്‍ദേശം ഒറ്റപ്പെടുത്തുന്നു. നാഷണല്‍ മ്യൂസിയം ഓഫ് ആഫ്രിക്കന്‍ അമേരിക്കന്‍ ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് ഈ ഗതി. 'നമ്മുടെ സ്മിത്സോണിയനെ സംരക്ഷിക്കല്‍' എന്ന വിഭാഗത്തില്‍, 'അത്തരം സ്വത്തുക്കളില്‍നിന്ന് അനുചിതമായ പ്രത്യയശാസ്ത്രം നീക്കം ചെയ്യാന്‍' ശ്രമിക്കാന്‍ ട്രംപ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനോട് ഉത്തരവിട്ടു.
അമേരിക്കന്‍ സാമ്രാജ്യത്വവാദികളും ഇസ്രായേലി സയണിസ്റ്റുകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ദുരിതം ആഗോള സമൂഹം അനുഭവിച്ചിട്ടുണ്ട്, ഫലസ്തീനികളെ പോലെ തന്നെ.
2023 ഒക്ടോബര്‍ 7ന് സയണിസ്റ്റ്-സാമ്രാജ്യത്വ ആധിപത്യത്തിന് കീഴില്‍ കൂടുതല്‍ കഴിയാനുള്ള ഫലസ്തീനികളുടെ വിസമ്മതം അവര്‍ പ്രഖ്യാപിച്ചതിനാല്‍ ഇന്ന് ഗസയുടെ മണ്ണ് രണ്ടുലക്ഷം ഫലസ്തീനികളുടെ രക്തത്താല്‍ നനഞ്ഞിരിക്കുന്നു. ആ സുപ്രധാന ദിവസം, ഫലസ്തീനികള്‍ 'ഇനി വേണ്ട' എന്ന് പറഞ്ഞു.
വാഷിങ്ടണും തെല്‍ അവീവും കൂടുതല്‍ കൂടുതല്‍ പരുക്കന്മാരായി, അക്രമം അവരുടെ ശീലരായി, വംശഹത്യയോട് പ്രതിജ്ഞാബദ്ധരായി. പതിറ്റാണ്ടുകളായി സ്വന്തം ജനതയ്‌ക്കെതിരേ പ്രയോഗിച്ച തന്ത്രങ്ങളും ബലപ്രയോഗവും ഫലസ്തീനികള്‍ക്കെതിരേ അവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നു.
ഗസയിലെ ഫലസ്തീനികളുടെ ധൈര്യം ലോകത്തിന്റെ പല ഭാഗങ്ങളുടെയും മനസ്സാക്ഷിയെ ഉണര്‍ത്തിയിട്ടുണ്ട്. ഇത് ആഗോള സമൂഹത്തിന് അനന്തരഫലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ അവശേഷിപ്പിച്ചിരിക്കുന്നു.
ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേലിന്റെ വംശഹത്യ ശിക്ഷിക്കപ്പെടാതെ പോകുമോ?
ഇസ്രായേലിനെയും അമേരിക്കയെയും പതിവുപോലെ ബിസിനസ്സ് നടത്താനും രാഷ്ട്രങ്ങളുടെ കുടുംബത്തിനുള്ളില്‍ തുടരാനും അനുവദിക്കുമോ?
ഇസ്രായേലും അവരുടെ അമേരിക്കന്‍ ശക്തിയും നമ്മുടെ മേല്‍ അടിച്ചേല്‍പ്പിച്ച പേടിസ്വപ്നത്തില്‍നിന്ന് ഫലസ്തീനും ലോകവും കരകയറുമോ?
ഭൂതകാലത്തെ വീണ്ടെടുക്കാന്‍ കഴിയില്ല, എന്നാല്‍ അറുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോബ് ഡിലന്‍ ചോദിച്ചതും ഉത്തരം നല്‍കിയതുമായ ദാര്‍ശനികമായ ചോദ്യത്തിന് ഒടുവില്‍ ഉത്തരം ലഭിച്ചാല്‍ ഭാവി രക്ഷിക്കാന്‍ കഴിയും. ആ ചോദ്യം ഇതാണ്:
'ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ; നിങ്ങളുടെ പണം അത്ര നല്ലതാണോ?'
അത് നിങ്ങള്‍ക്ക് പാപമോചനം നേടിത്തരുമോ; അതിന് കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
നിങ്ങളുടെ മരണം അതിന്റെ ആഘാതം ഏറ്റെടുക്കുമ്പോള്‍, നിങ്ങള്‍ കണ്ടെത്തുമെന്ന് ഞാന്‍ കരുതുന്നു,
നീ സമ്പാദിച്ച പണം മുഴുവന്‍ ഒരിക്കലും നിന്റെ ആത്മാവിനെ തിരികെ വാങ്ങാന്‍ കഴിയില്ല.'
കടപ്പാട്: പലസ്തീന്‍ ക്രോണിക്ക്ള്‍
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















