Big stories

പ്രവചനങ്ങൾക്കതീതമായി പാലക്കാട്; ആര് വാഴും, ആര് വീഴും?

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ ഒരല്പം പതറിപ്പോയെങ്കിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഫലം എല്‍ഡിഎഫിന് ആശ്വാസം പകരുന്നുണ്ട്. ഭൂരിപക്ഷം മണ്ഡലങ്ങളിലും മേല്‍ക്കൈ തിരിച്ചുപിടിക്കാനായതാണ് ഈ ആശ്വാസത്തിന് കാരണം. അതേസമയം, എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ വോട്ടുവിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്.

പ്രവചനങ്ങൾക്കതീതമായി പാലക്കാട്; ആര് വാഴും, ആര് വീഴും?
X

പാലക്കാട്: രാഷ്ട്രീയമായി ആരോടും പ്രത്യേക മമതയോ പരിഭവമോ ഇല്ലാത്ത ജില്ലയാണ് പാലക്കാട്. ഇവിടെ പടർന്നുപന്തലിക്കുകയും അടിപതറുകയും ചെയ്ത ചരിത്രം ഇടതുവലതു മുന്നണികൾക്കും ഒരുപോലെയാണ്. ഓരോ തിരഞ്ഞെടുപ്പിലും രാഷ്ട്രീയ പാർട്ടികളുടെ ചങ്കിടിപ്പിനു വേഗം കൂട്ടുന്നതും പാലക്കാടിന്റെ ഈ പ്രവചനാതീത സ്വഭാവമാണ്. 4482 ചതുരശ്ര കിലോ മീറ്ററിലായി വ്യാപിച്ചു കിടക്കുന്ന പാലക്കാട് ജില്ലയിലെ ജനസംഖ്യ 28,09,934 ആണ്. ജില്ലയുടെ പ്രധാനമായ സാമ്പത്തിക രംഗം കൃഷിയാണ്. ആയതിനാല്‍ കേരളത്തിന്റെ കലവറ എന്ന വിശേഷണവും ജില്ലയ്ക്കുണ്ട്. സാക്ഷരത 89.31 ശതമാനമാണെങ്കിലും ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ അത് 14.37 ശതമാനവും ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ 1.74 ശതമാനവുമാണ്.

പാലക്കാട്, ആലത്തൂര്‍ ലോക്‌സഭാ മണ്ഡലങ്ങളുടെ ഭാഗമായ 11 നിയമസഭാ സമണ്ഡലങ്ങള്‍ക്കു പുറമേ പൊന്നാനി മണ്ഡലത്തിന്റെ ഭാഗമായ തൃത്താലയുള്‍പ്പെടെ 12 നിയമസഭാ മണ്ഡലങ്ങളാണ് പാലക്കാട്ട്. രാഷ്ട്രീയ പോരാട്ടം കൊണ്ട് മൂന്നു മണ്ഡലങ്ങളെങ്കിലും സംസ്ഥാന തലത്തില്‍ തന്നെ ഇത്തവണ ശ്രദ്ധാകേന്ദ്രമാകും. മലമ്പുഴ, പാലക്കാട്, തൃത്താല മണ്ഡലങ്ങളാണിവ. കഴിഞ്ഞതവണ ഇടതുമുന്നണിയില്‍ സിപിഎം ഒമ്പതിടത്തും സിപിഐ രണ്ടിടത്തും മല്‍സരിച്ചപ്പോള്‍ ജനതാദള്‍(എസ്) ഒരിടത്തുമാണ് മല്‍സരിച്ചിരുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ ഒരല്പം പതറിപ്പോയെങ്കിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഫലം എല്‍ഡിഎഫിന് ആശ്വാസം പകരുന്നുണ്ട്. ഭൂരിപക്ഷം മണ്ഡലങ്ങളിലും മേല്‍ക്കൈ തിരിച്ചുപിടിക്കാനായതാണ് ഈ ആശ്വാസത്തിന് കാരണം. അതേസമയം, എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ വോട്ടുവിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ രണ്ടു മണ്ഡലങ്ങളാണ് മലമ്പുഴയും പാലക്കാടും. ഇവയുള്‍പ്പെടെ ഏഴ് മണ്ഡലങ്ങളില്‍ ഇത്തവണ എന്‍ഡിഎ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.

മണ്ഡലങ്ങള്‍

1. തൃത്താല

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ആനക്കര, ചാലിശ്ശേരി, കപ്പൂര്‍, നാഗലശ്ശേരി, പരതൂര്‍, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തൃത്താല നിയമസഭാമണ്ഡലം. 1965 മുതല്‍ 1970 വരെയും 1980 മുതല്‍ 2006 വരെയും തൃത്താല നിയമസഭാ മണ്ഡലം പട്ടികജാതി സംവരണ മണ്ഡലമായിരുന്നു. 2016ലെ കണക്കനുസരിച്ച് 178784 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.

കഴിഞ്ഞ രണ്ടുതവണ വിടി ബല്‍റാം വിജയിച്ച തൃത്താല ഇത്തവണ ഏതുവിധേനയും തിരിച്ചുപിടിക്കാനാണ് ഇടതുമുന്നണി കോപ്പുകൂട്ടുന്നത്. സാമൂഹിക മാധ്യമ പോസ്റ്റിന്റെ പേരിലുണ്ടായ വാഗ്വാദത്തെത്തുടര്‍ന്ന് സിപിഎമ്മിന്റെ കണ്ണിലെ കരടായിമാറിയ ബല്‍റാമിനെതിരേ പ്രഖ്യാപിച്ച ഉപരോധം ഇപ്പോഴും തുടരുന്നുമുണ്ട്. ബല്‍റാം തന്നെയായിരിക്കും ഇത്തവണയും യുഡിഎഫിന് വേണ്ടി ജനവിധി തേടുക. എംബി രാജേഷിനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്.

2. പട്ടാമ്പി

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ കൊപ്പം, കുലുക്കല്ലൂര്‍, മുതുതല, ഓങ്ങല്ലൂര്‍, തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും പട്ടാമ്പി നഗരസഭയും ഉള്‍ക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പട്ടാമ്പി നിയമസഭാ മണ്ഡലം. മണ്ഡലം രൂപീകരിക്കപ്പെട്ട 1957 മുതല്‍ 2016 വരെ നടന്ന പതിനാല് തിരഞ്ഞെടുപ്പുകളില്‍ 3 തവണ മാത്രമാണ് പട്ടാമ്പിയിലെ ജനങ്ങള്‍ യുഡിഎഫിനൊപ്പം നിന്നത്. പതിനൊന്ന് തവണയും എല്‍ഡിഎഫ് തന്നെയാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചു കയറിയത്.

വിദ്യാര്‍ഥി നേതാവും ജെഎന്‍യു വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ മുന്‍നിരയിലുണ്ടായ മുഹമ്മദ് മുഹ്‌സിന്‍ പട്ടാമ്പി നിയമസഭാ മണ്ഡലത്തില്‍ നിന്ന് 2011 ല്‍ ജയിച്ചുകയറുന്നത് 7404 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സിപി മുഹമ്മദിനെയാണ് മുഹ്‌സിന്‍ തോല്‍പ്പിച്ചത്. പതിനാലാമത് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമാണ് മുഹമ്മദ് മുഹ്‌സിന്‍. ഇത്തവണയും മുഹ്‌സിന്‍ തന്നെയാകും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നാണ് വിവരം. സിപി മുഹമ്മദ്, കെഎസ്ബി തങ്ങള്‍ എന്നിവരുടെ പേരുകളാണ് യുഡിഎഫ് സാധ്യതാ പട്ടികയിലുളളത്.

3. ഷൊര്‍ണൂര്‍

പാലക്കാട് ജില്ലയിലെ ഷൊര്‍ണ്ണൂര്‍, ചെര്‍പ്പുളശ്ശേരി ?നഗരസഭകളും അനങ്ങനടി, ചളവറ, നെല്ലായ, തൃക്കടീരി, വാണിയംകുളം, വെള്ളിനേഴി എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഷൊര്‍ണ്ണൂര്‍ നിയമസഭാമണ്ഡലം. 2008ലെ നിയമസഭാ പുനനിര്‍ണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവില്‍ വന്നത്.

ഇടതുപക്ഷത്ത് നിന്നും സിപിഎം നേതാവ് പി കെ ശശി ആണ് ഷൊര്‍ണൂരിനെ നിയമസഭയില്‍ പ്രതിനിധാനം ചെയുന്നത്. സിപിഎമ്മിന് വലിയ വേരോട്ടമുള്ള മണ്ഡലമായ ഷൊര്‍ണൂരില്‍ 24,547 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പികെ ശശി നിയമസഭയിലെത്തിയത്. ലൈം?ഗികാതിക്രമം ഉള്‍പ്പടെ നിരവധി ആരോപണങ്ങള്‍ ഈ കാലയളവിനിടയില്‍ അദ്ദേഹം നേരിടേണ്ടിവന്നിട്ടുണ്ട്. എങ്കിലും പികെ ശശി സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ശശിയോട് പരാജയപ്പെട്ട സി സംഗീത തന്നെയാണ് യുഡിഎഫിന്റെ സാധ്യതാ പട്ടികയില്‍.

4. ഒറ്റപ്പാലം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരസഭയും ഒറ്റപ്പാലം താലൂക്കിലെ അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലക്കിടി-പേരൂർ, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഒറ്റപ്പാലം നിയമസഭാ മണ്ഡലം. 1982 ൽ രൂപീകരിക്കപ്പെട്ട മണ്ഡലത്തിൽ നടന്ന എട്ട് തിരഞ്ഞെടുപ്പുകളിൽ ഏഴിലും ജയിച്ചു കയറിയത് എൽഡിഎഫ് ആണ്.

2016ലെ കണക്ക് പ്രകാരം 197646 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. സിപിഎമ്മിൽ നിന്നുള്ള പി ഉണ്ണിയാണ് നിലവിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 67161 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി ഉണ്ണി വിജയിച്ചു കയറിയത്. ഇത്തവണയും പി ഉണ്ണി തന്നെ മൽസരിക്കുമെന്നാണ് എൽഡിഎഫ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. പി ഹരിഗോവിന്ദന്‍, ഡോ. പി സരിന്‍ എന്നിവരുടെ പേരുകളാണ് യുഡിഎഫ് സാധ്യതാ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

5. കോങ്ങാട്

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, തച്ചമ്പാറ, കരിമ്പ എന്നീ ഗ്രാമപഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ കേരളശ്ശേരി, കോങ്ങാട്, മങ്കര, മണ്ണൂർ, പറളി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് കോങ്ങാട്. 2011 മുതൽ കോങ്ങാട് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കെവി വിജയദാസ് ആണ്.

2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. പട്ടിക ജാതി സംവരണ മണ്ഡലമാണ്. 173779 വോട്ടർമാരാണ് മണ്ഡലത്തിൽ ആകെയുള്ളത്. 13271 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിലെ പന്തളം സുധാകരനെ വിജയദാസ് പരാജയപ്പെടുത്തിയത്. വിജയദാസ് കൊവിഡ് ബാധിച്ച് 2021 ജനുവരി 18ന് അന്തരിച്ചു. അതിനാൽ തന്നെ സ്ഥാനാർത്ഥിയായി പിപി സുമോദിന്റെ പേരാണ് മണ്ഡലത്തിൽ നിന്ന് ഉയർന്നു കേൾക്കുന്നത്. കെഎ തുളസിയുടെ പേരാണ് യുഡിഎഫ് സാധ്യതാ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

6. മണ്ണാര്‍ക്കാട്

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ അഗളി, അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, തെങ്കര , പുതൂർ, ഷോളയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും മണ്ണാർക്കാട് നഗരസഭയും ഉൾക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് മണ്ണാർക്കാട്. 2011 മുതൽ നിയമസഭയിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് മുസ്ലിം ലീ​ഗിന്റെ എൻ ഷംസുദ്ദീനാണ്.

സിപിഐയുടെ മണ്ഡലമാണ് മണ്ണാർക്കാട്. പെയ്ഡ് സീറ്റ് വിവാദം ഉയർന്ന മണ്ഡലം കൂടിയാണ് മണ്ണാർക്കാട്. തിരഞ്ഞെടുപ്പ് ധാരണകൾ ഉയരും മുമ്പ് തന്നെ സീറ്റ് പ്രദേശത്തെ പ്രമുഖ വ്യവസായിക്കായി സിപിഐ മാറ്റിവച്ചെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. 2011ൽ സിപിഐയിലെ കെപി സുരേഷ് രാജിനെ 12325 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷംസുദ്ദീൻ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഷംസുദ്ദീന് വോട്ട് ഭൂരിപക്ഷം 8270 ആയി കുറഞ്ഞിരുന്നു. ഷംസുദ്ദീനെ ലീ​ഗ് മൽസരിപ്പിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം വന്നിട്ടില്ല.

7. മലമ്പുഴ

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിലെ അകത്തേത്തറ, എലപ്പുള്ളി, കൊടു‌മ്പ്, മലമ്പുഴ, മരുതറോഡ്, മുണ്ടൂർ, പുതുശ്ശേരി, പുതുപ്പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മലമ്പുഴ. തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന മുദ്രാവാക്യം ഉയര്‍ന്നു മുഴങ്ങുന്ന ചുവന്ന മണ്ണാണ് മലമ്പുഴ. സിപിഎമ്മുകാരെയല്ലാതെ മറ്റൊരു പാര്‍ട്ടിക്കാരെയും നിയമസഭയിലേക്ക് വിജയിപ്പിച്ചിട്ടില്ലാത്ത ജനങ്ങള്‍. കണ്ണൂര്‍ ജില്ലയ്ക്കു പുറത്ത് സിപിഎമ്മിന്റെ ഏറ്റവും സുരക്ഷിത മണ്ഡലം.

കഴിഞ്ഞ നാല് തവണയും മണ്ഡലത്തെ പ്രതിനിധീകരിച്ചത് വിഎസാണ്. എന്നാല്‍, ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഇത്തവണ വിട്ടുനില്‍ക്കുന്ന വിഎസിന്റെ അഭാവത്തില്‍ സംസ്ഥാനം ഉറ്റുനോക്കുന്ന മണ്ഡലത്തിൽ എ പ്രഭാകരന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. എസ്കെ അനന്തകൃഷ്ണന്‍, കുമാരസ്വാമി എന്നിവരെയാണ് യുഡിഎഫ് പരി​ഗണിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്ത് വന്നത് ഇരു മുന്നണികളും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ബിജെപി ഉന്നംവയ്ക്കുന്ന സംസ്ഥാനത്തെ ചുരുക്കം ചില സീറ്റുകളിൽ ഒന്നാണ് ഇത്.

8. പാലക്കാട്

പാലക്കാട് ജില്ലയിലെ പാലക്കാട് നഗരസഭയും പാലക്കാട് താലൂക്കിലെ കണ്ണാടി, പിരായിരി എന്നീ ഗ്രാമപഞ്ചായത്തുകളും ആലത്തൂർ താലൂക്കിലെ മാത്തൂർ ഗ്രാമപഞ്ചായത്തും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പാലക്കാട്. 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഷാഫി പറമ്പിലാണ്.

ഇത്തവണ ശക്തമായ ത്രികോണപ്പോരാട്ടത്തിനു സാധ്യതയുള്ള മണ്ഡലമാണ് പാലക്കാട്. നഗരഭരണം കൈയ്യാളുന്ന ബിജെപിയും ഇടതുവലതു മുന്നണികളും ഒരുപോലെ നോട്ടംവച്ചിരിക്കുന്ന മണ്ഡലമാണ്. വിജയ സാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയിൽ പാലക്കാടിന് മുൻനിര സ്ഥാനമാണ് ബിജെപി നൽകുന്നത്. കഴിഞ്ഞ രണ്ടു തവണത്തെ വിജയം ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് യുഡിഎഫ്. എൻഎൻ കൃഷ്ണദാസിനെപ്പോലെ ശക്തനായ ഒരു സ്ഥാനാർഥിയുടെ സാന്നിധ്യത്തിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇത്തവണ വലിയ വെല്ലുവിളിയാണ് മുന്നിൽ.

ഹാട്രിക് ജയം തേടുന്ന ഷാഫി പറമ്പിൽ തന്നെ ഇത്തവണയും കോൺഗ്രസിന്റെ പടയാളിയായി കളത്തിലിറങ്ങുമെന്നത് ഏതാണ്ട് ഉറപ്പാണ്. യുവമോർച്ച നേതാവും സംസ്ഥാന വക്താവുമായ സന്ദീപ് വാര്യരാണ് പരിഗണനയിലുള്ള മറ്റൊരു പേര്. കരുത്തു തെളിയിക്കേണ്ടത് അനിവാര്യമായ പോരാട്ടത്തിൽ സ്ഥാനാർഥി നിർണയം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം തലവേദനയാണ്. അനുഭവ പരിചയമുള്ള പല നേതാക്കളുടെയും പേരുകൾ പരിഗണനയിലുണ്ടെങ്കിലും യുവനിരയിൽ നിന്നുമൊരാളെ സിപിഎം നിയോഗിച്ചാൽ അദ്ഭുതപ്പെടാനില്ല. 17,483 വോട്ടുകൾക്കായിരുന്നു കഴിഞ്ഞ തവണ ഷാഫി പറമ്പിലിന്റെ ജയം. തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തിലെ മേൽക്കോയ്മ നിലനിർത്താൻ യുഡിഎഫിന് കഴിഞ്ഞെങ്കിലും ലീഡ് 3,785 ആയി കുറഞ്ഞിരുന്നു.

9. ചിറ്റൂര്‍

പാലക്കാട് ജില്ലയിലെ ചിറ്റൂർ, തത്തമംഗലം നഗരസഭയും എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടകരപ്പതി പെരുവെമ്പ്, പൊൽപ്പുള്ളി പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് ചിറ്റൂർ. 1957 മുതൽ 2011 വരെ നടന്ന പതിനാലു തിരഞ്ഞെടുപ്പുകളിൽ അഞ്ചു തവണ കോൺഗ്രസും മൂന്ന് തവണ സിപിഐ സ്ഥാനാർഥികളും വിജയിച്ചിട്ടുണ്ട്. ഇടതു വലതു മുന്നണികളെ ഒരേ പോലെ സഹായിച്ചിട്ടുണ്ട് ഈ മണ്ഡലം.

മന്ത്രി കെ.കൃഷ്ണൻകുട്ടി തന്നെയാകും ചിറ്റൂരിൽ ഇത്തവണയും ഇടതു സ്ഥാനാർഥിയെന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. സിപിഎമ്മിനു കാര്യമായ വേരോട്ടമുള്ള മണ്ണിൽ സോഷ്യലിസ്റ്റ് ആശയങ്ങൾക്കും നല്ല സ്വീകാര്യതയാണ്. ഏതാനും വർഷങ്ങളായി ചിറ്റൂരിലെ അങ്കമെന്നാൽ അതു കെ കൃഷ്ണൻകുട്ടിയും കോണ്‍ഗ്രസിലെ കെ അച്യുതനും തമ്മിലുള്ള വ്യക്തിഗത പോരാട്ടമാണ്. 7,285 വോട്ടിനായിരുന്നു കഴിഞ്ഞ തവണ കൃഷ്ണൻകുട്ടിയുടെ ജയം. നില ഒന്നുകൂടി മെച്ചപ്പെടുത്തി 12,956 വോട്ടിന്റെ ലീഡാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇവിടെ ഇടതുമുന്നണി കരസ്ഥമാക്കിയത്.

10. നെന്മാറ

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ എലവഞ്ചേരി, കൊടുവായൂർ, കൊല്ലങ്കോട്, മുതലമട, നെല്ലിയാമ്പതി, നെന്മാറ, പല്ലശ്ശന, അയിലൂർ, പുതുനഗരം, വടവന്നൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് നെന്മാറ. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. സിപിഎമ്മിലെ കെ ബാബുവാണ് നെന്മാറ മണ്ഡലത്തിന്റെ ഇപ്പോഴത്തെ പ്രതിനിധി.

സിറ്റിങ് എംഎൽഎ തന്നെ ഇടതു പ്രതിനിധിയായി തുടരാനുള്ള സാധ്യത കൂടുതലുള്ള മണ്ഡലങ്ങളിലൊന്നാണ് നെന്മാറ. 2011ൽ സിഎംപി നേതാവ് എംവി രാഘവൻ മത്സരിച്ച ചരിത്രവും നെന്മാറക്കുണ്ട്. 2016 ൽ സീറ്റ് തിരിച്ചെടുത്ത കോൺഗ്രസ് ഇവിടെ എവി ഗോപിനാഥിനെ കളത്തിലിറക്കിയെങ്കിലും ഇടതുജയം തടയാനായില്ല. 7,408 വോട്ടിനായിരുന്നു കെ ബാബുവിന്റെ ജയം. സിഎംപിക്കു തന്നെ സീറ്റ് വിട്ടുകൊടുക്കുകയാണെങ്കിൽ എംവിആർ കാൻസർ സെന്റർ ചെയർമാൻ സിഎൻ വിജയകൃഷ്ണൻ മൽസരിക്കാനിടയുണ്ട്.

11. ആലത്തൂര്‍

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ ആലത്തൂർ, എരിമയൂർ, കിഴക്കഞ്ചേരി, കുഴൽമന്ദം, മേലാർകോട്, തേങ്കുറിശ്ശി, വണ്ടാഴി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് ആലത്തൂർ. 2016 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് സിപിഎമ്മിലെ കെഡി പ്രസേനനാണ്.

നിലവിലെ ജനപ്രതിനിധിയായ കെഡി പ്രസേനൻ തന്നെയാകും ഇത്തവണയും ഇടതു മുന്നണിയുടെ പ്രതിനിധി. ലോക്സഭ തിരഞ്ഞെടുപ്പിൽ രമ്യ ഹരിദാസിലൂടെ നേടിയ അട്ടിമറി വിജയത്തോടെ ജയസാധ്യത യുഡിഎഫ് ക്യാംപും മണക്കുന്നു. കേരള കോൺഗ്രസ് എമ്മിനു പതിവായി നൽകാറുള്ള സീറ്റ് ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കണമെന്ന വാദത്തിലാണ് ചർച്ചകളെത്തി നിൽക്കുന്നത്.

കൂടുതലും ചുവന്ന ചരിത്രമുള്ള ആലത്തൂരിൽ കോൺഗ്രസ് എന്നും ഓർക്കുന്ന ജയങ്ങളിലൊന്നിലെ നായകനായ എവി ഗോപിനാഥിനെ ഇത്തവണ രംഗത്തിറക്കണമെന്ന ആഗ്രഹം പാർട്ടിക്കുള്ളിൽ ശക്തമാണ്. എന്നാൽ ഇത്തരമൊരു ആവശ്യത്തോട് ഗോപിനാഥ് എത്രത്തോളും വഴങ്ങുമെന്നത് സ്ഥാനാർഥി നിർണയത്തില്‍ പ്രധാനമാകും. യുവനേതാവായ പാളയം പ്രദീപാണ് പരിഗണനയിലുള്ള മറ്റൊരു വ്യക്തി. 36,060 വോട്ടിന്റെ ഭൂരിപക്ഷമാണ് 2016 ൽ മണ്ഡലം ഇടതിനു സമ്മാനിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ 16,750 വോട്ടായി കുറഞ്ഞിട്ടുണ്ട്.

12. തരൂര്‍

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ കണ്ണമ്പ്ര, കാവശ്ശേരി, കോട്ടായി, കുത്തന്നൂർ, പെരിങ്ങോട്ടുകുറിശ്ശി, പുതുക്കോട്, തരൂർ, വടക്കഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തരൂർ. സിപിഎമ്മിലെ എകെ ബാലനാണ് 2011 മുതൽ തരൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. പട്ടിക ജാതി സംവരണ മണ്ഡലമാണ്.

തരൂരിന്റെ പ്രതിനിധിയായ മന്ത്രി എകെ ബാലന്‍ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്നതാണ് സൂചന. സിപിഎമ്മിന്റെ സുരക്ഷിത കോട്ടയെന്ന ലേബൽ തരൂരിനും രൂപം മാറുന്നതിനു മുമ്പുള്ള കുഴൽമന്ദത്തിനും തീർത്തും ഇണങ്ങും. ബാലൻ മാറിനിൽക്കുകയാണെങ്കിൽ മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ ശാന്താകുമാരിക്കാണ് കൂടുതൽ സാധ്യത. മണ്ഡലത്തിലെ തന്നെ യുവനേതാവായ സി പ്രകാശനായിരുന്നു കഴിഞ്ഞ തവണ യുഡിഎഫിന്റെ സ്ഥാനാർഥി. സമാന പരീക്ഷണത്തിനു തന്നെയാകും കോൺഗ്രസ് ഇത്തവണയും മുതിരുക. 23,068 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എകെ ബാലൻ കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ടത്. തദ്ദേശപ്പോരിലും 12,334 വോട്ടിന്റെ ആധിപത്യം ഇടതുമുന്നണിക്കുണ്ട്.

Next Story

RELATED STORIES

Share it