Big stories

ഫീസ് നിശ്ചയിക്കാതെ സര്‍ക്കാര്‍ ; അവയവമാറ്റ ശസ്ത്രക്രിയകളിലൂടെ സ്വകാര്യ ആശുപത്രികള്‍ കൊയ്യുന്നത് കോടികള്‍

കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന അവയവമാറ്റങ്ങളുടെ കണക്ക് സര്‍ക്കാരിന്റെ പക്കലില്ല.സ്വകാര്യ ആശുപത്രികളില്‍ അവയമാറ്റ ശസ്ത്രക്രിയകള്‍ നടത്താന്‍ സര്‍ക്കാര്‍ ഫീസ് നിശ്ചയിച്ച് നല്‍കിയിട്ടുമില്ല.കേരളത്തിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളായ തിരുവനന്തപുരം,കോഴിക്കോട്,കോട്ടയം,ആലപ്പുഴ മെഡിക്കല്‍ കോളജുകളില്‍ അവയവമാറ്റ ശസത്രക്രിയകള്‍ നടക്കുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പ്.52 സ്വകാര്യ ആശുപത്രികളില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ട്

ഫീസ് നിശ്ചയിക്കാതെ സര്‍ക്കാര്‍ ; അവയവമാറ്റ ശസ്ത്രക്രിയകളിലൂടെ സ്വകാര്യ ആശുപത്രികള്‍ കൊയ്യുന്നത് കോടികള്‍
X

കൊച്ചി: കേരളത്തില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്തി സ്വകാര്യ ആശുപത്രികള്‍ കോടികള്‍ കൊയ്യുമ്പോള്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ നടക്കുന്ന അവയവമാറ്റ ശസ്ത്രക്രിയകള്‍ പുറം ലോകമറിയുന്നില്ല. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന അവയവമാറ്റങ്ങളുടെ കണക്ക് സര്‍ക്കാരിന്റെ പക്കലുമില്ല.സ്വകാര്യ ആശുപത്രികളില്‍ അവയമാറ്റ ശസ്ത്രക്രിയകള്‍ നടത്താന്‍ സര്‍ക്കാര്‍ ഫീസ് നിശ്ചയിച്ച് നല്‍കിയിട്ടുമില്ല.ഇതു മൂലം തോന്നുന്നതുപോലെയാണ് ഒരോ അവയവമാറ്റ ശസ്ത്രക്രിയക്കും സ്വകാര്യ ആശുപത്രികള്‍ പണമീടാക്കുന്നതത്രെ.കേരളത്തിലെ പ്രധാനപ്പെട്ട മെഡിക്കല്‍ കോളജ് ആശുപത്രികളായ തിരുവനന്തപുരം,കോഴിക്കോട്,കോട്ടയം,ആലപ്പുഴ മെഡിക്കല്‍ കോളജുകളില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പ് വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയ്ക്ക് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

നാലു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലുമായി 2010 ജനുവരി ഒന്നു മുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള കാലഘട്ടത്തില്‍ 875 അവയവമാറ്റ ശസ്ത്രകിയകള്‍ നടത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.ഏറ്റവും കൂടുതല്‍ അവയമാറ്റ ശസ്ത്രക്രിയ നടത്തിയത് കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്.432 ശസ്ത്രക്രിയകളാണ് ഇവിടെ നടന്നത്.ഇതില്‍ 432 എണ്ണവും കിഡ്‌നി മാറ്റിവെയ്ക്കല്‍ ശസ്ത്രകിയകളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 293 ശസ്ത്രക്രിയകളാണ് നടന്നത്.ഇതില്‍ 292 എണ്ണവും വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകളാണ്.ഒരു കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയും നടന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ 138 അവയവമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകളാണ് നടന്നിട്ടുള്ളത് ഇതില്‍ 134 എണ്ണം വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകളാണ്. നാല് ഹൃദയം മാറ്റിവെയ്ക്കല്‍ ശസത്രക്രിയകളും നടത്തിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ നല്‍കിയ കണക്കുകളില്‍ വ്യക്തമാക്കുന്നു.ആലപ്പുഴ മെഡിക്കല്‍ കോളജില്‍ 12 വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ 52 സ്വകാര്യ ആശുപത്രികള്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്തുന്നുണ്ടെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയം നല്‍കിയ കണക്കുകള്‍ ചൂണ്ടികാണിക്കുന്നത്.വിവിധ ജില്ലകളിലെ ഒട്ടുമിക്ക സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലും അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്നുണ്ടെന്നാണ് പട്ടികയില്‍ നിന്നും വ്യക്തമാകുന്നത്.എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ അവയവ മാറ്റ ശസ്്ത്രക്രിയ നടത്തിയതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ലെന്നും മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയം വ്യക്തമാക്കുന്നു.2010 ജനുവരി ഒന്നു മുതല്‍ 2018 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ എത്ര അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്തിയെന്നതിന്റെ കണക്കുകളോ ഏതൊക്കെ സ്വകാര്യ ആശുപത്രികള്‍ക്ക് അവയവമാറ്റ ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നോ എന്നത് സംബന്ധിച്ച് കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് (കെഎന്‍ഒഎസ്) നും വിവരമില്ല. അതേ സമയം സ്വകാര്യ ആശുപത്രികള്‍ക്ക് അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് സര്‍ക്കാര്‍ ഫീസ് നിശ്ചയിച്ച് നല്‍കിയിട്ടില്ലാത്തതിനാല്‍ തോന്നുന്നതുപോലെയാണ് ഇവര്‍ പണമീടാക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.

Next Story

RELATED STORIES

Share it