- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നൂര്‍: വിരഹ വേദനയില്‍ ഏകയായി!

(ഇസ്രായേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനി കുടുംബത്തിലെ പതിനാലുകാരി പെണ്‍കുട്ടിയെ കുറിച്ച് അവളുടെ അമ്മാവന്‍, ഗ്രന്ഥകാരനും പാലസ്തിന്‍ അഭയാര്‍ഥിയുമായ ഡോ. യൂസഫ് അല്‍ ജമാല്‍ എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ്)
വിവര്‍ത്തനം: റഷീദ് അയിരൂര്‍
2025 ആഗസ്റ്റ് 6ന് അതിരാവിലെ 3 മണിയോടടുകൂടി മുപ്പത്തഞ്ചു വയസുകാരിയായ എന്റെ എന്റെ സഹോദരി സുമയ്യയും അവളുടെ ഭര്‍ത്താവ് അനസ് (34), അവരുടെ മക്കളായ നൂര്‍ (14), ഹൂര്‍ (13), ഷാം (9) എന്നിവര്‍ താമസിച്ചിരുന്ന അപാര്‍ട്ട്‌മെന്റില്‍ ഇസ്രയേല്‍ മരണം വര്‍ഷിച്ചു. ആക്രമണത്തില്‍ എന്റെ സഹോദരിയും കുടുംബത്തിലെ മൂത്ത മകളൊഴികെ മറ്റെല്ലാവരും രക്തസാക്ഷികളായി. പതിനാല് വയസുള്ള മൂത്തമകള്‍ നൂര്‍ മാത്രമാണ് മരണത്തില്‍ നിന്നും മാരകമായ പരുക്കുകളോടെ കഷ്ടിച്ചു രക്ഷപെട്ടത്. അവളുടെ കൈകള്‍ ഒടിഞ്ഞിരുന്നു, ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നു. പിറ്റേന്ന് ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകുമ്പോല്‍, അവള്‍ തന്റെ ഉമ്മയെയും ഉപ്പയെയും വിളിച്ചു ഉറക്കെ കരഞ്ഞു. തന്റെ മാതാപിതാക്കള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് അറിയാമായിരുന്നുവെങ്കിലും, അവളുടെ ശാരീരിക-മാനസിക വേദനകള്‍ക്കിടയില്‍ മാതാപിതാക്കളുടെ ഓര്‍മ്മകളെങ്കിലും കൂടെവേണം എന്നവള്‍ ആഗ്രഹിച്ചിട്ടുണ്ടാവാം. ഇപ്പോള്‍ ആ കുടുംബത്തില്‍ ജീവിച്ചിരിക്കുന്ന ഒരേ ഒരാള്‍ നൂര്‍ മാത്രമാണ് എന്ന വേദനിക്കുന്ന സത്യം പൊടുന്നനെ ഉള്‍ക്കൊള്ളാന്‍ അവള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാവാം. കൊല്ലപ്പെട്ട മാതാപിതാക്കളെയും സഹോദരങ്ങളെയും ഓര്‍ത്ത് അവളിപ്പോളും സങ്കടപ്പെടുന്നു, അവരുമൊത്തുള്ള ഓര്‍മ്മകള്‍ അവള്‍ പങ്കുവെക്കുന്നു.
ഗസയില്‍ രൂപം കൊണ്ട 'Wounded Child, No Surviving Family' (WCNSF) 'മാതാപിതാക്കള്‍ കൊല്ലപ്പെട്ട കുടുംബങ്ങളിലെ മുറിവേറ്റ കുഞ്ഞ്' - എന്ന വാക്ക് ഞാന്‍ കേട്ടിട്ടുണ്ട്, പക്ഷേ ആ നിര്‍ഭാഗ്യം എന്റെ കുടുംബത്തില്‍ സംഭവിക്കുമെന്ന് ഒരിക്കല്‍ പോലും ഞാന്‍ കരുതിയിരുന്നില്ല. കുടുബങ്ങള്‍ നഷ്ടപ്പെട്ടശേഷം ജീവിച്ചിരിക്കുന്ന കുട്ടികള്‍ക്കുണ്ടാകുന്ന വേദന വാക്കുകളില്‍ വിവരിക്കാനാവുന്നതല്ല.
കുട്ടികള്‍ തമ്മിലുള്ള ഒരു പിണക്കമാണ് നൂറിന്റെ ജീവന്‍ രക്ഷിച്ചതെന്ന് അവളെന്നോട് സങ്കടത്തോടെ പറയുകയുണ്ടായി. സാധാരണയായി, അവള്‍ സഹോദരി ഹൂറിന്റെ കൂടെയാണ് ഉറങ്ങാറ്. അവര്‍ തമ്മില്‍ തമ്മില്‍ ഏറെ സ്‌നേഹമായിരുന്നു. ഒരുമിച്ച് കളിച്ചു, ഒരുമിച്ച് സ്‌കൂളില്‍ പോയി, ഒരേ വിരിപ്പില്‍ ഉറങ്ങി, മിട്ടായി വാങ്ങാന്‍ ഒരുമിച്ച് കടയില്‍ പോയിരുന്നവര്‍...! പക്ഷേ, അന്നു രാത്രി മാത്രം, അവര്‍ തമ്മില്‍ ചെറിയൊരു പിണക്കമുണ്ടായി. അതിനാല്‍ നൂര്‍, ഹൂറിന്റെ കൂടെ കിടക്കാതെ മുറിയുടെ കര്‍ട്ടനിട്ട ഭാഗത്ത് ഉറങ്ങാന്‍ തീരുമാനിച്ചു. ആ രാത്രിയുടെ പുലര്‍ച്ചെയാണ് അവരുടെ വീടിനുനേരെ ഇസ്രായേല്‍ മിസൈല്‍ വര്‍ഷിച്ചത്. നൂര്‍ ഒഴികെ എല്ലാവരും രക്തസാക്ഷികളായി. നൂറിന്റെ ശരീരം, അവള്‍ കിടന്ന വിരിപ്പിനൊപ്പം തെറിച്ചുപോയി കുളിമുറിയുടെ മതിലില്‍ തട്ടിവീണു. അവളുടെ കൈകള്‍ നുറുങ്ങിപ്പോയെങ്കിലും ജീവന്‍മാത്രം തിരിച്ചുകിട്ടി.
എന്റെ സഹോദരി സുമയ്യയുടെ ആകര്‍ഷമായ സ്വഭാവവും എഴുത്തിനോടും വായനയോടുമുള്ള ആഭിമുഖ്യവും ഞാനിപ്പോള്‍ ഓര്‍ക്കുന്നു. അവള്‍ ജേര്‍ണലിസം പഠിച്ചെങ്കിലും ജോലിക്ക് പോകാന്‍ കഴിഞ്ഞില്ല. പകരം ഈ വംശഹത്യാകാലത്ത്, അവള്‍ ഗസയിലെ കുഞ്ഞുങ്ങളെ ഭാഷയും ഗണിതവും പഠിപ്പിച്ചു.
ഒരു ദിവസം, അവള്‍ കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നതിന്റെ ഒരു ഫോട്ടോ എനിക്ക് അയച്ചു തന്നു. ചുവരില്‍ തൂക്കിയ വെളുത്ത ബോര്‍ഡില്‍ വലിയ അക്ഷരത്തിലവള്‍ 'HOPE' (പ്രതീക്ഷ) എന്ന വാക്ക് എഴുതിയിരുന്നു. വംശഹത്യകള്‍ക്ക് ഒരവസാനം ഉണ്ടാവുമെന്നും ഗസയിലെ ല്‍ ജനങ്ങള്‍ അതിജീവിക്കുമെന്നുമുള്ള പ്രതീക്ഷയുടെ ചോരനിറമാര്‍ന്ന അക്ഷരങ്ങള്‍!
ഞങ്ങളുടെ അവസാന സന്ദേശം കൈമാറിക്കൊണ്ട് അവളെഴുതി: ''നമ്മള്‍ ഇന്നും നരമേധങ്ങളുടെ ലോകത്താണ്, നല്ല വാര്‍ത്തകളുണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ'. ഈ സന്ദേശം എനിക്ക് ലഭിച്ചത്തിനു ശേഷമാണ്, ആഗസ്റ്റ് 6ന് അവളുടെ കുടുംബം മുഴുവന്‍ കൊല്ലപ്പെട്ട ദുഃഖകരമായ വാര്‍ത്തയറിഞ്ഞു, പിറ്റേന്ന് ഞാന്‍ ഞെട്ടിയുണര്‍ന്നത്!
കുട്ടിക്കാലത്ത് കുസൃതികളും സാഹസികതയും കൊണ്ട് പ്രശസ്തയായിരുന്നു സുമയ്യ. ഒരിക്കല്‍ കുടുംബത്തോടൊപ്പം യാത്രചെയ്യുമ്പോള്‍, ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചു അവള്‍. മറ്റൊരിക്കല്‍, ഞങ്ങളുടെ വല്ല്യമ്മയുടെ വീട്ടിലെ ഒലീവ് മരത്തിലേക്ക് കയറി ഒളിച്ചിരുന്നു. സാഹസികതയോടുള്ള ആഭിമുഖ്യം അവളുടെ മൂന്ന് പെണ്‍മക്കള്‍ക്കും പകര്‍ന്നുകിട്ടിയിട്ടുണ്ട്. കുട്ടികളെ ഒരേ പോലെയുള്ള മഹോഹര വസ്ത്രങ്ങള്‍ ധരിപ്പിച്ചു സുന്ദരിമാരാക്കി, അവരെ പാര്‍ക്കുകളിലേക്ക് കൊണ്ടുപോയിയിരുന്നു, അവര്‍ക്ക് കളിക്കാനുള്ള പരമാവധി അവസരങ്ങള്‍ ഒരുക്കിയിരുന്നു സുമയ്യ.
2013ല്‍ ഞാന്‍ ന്യൂസിലാന്‍ഡില്‍ നിന്ന് ഗസയിലേക്ക് മടങ്ങുമ്പോള്‍, 'മവോരി ഹാക്ക' എന്ന പരമ്പരാഗത നൃത്തത്തെക്കുറിച്ചുള്ള ഒരു പുസ്തകം കൊണ്ടുവന്നിരുന്നു. കഴിഞ്ഞ ജൂലൈയില്‍, മവോരി നൃത്തം കാണാനായി റൊട്ടോറുവയിലേക്ക് പോയി വീണ്ടും പോകേണ്ടി വന്നു. മവോരി ഗ്രാമമുഖ്യന്‍ എന്നെ സന്തോഷത്തോടെ സ്വീകരിച്ചു. ഹൂര്‍ ആ നൃത്തപുസ്തകം വായിച്ചിരുന്ന കാര്യം ഗ്രാമമുഖ്യനോട് പറഞ്ഞു. ഒരു മാസത്തിന് ശേഷം എന്റെ സഹോദരിയുടെ കുടുംബാംഗങ്ങളുടെ ശരീരങ്ങള്‍ വിരൂപവും കഷ്ണങ്ങളുമായി ചിതറി, മയ്യിത്ത് പുടവയില്‍ പൊതിയപ്പെട്ടിരിക്കുന്നു.
ഫലസ്തീനി ജനതക്ക് വീട് മാത്രമല്ല, ഖബറിടങ്ങള്‍ പോലും സ്വന്തമായി ഇല്ല. ഗസയില്‍ ആവശ്യത്തിന് ഖബറിടങ്ങള്‍ പോലും ഇല്ലായിരുന്നു. സുമയ്യയുടെ ഭര്‍ത്താവ് അനസിനെയും മകള്‍ ഹൂറിനെയും എന്റെ അമ്മായിയുടെ ഖബര്‍ തുറന്ന് അതില്‍ അടക്കേണ്ടിവന്നു. ഷാമും സുമയ്യയും 2007ല്‍ ഇസ്രയേലിന്റെ ഉപരോധത്തില്‍ രക്തസാക്ഷിയായ എന്റെ മറ്റൊരു സഹോദരി സൈനബിന്റെ കല്ലറയില്‍ അടക്കപ്പെട്ടു. അവരുടെ പ്രിയപ്പെട്ടവരുടെ കൂടെ ഖബറില്‍ ഒരുമിച്ചു കൂടുന്നതില്‍ അവര്‍ക്കു ഏറെ ആശ്വാസവും സമാധാനവും സന്തോഷവും ഉണ്ടാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ ജീവിച്ചിരിക്കുമ്പോള്‍ അതിന് അവര്‍ക്കു അവസരം ലഭിച്ചില്ല.
ഒരു മിസൈല്‍ എന്റെ സുമയ്യയുടെയും കുടുംബത്തിന്റെയും ജീവിതങ്ങളെ പാതിവഴിയില്‍ അവസാനിപ്പിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. കളിപ്പാട്ടങ്ങള്‍ക്കും ഐസ്‌ക്രീമിനും വേണ്ടി നൂറും ഹൂറും കൂടുതല്‍ വഴക്കുകള്‍ ഉണ്ടായിരുന്നെങ്കില്‍.....
അവരുടെ പിതാവിനോട് വണ്ടി വേഗത്തില്‍ ഓടിക്കാന്‍ പറഞ്ഞു അവരുടെ മുടി കാറ്റില്‍ പറക്കുന്നത് കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍....എന്നെല്ലാമുള്ള ചിന്തകള്‍ എന്നെ വേട്ടയാടുന്നു!
ലോകത്തിന്റെ നിശബ്ദതയും പങ്കാളിത്തവും ഫലസ്തീനില്‍ വംശഹത്യയ്ക്ക് വഴിയൊരുക്കുന്നു. എന്റെ സഹോദരിയുടെ കുടുംബത്തിന് സ്വന്തമായി കല്ലറകള്‍ പോലും ഇല്ല. ഗസ സ്വതന്ത്രമാകുമ്പോള്‍ ഒരു ദിവസം അവരുടെ ഖബറിടം സന്ദര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു (ഇസ്രയേല്‍ ഗസയിലെ മിക്ക ഖബറുകളും തകര്‍ത്തതുപോലെ അവയും തകര്‍ത്തില്ലെങ്കില്‍).
എന്റെ സഹോദരിയുടെ കുടുംബത്തെ നിങ്ങള്‍ ഓര്‍ക്കണം. അവരുടെ പേരുകളും കഥകളും പ്രതീക്ഷകളും നിങ്ങളെങ്കിലും മനസ്സില്‍ സൂക്ഷിക്കണം. അവരുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ലോകം പരാജയപ്പെട്ടപ്പോള്‍, അവരുടെ ഓര്‍മ്മകളെങ്കിലും നിലനില്‍ക്കാനായി നമുക്ക് ചെയ്യാവുന്നതില്‍ ഏറ്റവും കുറഞ്ഞത് അത് മാത്രമാണ്
ഹൂറും ഷാമും അവര്‍ ആഗ്രഹിച്ച രീതിയില്‍ വളരണം എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. നമ്മുടെ ജീവിതകാലത്ത് തന്നെ സ്വാതന്ത്ര്യവും നീതിയും പുലര്‍ന്നു കാണാന്‍ നാം ആഗ്രഹിക്കുന്നു. ഒമ്പത് വര്‍ഷത്തെ വേര്‍പാടിന് ശേഷം എന്റെ സഹോദരിയെയും കുടുംബത്തെയും കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചു. സഹോദരിയുടെ മക്കള്‍ക്ക് ഐസ്‌ക്രീം വാങ്ങി കൊടുക്കാനും എന്റെ ബാല്യത്തില്‍ സഹോദരിയുമായി പങ്കുവെച്ച സാഹസങ്ങള്‍ അവളെ ഓര്‍മ്മിപ്പിക്കാനും ഞാന്‍ കൊതിച്ചിരുന്നു.
ഗസയിലെ സംഭവവികാസങ്ങള്‍ ഇന്നും ഭയാനകമായി തന്നെ തുടരുകയാണ്. ഫലസ്തീനികളെ നീതിപൂര്‍വ്വം പരിഗണിക്കുന്ന മറ്റൊരു ലോകത്ത് സുമയ്യ, ഹൂര്‍, ഷാം, അനസ് എന്നിവര്‍ സന്തോഷത്തോടെയിരിക്കുന്നതായി ഞാന്‍ കരുതുന്നു. അവര്‍ കാറില്‍ യാത്ര ചെയ്യുകയും കൂടുതല്‍ ഐസ്‌ക്രീം ആസ്വദിക്കുകയും ചെയ്യുന്നതായി ഞാന്‍ വിശ്വസിക്കുന്നു. ഗസയുടെ കുട്ടികളെ ഭയപ്പെടുത്തുന്ന യുദ്ധവിമാനങ്ങളുടെ മുരള്‍ച്ചയില്‍ നിന്ന് മോചിതരായി, ഗസയില്‍ ജീവിച്ചിരിക്കുന്ന ഫലസ്തീനികള്‍ക്ക് ലഭിക്കാത്ത സന്തോഷത്തിന്റെ ഒരു ലോകത്ത്, സുമയ്യ കുട്ടികള്‍ക്ക് പ്രതീക്ഷയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നുണ്ടാവും എന്ന് ഞാന്‍ ആശ്വസിക്കുന്നു.
സുമയ്യ ഗസയിലെ തന്റെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത് പോലെ, 'പ്രതീക്ഷ'യാണ് ജീവിച്ചിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. ഇഹലോകത്ത് ജീവിച്ചുകൊണ്ടുതന്നെ തന്റെ മാതാപിതാക്കളെയും സഹോദങ്ങളെയും കണ്ടുമുട്ടണമെന്നാണ് നൂറിന്റെ ആഗ്രഹം.
(Palestine Activism Program കോ ഓര്‍ഡിനേറ്ററും ഗ്രന്ഥകാരനുമായ ഡോ.യൂസഫ് അല്‍-ജമാല്‍, ഗസയില്‍ നിന്നുള്ള അഭയാര്‍ത്ഥികളില്‍ ഒരാളാണ്. Gaza Writes Back, Light in Gaza എന്നിവര്‍ യൂസഫ് അല്‍ ജമാലിന്റെ കൃതികളാണ്)
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















