Big stories

പാലക്കാട്ട് ആന ചരിഞ്ഞത് കൈതച്ചക്ക തിന്നിട്ടോ...?; തെളിവില്ലെന്ന് ഫോറസ്റ്റ് സര്‍ജനും ഫോറസ്റ്റ് ഓഫിസറും

പാലക്കാട്ട് ആന ചരിഞ്ഞത് കൈതച്ചക്ക തിന്നിട്ടോ...?; തെളിവില്ലെന്ന് ഫോറസ്റ്റ് സര്‍ജനും ഫോറസ്റ്റ് ഓഫിസറും
X

കോഴിക്കോട്: പാലക്കാട് ജില്ലയിലെ അമ്പലപ്പാറയില്‍ പടക്കം കടിച്ചതിനെ തുടര്‍ന്ന് വായയ്ക്കു പരിക്കേറ്റ് ആന ചരിഞ്ഞ സംഭവത്തില്‍ ആന കൈതച്ചക്ക തിന്നതിനു തെളിവില്ലെന്ന് ഫോറസ്റ്റ് സര്‍ജനും ഫോറസ്റ്റ് ഓഫിസറും. ആനയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറസ്റ്റ് സര്‍ജന്‍ ഡേവിഡ് എബ്രഹാമും ഫോറസ്റ്റ് ഓഫിസറും അന്വേഷണ ഉദ്യോഗസ്ഥനുമായ ആഷിഖ് അലിയുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. പടക്കം നിറച്ച കൈതച്ചക്ക കഴിച്ചാണ് ആനയുടെ വായ തകര്‍ന്നതെന്ന വിധത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തങ്ങള്‍ പറഞ്ഞതല്ലെന്നും ഇരുവരും വ്യക്തമാക്കി. ആനയുടെ വയറ്റില്‍ നിന്ന് കൈതച്ചക്കയുടെ അവശിഷ്ടങ്ങളൊന്നും തന്നെ ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്താനായിട്ടില്ല. അതേസമയം, സ്‌ഫോടനത്തില്‍ ആനയുടെ താടിയെല്ലുകള്‍ തകര്‍ന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ക്കു ശേഷമാണ് ആന ചരിഞ്ഞത്. വായ തകര്‍ന്നതിനാല്‍ ഒന്നും കഴിക്കാന്‍ കഴിയാതിരുന്ന ആനയുടെ വയറ്റില്‍ വെള്ളം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫോറസ്റ്റ് സര്‍ജന്‍ പറഞ്ഞു. വയറ്റില്‍ നിന്നോ മറ്റെവിടെ നിന്നുമോ ആന കഴിച്ചത് കൈതച്ചക്കയാണെന്നു സൂചന നല്‍കുന്ന യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇതോടെ, ദേശീയതലത്തില്‍ തന്നെ വന്‍ വാര്‍ത്താപ്രാധാന്യം നേടിയ ആനയുടെ മരണത്തില്‍ സംശയങ്ങള്‍ വര്‍ധിക്കുകയാണ്. പാലക്കാട് ജില്ലയില്‍ നടന്ന സംഭവത്തെ മലപ്പുറം ജില്ലയിലാണെന്ന വിധത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേകാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വിദ്വേഷപ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. മാത്രമല്ല, കേരളത്തില്‍ ദിനംപ്രതി മൂന്ന് ആനകള്‍ ചരിയുന്നുണ്ടെന്നും സര്‍ക്കാര്‍ നടപടിയെടുക്കാന്‍ ഭയപ്പെടുകയാണെന്നും അവര്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ഊര്‍ജ്ജിത ശ്രമം നടക്കുന്നതിനെ കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെയാണ് ആനയുടെ മരണകാരണത്തില്‍ തന്നെ അവ്യക്തതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരും ഫോറന്‍സിക് സര്‍ജനും വ്യക്തമാക്കിയിട്ടുള്ളത്.



Next Story

RELATED STORIES

Share it