Big stories

നിര്‍ഭയ: പുതിയ മരണവാറണ്ട് പുറപ്പെടുവിച്ച് കോടതി; മാര്‍ച്ച് മൂന്നിന് 6 മണിക്കകം തൂക്കിക്കൊല്ലണം

പ്രതികളായ മുകേഷ് സിങ്, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ എന്നിവരെ മാര്‍ച്ച് മൂന്നിന് രാവിലെ ആറ് മണിക്ക് തൂക്കിലേറ്റാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി മരണ വാറന്റ് പുറപ്പെടുവിച്ചു.

നിര്‍ഭയ: പുതിയ മരണവാറണ്ട് പുറപ്പെടുവിച്ച് കോടതി; മാര്‍ച്ച് മൂന്നിന് 6 മണിക്കകം തൂക്കിക്കൊല്ലണം
X

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലുപേരുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് നടപ്പാക്കണമെന്ന് കോടതി. പ്രതികളായ മുകേഷ് സിങ്, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ എന്നിവരെ മാര്‍ച്ച് മൂന്നിന് രാവിലെ ആറ് മണിക്ക് തൂക്കിലേറ്റാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി മരണ വാറന്റ് പുറപ്പെടുവിച്ചു. തൂക്കിലേറ്റുന്നതിനെതിരേ പ്രതികള്‍ കോടതിയില്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും തള്ളിയാണ് വിചാരണക്കോടതി പുതിയ മരണവാറണ്ടുകള്‍ പുറപ്പെടുവിച്ചത്. കേസില്‍ ഇത് മൂന്നാമത്തെ വാറന്റാണ് കോടതി പുറപ്പെടുവിക്കുന്നത്. ജനുവരി 22നും ഫെബ്രുവരി 1നുമായിരുന്നു ഇത്. നേരത്തെ പുറപ്പെടുവിച്ച മരണ വാറന്റുകള്‍ പ്രതികള്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നടപ്പാക്കാനായിരുന്നില്ല.

ഏറ്റവുമൊടുവില്‍, ഡല്‍ഹി ഹൈക്കോടതി ഇടപെട്ട്, പ്രതികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമനടപടികളും ഫെബ്രുവരി 12നകം പൂര്‍ത്തിയാക്കണമെന്നും, അതിന് ശേഷം പുതിയ ഹര്‍ജികളൊന്നും നല്‍കരുതെന്നും നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ്, എല്ലാ ആവശ്യങ്ങളും തള്ളി ഡല്‍ഹി പട്യാലഹൗസ് കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ശിക്ഷിക്കപ്പെട്ട നാലുപേരില്‍ പവന്‍ ഗുപ്ത ഒഴികെയുള്ളവര്‍ നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിച്ചു കഴിഞ്ഞു. പവന്‍ ഗുപ്ത ഇനിയും തിരുത്തല്‍ ഹര്‍ജി നല്‍കിയിട്ടില്ലാത്തതിനാല്‍ മാര്‍ച്ച് മൂന്നിന് വധശിക്ഷ നടപ്പാക്കാനാവുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച് സാധ്യതമായ എല്ലാ നിയമപരിഹാരവും തേടിയ ശേഷമേ വധശിക്ഷ നടപ്പാക്കാനാവു.

വധശിക്ഷ നീണ്ടുപോകുന്ന സാഹചര്യത്തില്‍ നിര്‍ഭയയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് പുതിയ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. അഡിഷണല്‍ സ്‌പെഷ്യല്‍ ജഡ്ജ് ധര്‍മ്മേന്ദ്ര റാണയാണ് വാറന്റ് പുറപ്പെടുവിച്ചത്.അക്ഷയ് ഠാക്കൂറിനും വിനയ് ശര്‍മയ്ക്കും വേണ്ടി ഹാജരായ അഭിഭാഷകന്‍, വധശിക്ഷ നടപ്പാക്കരുതെന്ന് വീണ്ടും വാദിച്ചു. വിനയ് ശര്‍മ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും, അതിനാല്‍ വധശിക്ഷ നടപ്പാക്കരുതെന്നുമായിരുന്നു അഡ്വ. എ പി സിംഗിന്റെ ആവശ്യം.

മുകേഷ് സിംഗിന് വേണ്ടി വാദിക്കുന്നതില്‍ നിന്ന് അമിക്കസ് ക്യൂറി പിന്മാറി. നിയമസഹായം തുടരാന്‍ കുറ്റവാളിയായ മുകേഷ് സിംഗ് ആവശ്യപ്പെട്ടിട്ടില്ലെന്ന് അമിക്‌സ് ക്യൂറി കോടതിയില്‍ പറഞ്ഞു. കേസില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അക്ഷയ് സിംഗിന് വേണ്ടി പുതിയ ദയാഹര്‍ജി നല്‍കുമെന്ന് കുറ്റവാളികളുടെ അഭിഭാഷകനായ എ പി സിംഗ് കോടതിയെ അറിയിച്ചു.

വിധിയില്‍ സന്തോഷമുണ്ടെന്നും, എത്രയും പെട്ടെന്ന് പ്രതികളെ തൂക്കിലേറ്റിയെന്ന വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്നും നിര്‍ഭയയുടെ അമ്മ പറഞ്ഞു. 2012 ഡിസംബര്‍ 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.


Next Story

RELATED STORIES

Share it