Big stories

ശിക്ഷ വൈകിയാലും പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റും; നിര്‍ഭയകേസില്‍ കേന്ദ്രസര്‍ക്കാരിന്റെ ഹരജി തള്ളി ഡല്‍ഹി ഹൈക്കോടതി

പ്രതികളുടെ മരണവാറണ്ട് സ്‌റ്റേ ചെയ്ത ഡല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന ആവശ്യം തള്ളിയ കോടതി പ്രതികളുടെ ശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്നും ഉത്തരവിട്ടു.

ശിക്ഷ വൈകിയാലും പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റും; നിര്‍ഭയകേസില്‍ കേന്ദ്രസര്‍ക്കാരിന്റെ ഹരജി തള്ളി ഡല്‍ഹി ഹൈക്കോടതി
X

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് സ്‌റ്റേ നല്‍കിയ നടപടിക്കെതിരേ കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. പ്രതികളുടെ മരണവാറണ്ട് സ്‌റ്റേ ചെയ്ത ഡല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന ആവശ്യം തള്ളിയ കോടതി പ്രതികളുടെ ശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്നും ഉത്തരവിട്ടു. ഇതോടെ പ്രതികളുടെ വധശിക്ഷ നടപ്പാക്കല്‍ വൈകും.

വിചാരണ കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കാനില്ലെന്നും ഡല്‍ഹി കോടതി ജഡ്ജി ജസ്റ്റിസ് സുരേഷ് കെയ്ത്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. എല്ലാ പ്രതികളും ക്രൂരകൃത്യത്തിന് ശിക്ഷിക്കപ്പെട്ടവരാണ്. പ്രതികള്‍ ശിക്ഷ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ പ്രതികള്‍ ഏഴ് ദിവസത്തിനകം എല്ലാ നിയമനടപടികളും സ്വീകരിക്കണം. അതിന് ശേഷം അധികൃതര്‍ക്ക് ശിക്ഷ നടപ്പാക്കുന്നതിന് നിയമാനുസൃത നടപടി സ്വീകരിക്കാമെന്നും ഡല്‍ഹി കോടതി വ്യക്തമാക്കി.

പ്രതികളെ ഒരുമിച്ചു തൂക്കിലേറ്റണം എന്ന നിയമം നിലനില്‍ക്കില്ലെന്നും ഒരിക്കല്‍ സുപ്രിംകോടതി തീര്‍പ്പ് കല്‍പ്പിച്ച കേസില്‍ വെവ്വേറെ ശിക്ഷ നടപ്പാക്കുന്നതിന് തടസ്സം ഇല്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. ദയാഹര്‍ജികള്‍ തള്ളിയവരെ തൂക്കിലേറ്റണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് കോടതി തള്ളിയത്. ഇതോടെ ഡല്‍ഹി ഉപതിരഞ്ഞെടുപ്പിന് മുമ്പ് ഒരു പ്രതിയെ എങ്കിലും തൂക്കിലേറ്റുന്നതിന്റെ സാധ്യതയും അവസാനിച്ചു.

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിനാണ് നടപ്പാക്കാനിരുന്നത്. എന്നാല്‍ ജനുവരി 31ന് ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ വധശിക്ഷ നടപ്പാക്കരുതെന്ന് ഡല്‍ഹി കോടതി ഉത്തരവിട്ടത്. ഇതിനെതിരേയാണ് കേന്ദ്രസര്‍ക്കാരും തീഹാര്‍ ജയില്‍ അധികൃതരും ഹൈക്കോടതിയെ സമീപിച്ചത്. അക്ഷയ് കുമാര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത, മുകേഷ് സിങ് എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.

കേസിലെ പ്രതി വിനയ്കുമാറിന്റെയും ദയാഹര്‍ജി തള്ളിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. മണിക്കൂറുകള്‍ക്കകം മറ്റൊരു പ്രതിയായ അക്ഷയ്കുമാര്‍ ദയാഹര്‍ജി സമര്‍പ്പിച്ചു. മുകേഷ് കുമാര്‍ സിങ്ങിന്റെ ഹര്‍ജി നേരത്തേ തള്ളിയിരുന്നു. പവന്‍ ഗുപ്തയാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റൊരു പ്രതി. അഭിഭാഷകന്‍ എ.പി.സിങ്ങാണ് അക്ഷയ്കുമാര്‍, പവന്‍ ഗുപ്ത, വിനയ്കുമാര്‍ എന്നിവര്‍ക്കു വേണ്ടി ഹാജരായത്. മുതിര്‍ന്ന അഭിഭാഷക റെബേക്കാ ജോണാണ് മുകേഷ് കുമാറിനു വേണ്ടി ഹാജരായത്.

2012 ഡിസംബര്‍ പതിനാറിനാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായ 23കാരി ഓടുന്ന ബസില്‍വെച്ച് ബലാത്സംഗത്തിന് ഇരയായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ കേസില്‍ ആകെ ആറുപ്രതികളാണുണ്ടായിരുന്നത്. ഇതില്‍ മുഖ്യപ്രതി രാം സിങ് തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജൂവനൈല്‍ നിയമപ്രകാരം വിചാരണ ചെയ്യപ്പെട്ട മറ്റൊരു പ്രതി മൂന്നുവര്‍ഷത്തെ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു.

2012 ഡിസംബര്‍ 16നാണ് 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഡല്‍ഹിയില്‍ ബസ്സില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്‌നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികള്‍ വഴിയില്‍ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടര്‍ന്ന് ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29ന് മരണം സംഭവിച്ചു.

Next Story

RELATED STORIES

Share it