Big stories

പുതിയ ലോക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളായി: ആരാധനാലയങ്ങളില്‍ വിശ്വാസികളെ അനുവദിക്കില്ല; റേഷന്‍, പലചരക്ക്, ബേക്കറി,പഴം, പച്ചക്കറി, പാല്‍, മല്‍സ്യം എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം

അവശ്യസേവനങ്ങളൊഴികെ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി

പുതിയ ലോക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളായി: ആരാധനാലയങ്ങളില്‍ വിശ്വാസികളെ അനുവദിക്കില്ല;  റേഷന്‍, പലചരക്ക്, ബേക്കറി,പഴം, പച്ചക്കറി, പാല്‍, മല്‍സ്യം എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം
X


തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ നടപ്പിലാക്കുന്ന ലോക് ഡൗണിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധിയായിരിക്കും. സായുധസേനാ വിഭാഗം, ട്രഷറി, സിഎന്‍ജി, എല്‍പി, ജി, പി എന്‍ജി, ദുരന്തനിവാരണം, വൈദ്യുതി ഉത്പാദനവും വിതരണവും, തപാല്‍ വകുപ്പ്, പോസ്റ്റ് ഓഫിസുകള്‍, എന്‍ഐസി, കാലാവസ്ഥാ കേന്ദ്രം, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ദൂരദര്‍ശന്‍, ആള്‍ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മീഷന്‍, എംപിസിഎസ്, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയര്‍പോര്‍ട്ട്, സീപോര്‍ട്ട്, റെയില്‍വേ തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും ഏജന്‍സികളും പ്രവര്‍ത്തിക്കും.

ആരോഗ്യം, ആയുഷ്, റവന്യു, തദ്ദേശസ്ഥാപനം, പൊതുവിതരണം, വ്യവസായം, തൊഴില്‍, മൃഗശാല, ഐ. ടി മിഷന്‍, ജലസേചനം, മൃഗസംരക്ഷണം, സാമൂഹ്യനീതി, പ്രിന്റിംഗ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്, പോലീസ്, എക്‌സൈസ്, ഹോംഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, അഗ്‌നിശമന സേന, ദുരന്തനിവാരണം, വനം, ജയില്‍, ജില്ലാ കലക്ടറേറ്റുകള്‍, ട്രഷറികള്‍, വൈദ്യുതി, ജലവിഭവം, ശുചീകരണം തുടങ്ങിയ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും പ്രവര്‍ത്തിക്കും.

നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ക്ക് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് 20 പേര്‍ക്ക് പങ്കെടുക്കാം. വിവരം മുന്‍കൂട്ടി പോലിസ് സറ്റേഷനില്‍ അറിയിക്കുകയും കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. മരണാനന്തരചടങ്ങുകള്‍ക്കും 20 പേര്‍ക്ക് അനുമതിയുണ്ട്. ഇതും കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

ആശുപത്രികള്‍ക്കും ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. റേഷന്‍ കടകള്‍, പലചരക്കു കടകള്‍, പച്ചക്കറി, പഴക്കടകള്‍, പാല്‍ ഉത്പന്നങ്ങള്‍, മത്‌സ്യം, ഇറച്ചി വില്‍പന കേന്ദ്രങ്ങള്‍, ബേക്കറികള്‍ തുടങ്ങിയവയ്ക്ക് പ്രവര്‍ത്തിക്കാം. എല്ലാ കടകളും വൈകിട്ട് 7.30ന് അടയ്ക്കണം. ബാങ്ക്, ഇന്‍ഷുറന്‍സ്, പണമിടപാടു സ്ഥാപനങ്ങള്‍ക്ക് രാവിലെ പത്തു മുതല്‍ ഒരു മണി വരെ ഇടപാടുകള്‍ നടത്താം. രണ്ടു മണിക്ക് അടയ്ക്കണം. മാധ്യമ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.

പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍, കേബിള്‍ സര്‍വീസ്, ഡിടിഎച്ച് എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. അവശ്യ വസ്തുക്കളുടെ ഉത്പാദന കേന്ദ്രങ്ങള്‍ക്കും വിതരണ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. റോഡ്, ജലഗതാഗത സര്‍വീസുകള്‍ ഉണ്ടാവില്ല. മെട്രോ ട്രെയിനും സര്‍വീസ് നടത്തില്ല. ചരക്ക് നീക്കത്തിന് തടസമുണ്ടാവില്ല. എല്ലാവിധ വിദ്യാഭ്യാസ, കോച്ചിങ്്, പരിശീലന, ഗവേഷണ സ്ഥാപനങ്ങളും അടയ്ക്കണം. കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വോളണ്ടിയര്‍മാര്‍ക്ക് യാത്ര ചെയ്യാം.

പുതിയ ലോക് ഡൗണ്‍ നിദ്ദേശങ്ങള്‍ ഒറ്റനോട്ടത്തില്‍

റേഷന്‍, പലചരക്ക് ബേക്കറി,പഴം, പച്ചക്കറി, പാല്‍, മല്‍സ്യം എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം

കടകളുടെ പ്രവര്‍ത്തന സമയം രാവിലെ ആറു മുതല്‍ വൈകീട്ട് 7.30വരെ

എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍ യാത്രകള്‍ക്ക് യാത്രാ രേഖകള്‍ കരുതണം

ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ക്ക്പ്രവേശനമില്ല


റേഷന്‍ കട തുറന്ന് പ്രവര്‍ത്തിക്കും

ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസ്, ഹോം ഡെലിവറി മാത്രം

സ്വകാര്യ വാഹനങ്ങള്‍, ഓട്ടോ റിക്ഷ, ടാക്‌സി എന്നിവ ഉണ്ടാകില്ല

പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി പ്രവര്‍ത്തിക്കും

അന്തര്‍സംസ്ഥാന, അന്തര്‍ ജില്ല യാത്ര ഒഴിവാക്കണം

ബാങ്ക്, ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ ഒരു മണിവരെ, രണ്ടു മണിക്ക് അടയ്ക്കണം


Next Story

RELATED STORIES

Share it