Big stories

രാജ്യത്ത് പുതിയ 'സമര ജീവികള്‍'; പ്രതിഷേധക്കാരെ ആക്ഷേപിച്ച് പ്രധാനമന്ത്രി

രാജ്യത്ത് പുതിയ സമര ജീവികള്‍; പ്രതിഷേധക്കാരെ ആക്ഷേപിച്ച് പ്രധാനമന്ത്രി
X

ന്യൂഡല്‍ഹി: രാജ്യത്ത് ഒരു പുതിയ വിഭാഗം സമരജീവി(ആന്ദോളന്‍ ജീവി)കള്‍ ഉദയം കൊണ്ടിട്ടുണ്ടെന്നും എവിടെ പ്രതിഷേധമുണ്ടോ അവിടെ ഇക്കൂട്ടരെ കാണാനാവുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍ മേലുള്ള നന്ദിപ്രമേയത്തില്‍ മറുപടി പറയുന്നതിനിടെയാണ് പ്രതിഷേധക്കാരെ ആക്ഷേപിച്ച് മോദി രംഗത്തെത്തിയത്. അഭിഭാഷകരുടെയോ വിദ്യാര്‍ഥികളുടെയോ തൊഴിലാളികളുടെയോ ഏതുമാവട്ടെ, എവിടെ പ്രതിഷേധമുണ്ടോ അവിടെ ഇക്കൂട്ടരുണ്ടാവും. ഇവര്‍ക്ക് സമരമില്ലാതെ ജീവിക്കാനാകില്ല. ഇവരെ തിരിച്ചറിയണം. അവരില്‍നിന്ന് രാജ്യത്തെ സംരക്ഷിക്കണമെന്നും മോദി പറഞ്ഞു. രാജ്യം പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുകയാണ്. നാം എഫ്ഡിഐയെ കുറിച്ച് സംസാരിക്കുന്നുമുണ്ട്. എന്നാല്‍ ഒരു പുതിയ എഫ്ഡിഐ രംഗത്തെത്തിയിട്ടുണ്ട്. ഈ പുതിയ എഫ്.ഡി.ഐയില്‍നിന്ന് രാജ്യത്തെ നാം രക്ഷിച്ചേ മതിയാകൂ. നമുക്ക് ആവശ്യം ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ആണ്. എന്നാല്‍ പുതിയ എഫ്ഡിഐ ഫോറിന്‍ ഡിസ്ട്രക്ടീവ് ഐഡിയോളജിയാണ്. ഇതില്‍നിന്ന് നാം നമ്മെ സംരക്ഷിക്കണമെന്നും മോദി പറഞ്ഞു.

സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. കര്‍ഷകര്‍ സമരം അവസാനിപ്പിക്കണം. നിയമത്തിലെ കുറവുകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാം. നേരത്തെയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും പറയുന്നു. പ്രതിഷേധക്കാരുടെ സംശയം ദൂരീകരിച്ചേ മതിയാകൂ. രാജ്യത്ത് താങ്ങുവില ഇപ്പോഴും ഉണ്ട്. അത് തുടരും. പാര്‍ലമെന്റിലെ എല്ലാവരും കര്‍ഷക സമരത്തെ കുറിച്ച് സംസാരിച്ചു. എന്നാല്‍ എന്താണ് സമരത്തിന് പിന്നിലുള്ള കാരണമെന്ന് ആരും പറഞ്ഞില്ല. പ്രശ്‌നത്തിന്റെ ഭാഗമാവുകയാണോ അതോ പരിഹാരത്തിനുള്ള മാധ്യമമാവുകയാണോ വേണ്ടതെന്ന് നാം തീരുമാനിക്കണം. കര്‍ഷക വായ്പ എഴുതിത്തള്ളുന്നത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണോ അതോ കര്‍ഷകരോടുള്ള താല്‍പര്യം കൊണ്ടാണോ എന്ന് എല്ലാവര്‍ക്കും അറിയാം. ചെറുകിട കര്‍ഷകരെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. അവരുടെ അവസ്ഥ നമുക്കറിയാം. 2014നു ശേഷം അവരുടെ ക്ഷേമത്തിനായി നടപടികള്‍ സ്വീകരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

New 'Andolan Jivi' in nation: PM Modi's Rajya Sabha speech

Next Story

RELATED STORIES

Share it