Big stories

പ്രതിഷേധം കനത്തതോടെ ഹിന്ദി ഭാഷാ വിവാദത്തില്‍ മലക്കം മറിഞ്ഞ് അമിത് ഷാ

മറ്റ് പ്രാദേശിക ഭാഷകളുടെ മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുക എന്നല്ല താന്‍ ഉദ്ദേശിച്ചതെന്നാണ് അമിത് ഷായുടെ പുതിയ വിശദീകരണം.

പ്രതിഷേധം കനത്തതോടെ ഹിന്ദി ഭാഷാ വിവാദത്തില്‍ മലക്കം മറിഞ്ഞ് അമിത് ഷാ
X

റാഞ്ചി: രാജ്യ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെ ഹിന്ദിക്ക് മാത്രമേ രാജ്യത്തെ ഒന്നിപ്പിക്കാന്‍ കഴിയുകയുള്ളൂ എന്ന മുന്‍നിലപാടില്‍നിന്ന് മലക്കം മറിഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മറ്റ് പ്രാദേശിക ഭാഷകളുടെ മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുക എന്നല്ല താന്‍ ഉദ്ദേശിച്ചതെന്നാണ് അമിത് ഷായുടെ പുതിയ വിശദീകരണം.

മറ്റ് പ്രാദേശിക ഭാഷകളുടെ മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ താന്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഒരാളുടെ മാതൃഭാഷയ്ക്ക് ശേഷം രണ്ടാം ഭാഷയായി ഹിന്ദി പഠിക്കാന്‍ മാത്രമേ ഞാന്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളു ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന ഹിന്ദുസ്ഥാന്‍ പൂര്‍വോദെ ഉച്ചകോടിയില്‍ അമിത് ഷാ പറഞ്ഞു.

താന്‍ തന്നെ ഹിന്ദി സംസാരിക്കാത്ത ഗുജറാത്തില്‍ നിന്നാണ് വരുന്നത്. ചിലര്‍ അതില്‍ രാഷ്ട്രീയം കളിക്കുകയാണ്. അവര്‍ക്കതിന് സ്വാതന്ത്ര്യമുണ്ട്.ഇന്ത്യന്‍ ഭാഷകളെ ശക്തിപ്പെടുത്തണമെന്നും അവയുടെ ആവശ്യകത മനസ്സിലാക്കണമെന്നും താന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.

ഒരു കുട്ടിക്ക് മാതൃഭാഷയില്‍ പഠിച്ചാല്‍ മാത്രമേ നന്നായി പഠിക്കാന്‍ കഴിയൂ. തന്റെ ഗുജറാത്തിലും സംസ്ഥാന ഭാഷകള്‍ ഉണ്ട്. എന്നാല്‍ രാജ്യത്ത് അത്തരമൊരു ഭാഷ ഉണ്ടായിരിക്കണം. നിങ്ങള്‍ രണ്ടാം ഭാഷ പഠിക്കുകയാണെങ്കില്‍ ഹിന്ദി പഠിക്കുക. ഇതാണ് താന്‍ അഭ്യര്‍ത്ഥിച്ചത്. അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.

ഒരു രാജ്യം ഒരു ഭാഷ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഹിന്ദി ഭാഷ വിവാദത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരികൊളുത്തിയത്. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷയുണ്ടാകേണ്ടത് ആവശ്യമാണെന്ന് ഹിന്ദിദിനാചരണത്തിന്റെ ഭാഗമായി അമിത് ഷാ പറഞ്ഞിരുന്നു. ഒരു രാജ്യം, ഒരു നികുതി, ഒറ്റ തിരഞ്ഞെടുപ്പ്, ഒരു ഭരണഘടന തുടങ്ങി ബിജെപി മുന്നോട്ടുവെച്ച മുദ്രാവാക്യങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഇത്. ഗാന്ധിജിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്‌നം യഥാര്‍ഥ്യമാകാന്‍ മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി കൂടി ഉപയോഗിക്കണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു.

Next Story

RELATED STORIES

Share it