Big stories

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: തന്നെ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്ന് കൂട്ടുപ്രതി ശാലിനി

രാജ്കുമാറിനും തനിയ്ക്കും അതിക്രൂരമായ പീഡനമാണ് പോലിസുകാരില്‍നിന്നുണ്ടായത്. 9 പോലിസുകാരാണ് മര്‍ദിച്ചത്. കൊല്ലാന്‍ വേണ്ടിത്തന്നെയുള്ള പീഡനമായിരുന്നു. മര്‍ദിച്ച പോലിസുകാരെ കണ്ടാല്‍ തിരിച്ചറിയുമെന്നും ശാലിനി മാധ്യമങ്ങളോട് പറഞ്ഞു.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: തന്നെ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്ന് കൂട്ടുപ്രതി ശാലിനി
X

ഇടുക്കി: തന്നെ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്ന് നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി ശാലിനിയുടെ വെളിപ്പെടുത്തല്‍. രാജ്കുമാറിനും തനിയ്ക്കും അതിക്രൂരമായ പീഡനമാണ് പോലിസുകാരില്‍നിന്നുണ്ടായത്. 9 പോലിസുകാരാണ് മര്‍ദിച്ചത്. കൊല്ലാന്‍ വേണ്ടിത്തന്നെയുള്ള പീഡനമായിരുന്നു. മര്‍ദിച്ച പോലിസുകാരെ കണ്ടാല്‍ തിരിച്ചറിയുമെന്നും ശാലിനി മാധ്യമങ്ങളോട് പറഞ്ഞു. വരുന്ന പോലിസുകാരെല്ലാരും തല്ലി. ചോര പുരണ്ട മുണ്ടുടുത്ത് രാജ്കുമാര്‍ കരയുകയായിരുന്നു. രാജ്കുമാറിന്റെ കണ്ണില്‍ എസ്‌ഐ പച്ചമുളക് ഞെരടി. ഗീതു, റസിയ എന്നീ പോലിസുകാരികള്‍ തന്നെ അടിച്ചു.

ഗീതു എന്ന പോലിസുകാരി തന്റെ രഹസ്യഭാഗത്ത് പച്ചമുളക് അരച്ചൊഴിക്കുകയും ചെയ്തു. നാട്ടുകാര്‍ രാജ്കുമാറിനെ മര്‍ദിച്ചിരുന്നെങ്കിലും അതൊരിക്കലും മരണത്തിലേക്ക് നയിക്കുന്ന പീഡനമായിരുന്നില്ല. തട്ടിപ്പ് നടത്തിയെന്ന് പറയപ്പെടുന്ന ഒരാളെ മര്‍ദിക്കും പോലെ ജനം ഉപദ്രവിച്ചിരുന്നു. എന്നാല്‍, പോലിസുകാരുടെ മര്‍ദനം കൊല്ലാന്‍ വേണ്ടിത്തന്നെയായിരുന്നെന്നും ശാലിനി പറഞ്ഞു. രാജ്കുമാറിന്റെ സ്ഥാപനത്തില്‍ കോടികളുടെ ഇടപാട് നടന്നിട്ടില്ല. നടന്നത് 15 ലക്ഷത്തിന്റെ ബിസിനസ് മാത്രമാണ്. വായ്പയ്ക്കായാണ് താനും രാജ്കുമാറിനെ സമീപിച്ചത്. സംഘത്തില്‍ ആളെ ചേര്‍ത്തതുകൊണ്ടാണ് തന്നെ എംഡിയാക്കിയത്.

കൂലിപ്പണിക്കാരിയായിരുന്ന തന്നെ ജീവനക്കാരിയാക്കിയത് രാജ്കുമാറാണെന്നും ശാലിനി കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ 21നാണ് സാമ്പത്തിക തട്ടിപ്പുകേസില്‍ റിമാന്‍ഡിലായ വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാര്‍ പീരുമേട് സബ്ജയിലില്‍ മരിച്ചത്. രാജ്കുമാറിന് കസ്റ്റഡി മര്‍ദനമേറ്റിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലും ഇത് വ്യക്തമായി. ശാലിനിയുടെ വെളിപ്പെടുത്തലോടെ കസ്റ്റഡി കൊലപാതകത്തില്‍ പോലിസിനെതിരേ കുരുക്ക് മുറുകുകയാണ്.

Next Story

RELATED STORIES

Share it