Big stories

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്തു; വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നു

കേസ് അന്വേഷിക്കുന്ന ജുഡീഷല്‍ കമ്മീഷന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ്, പീരുമേട് മജിസ്‌ട്രേറ്റ്, ഇടുക്കി ആര്‍ഡിഒ, ഫോറന്‍സിക് സര്‍ജന്‍മാര്‍, ക്രൈംബ്രാഞ്ച് അന്വേഷണസംഘം എന്നിവരുടെ സാന്നിധ്യത്തിലാണ് വാഗമണ്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍നിന്ന് മൃതദേഹം പുറത്തെടുത്തത്. സംസ്‌കാരം നടത്തി 37 ദിവസം പിന്നിട്ട ശേഷം പുറത്തെടുത്ത മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്തു; വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നു
X

ഇടുക്കി: നെടുങ്കണ്ടത്ത് കസ്റ്റഡി മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പുറത്തെടുത്തു. കേസ് അന്വേഷിക്കുന്ന ജുഡീഷല്‍ കമ്മീഷന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ്, പീരുമേട് മജിസ്‌ട്രേറ്റ്, ഇടുക്കി ആര്‍ഡിഒ, ഫോറന്‍സിക് സര്‍ജന്‍മാര്‍, ക്രൈംബ്രാഞ്ച് അന്വേഷണസംഘം എന്നിവരുടെ സാന്നിധ്യത്തിലാണ് വാഗമണ്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍നിന്ന് മൃതദേഹം പുറത്തെടുത്തത്. സംസ്‌കാരം നടത്തി 37 ദിവസം പിന്നിട്ട ശേഷം പുറത്തെടുത്ത മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെയാണ് വിദഗ്ധരുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുക.

പൂര്‍ണമായും എക്‌സ്‌റേ എടുക്കാനും ആന്തരികാവയവങ്ങള്‍ പരിശോധിക്കാനുമുള്ള ക്രമീകരണങ്ങളും ഡിഎന്‍എ ടെസ്റ്റ് എടുക്കാനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നുതന്നെ മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷല്‍ കമ്മീഷന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് റീ പോസ്റ്റ്‌മോര്‍ട്ടത്തിനു നിര്‍ദേശം നല്‍കിയത്. ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പരിക്കുകളുടെ പഴക്കം കണ്ടെത്തുകയോ ആന്തരികാവയവങ്ങള്‍ പരിശോധനയ്‌ക്കെടുക്കുകയോ ചെയ്തിരുന്നില്ല.

വാരിയെല്ലുകള്‍ക്കു പൊട്ടലുണ്ടാവാന്‍ കാരണം മരണസമയത്ത് പീരുമേട് താലൂക്കാശുപത്രിയില്‍ നെഞ്ചിലമര്‍ത്തി സിപിആര്‍ കൊടുത്തതിനെത്തുടര്‍ന്നാണെന്നാണ് ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, പോലിസ് മര്‍ദനത്തിലാണോ വാരിയെല്ലുകള്‍ക്ക് പൊട്ടലേറ്റതെന്നും പീരുമേട് സബ് ജയിലില്‍ രാജ്കുമാറിന് മര്‍ദനമേറ്റിട്ടുണ്ടോ എന്നുമാണു കമ്മീഷന്‍ പരിശോധിക്കുന്നത്. റീ പോസ്റ്റ്‌മോര്‍ട്ടം അന്വേഷണത്തില്‍ നിര്‍ണായകമാവുമെന്നു ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞു. ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കമ്മീഷന്‍ പരിശോധിക്കുമെന്നും ഇതിനായി ദൃശ്യങ്ങള്‍ ഔദ്യോഗികമായി ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it