Big stories

യുപിയില്‍ മുസ്‌ലിം യുവാവ് പോലിസ് കസ്റ്റഡിയില്‍ മരിച്ചു; കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അഞ്ച് പോലിസുകാരെ സസ്‌പെന്റ് ചെയ്തു. കാസ്ഗഞ്ച് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍, രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു ഹെഡ് ഓഫിസര്‍, ഒരു കോണ്‍സ്റ്റബിള്‍ എന്നിവരുള്‍പ്പെടെ അഞ്ച് പോലിസ് ഉദ്യോഗസ്ഥരെയാണ് അനാസ്ഥയുടെ പേരില്‍ പോലിസ് സൂപ്രണ്ട് രോഹന്‍ ബോത്രെ സസ്‌പെന്റ് ചെയ്തത്.

യുപിയില്‍ മുസ്‌ലിം യുവാവ് പോലിസ് കസ്റ്റഡിയില്‍ മരിച്ചു; കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ മുസ്‌ലിം യൂവാവ് പോലിസ് കസ്റ്റഡിയില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ സദര്‍ പോലിസ് സ്‌റ്റേഷനിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് സ്വദേശിയായ അല്‍ത്താഫ് (30) ആണ് മരിച്ചത്. പോലിസ് സ്‌റ്റേഷനിലെ കുളിമുറിയില്‍ അല്‍ത്താഫ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലിസിന്റെ വാദം. എന്നാല്‍, അല്‍ത്താഫിന്റെ മരണത്തില്‍ പോലിസിനെതിരേ ഗുരുതരമായ ആരോപണവുമായി പിതാവ് രംഗത്തുവന്നു. അല്‍ത്താഫ് തൂങ്ങിമരിച്ചതല്ലെന്നും പോലിസ് ലോക്കപ്പില്‍ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും പിതാവ് ചാഹത് മിയ ആരോപിച്ചു.

മരിച്ചശേഷം മകനെ പോലിസ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെവച്ച് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും പിതാവ് പറയുന്നു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അഞ്ച് പോലിസുകാരെ സസ്‌പെന്റ് ചെയ്തു. കാസ്ഗഞ്ച് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍, രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു ഹെഡ് ഓഫിസര്‍, ഒരു കോണ്‍സ്റ്റബിള്‍ എന്നിവരുള്‍പ്പെടെ അഞ്ച് പോലിസ് ഉദ്യോഗസ്ഥരെയാണ് അനാസ്ഥയുടെ പേരില്‍ പോലിസ് സൂപ്രണ്ട് രോഹന്‍ ബോത്രെ സസ്‌പെന്റ് ചെയ്തത്. നഗ്ല സയ്യിദ് അഹ്‌റോളി സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഒളിച്ചോടിയെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച രാവിലെയാണ് അല്‍ത്താഫിനെ പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നത്.

അല്‍ത്താഫിനെ ശുചിമുറിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പോലിസ് മേധാവി രോഹന്‍ പ്രമോദ് ബോത്രെ പ്രതികരിച്ചു. ചോദ്യം ചെയ്യലിനിടെ അല്‍ത്താഫ് ശുചിമുറിയില്‍ പോവണമെന്ന് ആവശ്യപ്പെട്ടു. ലോക്കപ്പിനുള്ളിലെ കുളിമുറിയിലേക്ക് പോലിസ് അല്‍ത്താഫിനെ കൊണ്ടുപോയി. ഏറെ സമയം കഴിഞ്ഞിട്ടും കാണാതെ വന്നതോടെയാണ് പോലിസ് പരിശോധിക്കാന്‍ പോയത്. വാതില്‍ തുറന്ന് അകത്ത് കയറി നോക്കിയപ്പോള്‍ അല്‍ത്താഫിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തന്റെ ജാക്കറ്റ് കുളിമുറിയിലെ പൈപ്പില്‍ കെട്ടി കഴുത്തില്‍ മുറുക്കിയാണ് ഇയാള്‍ തൂങ്ങിയതെന്ന് എസ്പി ബോത്രെ പറയുന്നു. പോലിസുകാര്‍ കെട്ടഴിച്ച് ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഏറെ നേരം കഴിഞ്ഞപ്പോള്‍ അല്‍ത്താഫ് മരണപ്പെടുകയായിരുന്നു. അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ അനാസ്ഥ കാണിച്ചതിനാണ് അഞ്ച് പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തതെന്നും ബോത്രെ കൂട്ടിച്ചേര്‍ത്തു. യുവാവ് തൂങ്ങി മരിച്ചതാണെന്ന പോലിസിന്റെ വാദത്തില്‍ സംശയം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തുവന്നിട്ടുണ്ട്. തറയില്‍നിന്ന് വളരെ കുറച്ച് മാത്രം ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ടാപ്പില്‍ ജാക്കറ്റ് കെട്ടി അഞ്ച് അടി അഞ്ചിഞ്ച് ഉയരമുള്ള യുവാവ് എങ്ങനെ തൂങ്ങി മരിക്കുമെന്നാണ് ഉയരുന്ന ചോദ്യം.

Next Story

RELATED STORIES

Share it