Big stories

പോലിസ് നടപടികളില്‍ മുസ് ലിം വിവേചനം: പിണറായി വിജയന്റെ ഫേസ്ബുക്ക് പേജില്‍ വ്യാപക പ്രതിഷേധം

തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പച്ചയായ വംശഹത്യാ ആഹ്വാനത്തോട് കണ്ണടച്ചിരുന്ന കേരളത്തിലെ ഇടത് സര്‍ക്കാരും അവരുടെ പോലിസും ആലപ്പുഴയില്‍ പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച ജനമഹാ സമ്മേളന ബഹുജന റാലിയില്‍ ഒരു കുട്ടി വിളിച്ച ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യത്തിന്റെ പേരില്‍ ഇതുവരെ 31 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തി.

പോലിസ് നടപടികളില്‍ മുസ് ലിം വിവേചനം:  പിണറായി വിജയന്റെ ഫേസ്ബുക്ക് പേജില്‍ വ്യാപക പ്രതിഷേധം
X

കോഴിക്കോട്: മുസ് ലിംകളും മുസ് ലിം സംഘടനകളും പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ വ്യാപകമായ നടപടികളെടുക്കുകയും ആര്‍എസ്എസിന്റെ വംശീയ കൊലവിളികള്‍ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ വിവേചനത്തിനെതിരേ പിണറായി വിജയന്റെ ഫേസ്ബുക്ക് പേജില്‍ വ്യാപക പ്രതിഷേധം. #MuslimHuntInKerala #ResistIslamophobia തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് വിമര്‍ശനം ഉയരുന്നത്. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പച്ചയായ വംശഹത്യാ ആഹ്വാനത്തോട് കണ്ണടച്ചിരുന്ന കേരളത്തിലെ ഇടത് സര്‍ക്കാരും അവരുടെ പോലിസും ആലപ്പുഴയില്‍ പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച ജനമഹാ സമ്മേളന ബഹുജന റാലിയില്‍ ഒരു കുട്ടി വിളിച്ച ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യത്തിന്റെ പേരില്‍ ഇതുവരെ 31 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ സമീപകാലത്തുണ്ടായ സംഭവങ്ങളിലെല്ലാം പോലിസ് ആര്‍എസ്എസ് അനുകല നിലപാടുകളാണ് സ്വീകരിച്ചതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. തലശ്ശേരിയിലും കുന്നംകുളത്തും മുസ് ലിം പള്ളികള്‍ തകര്‍ക്കുമെന്നും തൊപ്പി വയ്ക്കാന്‍ തലകള്‍ കാണില്ലെന്നും ആക്രോശിച്ച് ആര്‍എസ്എസ് പ്രകടനം നടത്തി. ഈ സംഭവങ്ങളെല്ലാം ചില പ്രവര്‍ത്തകര്‍ക്കെതിരേ മാത്രം കേസെടുത്ത് അവസാനിപ്പിക്കുകയാണ് പോലിസ് ചെയ്തത്. ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ തയ്യാറാവാത്തത് അന്ന് തന്നെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 153 എ വകുപ്പ് ചാര്‍ത്തുന്ന കേസുകളിലും പോലിസ് നടപടികളില്‍ മുസ് ലിം വിവേചനം വ്യക്തമായിരുന്നു. കേരളത്തില്‍ വ്യാപകമായ മതവിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികലക്കെതിരേ 153 എ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മുസ് ലിം സ്ത്രീകള്‍ പന്നി പെറുന്നത് പോലെ പെറ്റുകൂട്ടുകയാണെന്ന് വംശീയ പ്രസംഗം നടത്തിയ സംഘപരിവാര്‍ നേതാവ് ഗോപാലകൃഷ്ണനെതിരേയും 153 എ വകുപ്പ് പ്രകാരം പോലിസ് കേസെടുത്തിരുന്നു. എന്നാല്‍, ഈ കേസിലും അറസ്റ്റ് ഉണ്ടായിട്ടില്ല. മുസ് ലിം സ്ത്രീകള്‍ക്കെതിരേ കടുത്ത വര്‍ഗീയ പരാമര്‍ശം നടത്തിയ കെ ഇന്ദിരക്കെതിരേ ചാര്‍ത്തിയ 153 എ കേസിലും വര്‍ഷങ്ങളായിട്ടും നടപടിയുണ്ടായിട്ടില്ല.

തിരുവനന്തപുരം ഹിന്ദുമഹാസമ്മേളനത്തില്‍ നിരവധി പ്രാസംഗികരാണ് മുസ് ലിംകള്‍ക്കെതിരേ വര്‍ഗീയ വിഷം തുപ്പിയത്. എന്നാല്‍, പി സി ജോര്‍ജിന് എതിരേ മാത്രമാണ് പോലിസ് കേസെടുത്തത്. മാത്രമല്ല, പി സി ജോര്‍ജിന് പെട്ടെന്ന് ജാമ്യം ലഭ്യമാകാനുള്ള സൗകര്യവും പോലിസും പ്രോസിക്യൂഷനും ഒരുക്കിക്കൊടുത്തു. സംഘപരിവാര്‍ നേതൃത്വത്തില്‍ നടന്ന തിരുവനന്തപുരം ഹിന്ദു മഹാസമ്മേളനത്തില്‍ മുസ് ലിംകള്‍ക്കെതിരെ വര്‍ഗീയ പ്രസംഗങ്ങള്‍ അരങ്ങേറിയിട്ടും സംഘാടകര്‍ക്കെതിരേ കേസെടുക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. അതേസമയം, ആലപ്പുഴയില്‍ പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തില്‍ ഒരു കുട്ടി ആര്‍എസ്എസ്സിന് എതിരേ വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന ഖജാഞ്ചി കെ എച്ച് നാസര്‍, സംസ്ഥാന സമിതി അംഗം യഹിയ തങ്ങള്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പടെ 31 പേരേയാണ് പോലിസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ആര്‍എസ്എസ് വര്‍ഗീയ കൊലവിളി പ്രസംഗങ്ങളും മുദ്രാവാക്യങ്ങളും ഉയര്‍ത്തുമ്പോള്‍ മൗനം പാലിക്കുന്ന പോലിസാണ് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരള പോലിസില്‍ ആര്‍എസ്എസ് നിയന്ത്രണം ശക്തമാവുകയാണെന്ന് ഇടതുപക്ഷ നേതാക്കള്‍ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. പോലിസിന്റെ വിവേചനപരമായ നടപടികള്‍ അക്കമിട്ട് നിരത്തിയാണ് സാമൂഹിക മാധ്യമങ്ങളിലും പിണറായി വിജയന്റെ ഫേസ്ബുക്ക് പേജിലും വിമര്‍ശനം ഉയരുന്നത്.

Next Story

RELATED STORIES

Share it