Big stories

മുംബൈയില്‍ കനത്ത മഴ: 30 വിമാനങ്ങള്‍ റദ്ദാക്കി; 118 സര്‍വീസുകള്‍ വൈകുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു

കുര്‍ള, ചുനഭട്ടി, സയണ്‍, തിലക് നഗര്‍, പരേല്‍, ബൈക്കുള, വഡാല, മാട്ടുംഗ, മലാഡ്, ബോറിവ്‌ലി, മുളുണ്ട്, ഭാണ്ടൂപ്പ്, സാന്താക്രൂസ്, ജോഗേശ്വരി, വിക്രോളി, കഞ്ചൂര്‍മാര്‍ഗ് തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. 30 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്.

മുംബൈയില്‍ കനത്ത മഴ: 30 വിമാനങ്ങള്‍ റദ്ദാക്കി; 118 സര്‍വീസുകള്‍ വൈകുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു
X

മുംബൈ: മുംബൈയില്‍ വീണ്ടും മഴ കനത്തതോടെ ജനജീവിതം ദുസ്സഹമായി. രണ്ടുദിവസമായി പെയ്തുകൊണ്ടിരിക്കുന്ന മഴയില്‍ മുംബൈ നഗരം പൂര്‍ണമായും വെള്ളത്തിലായി. കുര്‍ള, ചുനഭട്ടി, സയണ്‍, തിലക് നഗര്‍, പരേല്‍, ബൈക്കുള, വഡാല, മാട്ടുംഗ, മലാഡ്, ബോറിവ്‌ലി, മുളുണ്ട്, ഭാണ്ടൂപ്പ്, സാന്താക്രൂസ്, ജോഗേശ്വരി, വിക്രോളി, കഞ്ചൂര്‍മാര്‍ഗ് തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. 30 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്.


118 വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. മുംബൈ വിമാനത്താവളത്തിലേക്ക് എത്തേണ്ട 14 വിമാനങ്ങളും പുറപ്പെടേണ്ട 16 വിമാനങ്ങളുമാണ് റദ്ദാക്കിയിരിക്കുന്നതെന്ന് മുംബൈ വിമാനത്താവളം അധികൃതര്‍ അറിയിച്ചു. മഴ ശക്തമായതിനെത്തുടര്‍ന്ന് ബുധനാഴ്ച രാത്രി ഇന്‍ഡിഗോയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ഷെഡ്യൂള്‍ അനുസരിച്ച് ഇപ്പോള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. കുറച്ച് വിമാനങ്ങള്‍ റദ്ദാക്കേണ്ടത് അനിവാര്യമായിരുന്നു. വിമാനത്താവളത്തിലേക്ക് പോവുന്നതിന് മുമ്പ് യാത്രക്കാര്‍ വിമാനങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിക്കണം.


വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരെ മറ്റ് വിമാനങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തിയതായും അധികൃതര്‍ വ്യക്തമാക്കി. മുംബൈ വിമാനത്താവളംവഴി പ്രതിദിനം ആയിരത്തോളം വിമാനങ്ങളാണ് വരികയും പുറപ്പെടുകയും ചെയ്യുന്നത്. മുംബൈയിലെ നിരവധി ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കി. മിതി നദി കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ കുര്‍ള-സയണ്‍ ഡിവിഷനില്‍ ട്രെയിന്‍ ഗതാഗതത്തിന് തടസം നേരിടുന്നുവെന്ന് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. ചിലയിടങ്ങളില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടു. മുംബൈ, താനെ, കോകന്‍ മേഖലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ജൂനിയര്‍ കോളജുകള്‍ക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.


മുംബൈയില്‍ മഴക്കെടുതിയില്‍ ഇതുവരെ രണ്ടുപേര്‍ മരിക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തു. ബിഎംസി ജീവനക്കാരായ വിജയേന്ദ്ര സര്‍ദാര്‍ ബാഗ്ദി(36), ജഗദീഷ് പാര്‍മര്‍(54) എന്നിവരാണ് മരിച്ചത്. മുംബൈയിലെ നുള്ളാ, പാല്‍ഗര്‍ എന്നീ ജില്ലകളില്‍നിന്നുള്ള ലക്ഷ്മണ്‍ തപിസര്‍ (62), ഏഴുവയസുകാരന്‍ അബുഖാന്‍ എന്നിവരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. അബുഖാന്‍ നുള്ളയിലെ വീടിന് സമീപത്തുവച്ചാണ് വെള്ളത്തില്‍ വീണത്. മുംബൈയില്‍ രണ്ടുദിവസത്തേക്കുകൂടി കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം. കൂടുതല്‍ വെള്ളം തുറന്നുവിടുന്നതിനാല്‍ ലോണേവാല ഭാഗത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ടൂറിസ്റ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it