Big stories

കര്‍ണാടക മുന്‍ ആഭ്യന്തരമന്ത്രി കെ ജെ ജോര്‍ജിനെതിരേ കേസ്

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് നടപടി

കര്‍ണാടക മുന്‍ ആഭ്യന്തരമന്ത്രി കെ ജെ ജോര്‍ജിനെതിരേ കേസ്
X

ബെംഗളൂരു: കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ കെ ജെ ജോര്‍ജിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് കേസെടുത്തു. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് നടപടി. ജോര്‍ജ്ജിന്റെ മകളുടെ പേരില്‍ അമേരിക്കയില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നു കാണിച്ച് കര്‍ണാടക രാഷ്ട്രീയ സമിതി(കെആര്‍എസ്) അധ്യക്ഷന്‍ രവികൃഷ്ണ റെഡ്ഡിയുടെ പരാതിയിലാണ് കേസെടുത്തത്. നിലവില്‍ സര്‍വാഗ്‌ന നഗര്‍ എംഎല്‍എയായ ജോര്‍ജ് നേരത്തേ സംസ്ഥാന സര്‍ക്കാരില്‍ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്. ഇതിന്റെ മറവിലാണ് ഇന്ത്യയിലും വിദേശത്തും പ്രത്യേകിച്ച് അമേരിക്കയില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

ന്യൂയോര്‍ക്കിലും മാന്‍ഹട്ടനിലുമായി അഞ്ചിടത്ത് ഭൂമി വാങ്ങിയതിന്റെ രേഖകളടക്കമാണ് പരാതി നല്‍കിയത്. ഇതിലെല്ലാം ജോര്‍ജിന്റെ മകള്‍ റെനിത എബ്രഹാമിന്റെയും മരുമകന്‍ കെവിന്‍ എബ്രഹാമിന്റെയും പേരുകളാണുള്ളതെന്നു പരാതിക്കാരന്‍ ആരോപിക്കുന്നു. അദ്ദേഹം മൂന്നുതവണ ലോകായുക്ത മുമ്പാതെ സമര്‍പ്പിച്ച രേഖകളാണിതെന്നും എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഹാജരാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ പ്രകാരം ഏറെ ബുദ്ധിമുട്ടിയാണ് രേഖകള്‍ സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. 20ഓളം രേഖകളുടെ പകര്‍പ്പുകളും തെളിവുകളുമായാണ് പരാതി നല്‍കിയതെന്ന് കെആര്‍എസ് ജനറല്‍ സെക്രട്ടറി ദീപക് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. മറ്റു രാഷ്ട്രീയ നേതാക്കളുമായി കെ ജെ ജോര്‍ജ്ജ് ഈ വിഷയത്തില്‍ ബന്ധപ്പെട്ടതിനു തെളിവ് കണ്ടെത്താനായിട്ടില്ല. ജോര്‍ജ്ജിന്റെയും കുടുംബത്തിന്റെയും ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട 20ഓളം രേഖകളും സത്യവാങ്മൂലങ്ങളും മറ്റുമാണ് ഇഡി മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളത്.

മലയാളി വേരുകളുള്ള കെ ജെ ജോര്‍ജ്ജ് കുമാരസ്വാമി സര്‍ക്കാരില്‍ ചെറുകിട വ്യവസായ മന്ത്രിയായിരുന്നു. ശിവകുമാറിനു പിന്നാലെ കെ ജെ ജോര്‍ജ്ജിനെതിരേയും കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ വേട്ടയാടലുകളുടെ ഭാഗമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.


Next Story

RELATED STORIES

Share it