Big stories

മോദിയെ ലോകത്തെ ശക്തനായ നേതാവെന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് ഹെറാള്‍ഡിന് പിന്നില്‍ മലയാളി

വായനക്കാര്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തി മോദിയെ ലോകനേതാവായി തിരഞ്ഞെടുത്ത ബ്രിട്ടീഷ് ഹെറാള്‍ഡിന്റെ ഉടമ മലയാളിയാണെന്നാണ് ആള്‍ട്ട് ന്യൂസ് പറയുന്നത്. കൊച്ചി സ്വദേശിയായ അന്‍സിഫ് അഷ്‌റഫിന്റെ വെബ്‌സൈറ്റ് ആണിത്.

മോദിയെ ലോകത്തെ ശക്തനായ നേതാവെന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് ഹെറാള്‍ഡിന് പിന്നില്‍ മലയാളി
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറ്റവും ശക്തനായ ലോക നേതാവായി വിശേഷിപ്പിച്ച് കൊണ്ടുള്ള ബ്രിട്ടീഷ് ഹെറാള്‍ഡ് വൈബ്‌സൈറ്റിന്റെ 'വായനക്കാരുടെ തിരഞ്ഞെടുപ്പ്' സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

വായനക്കാര്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തി വോട്ടെടുപ്പിലൂടെ മോദിയെ ലോകനേതാവായി തിരഞ്ഞെടുത്തെന്ന വൈബ്‌സൈറ്റിന്റെ പ്രഖ്യാപനം ബിജെപി നേതാക്കളും അതിന്റെ അണികളും സീ ന്യൂസ്, റിപ്പബ്ലിക് ടിവി, ആജ് തക് തുടങ്ങിയ ബിജെപി അനുകൂല മാധ്യമങ്ങളുമാണ് കൊണ്ട് പിടിച്ച് പ്രചരിപ്പിച്ചത്.

രാജ്യത്തിന്റെ പരമോന്നത നേതാവ് ലോകത്തെ ശക്തനായ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമാണെന്ന് വിശേഷിപ്പിച്ചവരില്‍ കേന്ദ്ര മന്ത്രി ഗിരിരാജ് സിങും ഉള്‍പ്പെടും.

സീ ന്യൂസ് മുന്‍ നിര ബ്രിട്ടീഷ് മാഗസിന്‍ എന്നാണ് ബ്രിട്ടീഷ് ഹെരാള്‍ഡിനെ വിശേഷിപ്പിച്ചത്. ലോകത്തെ ഏറ്റവും ശക്തനായ വ്യക്തിക്കായി വായനക്കാര്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തി വിജയിയായി പ്രഖ്യാപിച്ചത് ആഗോള നേതാവെന്ന നിലയിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായക്കുള്ള മറ്റൊരു തെളിവാണെന്നാണ് സീ ന്യൂസ് ലേഖനത്തില്‍ വിശേഷിപ്പിച്ചത്.

ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത ഹെറാള്‍ഡ് മീഡിയ നെറ്റ് വര്‍ക്ക് ലിമിറ്റഡ് കമ്പനിയാണ് ബ്രിട്ടീഷ് ഹെറാള്‍ഡ് വെബ്‌സൈറ്റ് ഉടമ. ഇന്ത്യന്‍ പൗരനായ അന്‍സിഫ് അഷ്‌റഫാണ് 2018 ഏപ്രിലില്‍ ഹെറാള്‍ഡ് മീഡിയ നെറ്റ് വര്‍ക്ക് രൂപീകരിച്ചത്. 85 ശതമാനം ഓഹരികളാണ് ഇദ്ദേഹത്തിന്റെ കൈവശമുള്ളത്.ബാക്കിയുള്ളവ മറ്റ് നാല് ഒഹരിയുടമകളുടെ ഉടമസ്ഥതയിലാണ്. അശ്‌റഫിനെ കൂടാതെ അഹമ്മദ് ഷംസീര്‍ കോലിയാദ് ഷംസുദ്ദീന്‍ എന്ന മറ്റൊരു ഡയറക്ടറും കമ്പനിക്ക് ഉണ്ട്.


ഇന്ത്യന്‍ മാധ്യമങ്ങള്‍ മുന്‍ നിര ബ്രിട്ടീഷ് മാഗസിന്‍ എന്ന വിശേഷിപ്പിച്ച ബ്രിട്ടീഷ് ഹെറാള്‍ഡ് റീഡര്‍ഷിപ്പില്‍ ഏറെ പിന്നിലാണെന്നും പരിശോധനയില്‍ കണ്ടെത്തി. ആഗോള തലത്തില്‍ റീഡര്‍ഷിപ്പ് പരിശോധിക്കുന്ന അലക്‌സാ വെബ് ട്രാഫിക് റാങ്കില്‍ ഏറെ പിന്നിലാണ് ഈ വെബ് സൈറ്റ്. 28,518 ആണ് ഈ വെബ് സൈറ്റിന്റെ റാങ്കെന്നും ആള്‍ട്ട് ന്യൂസ് വ്യക്തമാക്കുന്നു.


രാജ്യത്തെ പ്രമുഖമാധ്യമ സ്ഥാപനമായ എന്‍ഡിടിവിയുടേത് 395ആണ്. ട്വിറ്റര്‍ അക്കൗണ്ടില്‍ 4,000 ല്‍ താഴെയും ഫേസ്ബുക്കില്‍ 57,000 വും ഫോളോവേഴ്‌സ് മാത്രമാണ് ഇതിനുള്ളതെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ആള്‍ട്ട് ന്യൂസിന് 12,0000 ഫോളോവേഴ്‌സ ഉണ്ട്.


പ്രധാനമന്ത്രി മോദിയെ ലോകത്തെ കരുത്തനായ നേതാവായി തിരഞ്ഞെടുത്തെന്ന വാര്‍ത്ത വാര്‍ത്ത ഒരു അന്താരാഷ്ട്ര മാധ്യമവും പ്രസിദ്ധീകരിച്ചിട്ടില്ല. ബ്രിട്ടീഷ് ഹെറാള്‍ഡിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും മോദിയുടെ വാര്‍ത്ത കേവലം 150 പേര്‍ മാത്രമാണ് പങ്കുവച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it