Big stories

മരടിലെ ഫ്‌ളാറ്റുകള്‍ ഒക്ടോബര്‍ 11ന് പൊളിച്ചുതുടങ്ങും; കര്‍മപദ്ധതി തയ്യാറാക്കി സര്‍ക്കാര്‍

സുപ്രിംകോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനമുയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 138 ദിവസത്തെ കര്‍മപദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഒക്ടോബര്‍ 11 മുതല്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചുതുടങ്ങും. മൂന്നുമാസംകൊണ്ട് പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കും.

മരടിലെ ഫ്‌ളാറ്റുകള്‍ ഒക്ടോബര്‍ 11ന് പൊളിച്ചുതുടങ്ങും; കര്‍മപദ്ധതി തയ്യാറാക്കി സര്‍ക്കാര്‍
X

തിരുവനന്തപുരം: തീരദേശനിയമം ലംഘിച്ചെന്ന് കണ്ടെത്തിയ മരടിലെ നാല് ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശദമായ കര്‍മപദ്ധതി തയ്യാറാക്കി. സുപ്രിംകോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനമുയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 138 ദിവസത്തെ കര്‍മപദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഒക്ടോബര്‍ 11 മുതല്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചുതുടങ്ങും. മൂന്നുമാസംകൊണ്ട് പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കും. 2020 ഫെബ്രുവരിയോടുകൂടി പൊളിക്കുന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കംചെയ്യാനാണ് തീരുമാനം.

ഫ്‌ളാറ്റില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കുന്ന നടപടികള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കും. നാലുദിവസംകൊണ്ട് മുഴുവന്‍ പേരെയും ഫ്‌ളാറ്റില്‍നിന്ന് നീക്കാനാണ് പദ്ധതി. സര്‍ക്കാര്‍ തയ്യാറാക്കിയ വിശദമായ കര്‍മപദ്ധതി സുപ്രിംകോടതിയില്‍ സമര്‍പ്പിക്കും. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് തയ്യാറാണെന്നും അതിന് മേല്‍നോട്ടം വഹിക്കുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് സുപ്രിംകോടതിയില്‍ ഉറപ്പുനല്‍കിയിരുന്നു. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ ആദ്യപടിയെന്ന നിലയിലാണ് ഇവിടേക്കുള്ള വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ വിച്ഛേദിച്ചത്.

ഇന്ന് പുലര്‍ച്ചെ പുലര്‍ച്ചെ അഞ്ചുമണിക്ക് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നാലംഗസംഘം സ്ഥലത്തെത്തിയാണ് വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചത്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നഗരസഭാ സെക്രട്ടറിയെ നീക്കി ഐഎഎസ് ഉദ്യോഗസ്ഥനായ ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍കുമാറിന് പകരം ചുമതല നല്‍കിയിരുന്നു. ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് ഇദ്ദേഹം കഴിഞ്ഞ ദിവസം കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഫ്‌ളാറ്റുടമകള്‍ നോട്ടീസ് കൈപ്പറ്റാന്‍ തയ്യാറാവാതെ വന്നതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ചുമരില്‍ പതിക്കുകയായിരുന്നു. ഇതിന് പിന്നാലെ വാട്ടര്‍ അതോറിറ്റി ഫ്‌ളാറ്റുകളിലേക്കുള്ള കുടിവെള്ള വിതരണവും തടഞ്ഞു. അതേസമയം, ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നീക്കത്തിനെതിരേ ഉടമകള്‍ പുലര്‍ച്ചെ മുതല്‍ ശക്തമായ പ്രതിഷേധത്തിലാണ്. ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ വിച്ഛേദിച്ചത് മനുഷ്യാവകാശലംഘനമാണെന്നാണ് ഉടമകളുടെ വാദം. എന്നാല്‍, സുപ്രിംകോടതിയുടെ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ ഏതുവിധേനയും ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവാനാണ് സര്‍ക്കാരിന്റെ തീരുമാനം.

Next Story

RELATED STORIES

Share it