Big stories

മണിപ്പൂര്‍ വീണ്ടും കത്തുന്നു; വെടിവയ്പില്‍ ആറുപേര്‍ കൂടി കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരിക്ക്

മണിപ്പൂര്‍ വീണ്ടും കത്തുന്നു; വെടിവയ്പില്‍ ആറുപേര്‍ കൂടി കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരിക്ക്
X

ഗുവാഹത്തി: മാസങ്ങളായി സംഘര്‍ഷഭരിതമായ മണിപ്പൂരില്‍ സ്ഥിതിഗതികള്‍ വീണ്ടും വഷളാവുന്നു. കലാപത്തിനിടെ സംഘര്‍ഷം രൂക്ഷമായിരുന്ന ബിഷ്ണുപൂര്‍-ചുരാചന്ദ്പൂര്‍ അതിര്‍ത്തിയില്‍ ബുധനാഴ്ച വൈകീട്ട് മുതല്‍ നടന്ന ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവയ്പും സ്‌ഫോടനങ്ങളും തുടര്‍ച്ചയായി ഉണ്ടാവുന്നതായാണ് റിപോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരില്‍ മണിപ്പൂരിലെ പ്രമുഖ ഗോത്രകവിയും 'ഐ ഗാം ഹിലൗ ഹാം (ഇത് പുറത്തുള്ള സ്ഥലമല്ലേ?)' എന്ന ഗാനരചയിതാവുമായ എല്‍എസ് മംഗ്‌ബോയ് ലുങ്ഡിമും(42) ഉള്‍പ്പെടുന്നുണ്ട്. മോര്‍ട്ടാര്‍ ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി മിസോറം തലസ്ഥാനമായ ഐസ്വാളിലേക്ക് കൊണ്ടുപോവുന്നതിനിടെ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് ലുങ്ഡിം മരണപ്പെട്ടത്. ഖൊയ്‌റെന്റക് നരന്‍സീന മേഖലയിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ റിച്ചാര്‍ഡ് ഹെംഖോലുന്‍ ഗൈറ്റ്(31) എന്നയാളെ ഐസ്വാള്‍ വഴി ഗുവാഹത്തിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണപ്പെട്ടത്.

അതിര്‍ത്തിക്കടുത്തുണ്ടായ വെടിവയ്പില്‍ വില്ലേജ് വോളന്റിയര്‍മാരായ പൗകം കിപ്‌ജെന്‍, പൗസവംദം വൈഫെയ് എന്നിവര്‍ കൊല്ലപ്പെട്ടു. ചുരാചന്ദ്പൂരിലെ ഖൗസാബുങ് ഗ്രാമത്തിലുണ്ടായ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. മൂന്നുമാസത്തോളം നീണ്ട കലാപത്തിന് അറുതായായെന്ന അവകാശവാദങ്ങള്‍ക്കിടെ ഇന്നലെയുണ്ടായ ആക്രമണം ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ബിഷ്ണുപൂരിലെ തമ്‌നപോക്പിയിലും നരന്‍സീനയിലും ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വെടിവയ്പില്‍ രണ്ട് വില്ലേജ് വോളന്റിയര്‍മാര്‍ കൂടി കൊല്ലപ്പെട്ടു. പെബാം ദേബന്‍, മൊയ്‌റംഗ്‌തെം റോപ്പന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ വൈകീട്ടോടെ രണ്ട് വീടുകള്‍ തീവച്ച് നശിപ്പിച്ചു. മൊയ്‌റാങ്ങിനടുത്തുള്ള തമ്‌നപോക്പിയിലെ പവര്‍ സപ്ലൈ സ്‌റ്റേഷന്‍ നേരത്തേ ആക്രമിച്ചിരുന്നു. മോര്‍ട്ടാര്‍ ഷെല്ലാക്രമണത്തിനു സായുധ സംഘങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതായാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

നരന്‍സീനയിലെ രണ്ടാം ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ ക്യാംപിനു സമീപമാണ് ഈ പ്രദേശം. ആഗസ്ത് മൂബന്ന് മൂന്ന് 51 എംഎം മോര്‍ട്ടാറുകളും 81 എച്ച്ഇ മോര്‍ട്ടാര്‍ ബോംബുകളും ഉള്‍പ്പെടെ 300ഓളം ആയുധങ്ങള്‍ ക്യാംപില്‍നിന്ന് കൊള്ളയടിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനയില്‍ ആയുധശേഖരം പിടിച്ചെടുത്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചര്‍ച്ചയിലൂടെ സമാധാനം പുനഃസ്ഥാപിക്കുന്നതിന് കേന്ദ്രത്തെയും ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെയും സഹായിക്കാന്‍ സംസ്ഥാനത്തെ പൗരസമൂഹ സംഘടനകള്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് ആഹ്വാനം ചെയ്തു. 'ധാരാളം സംഘടനകളുണ്ട്. ഇപ്പോള്‍ വളരെ നിര്‍ണായക ഘട്ടമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആരോട് സംസാരിക്കണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്. ഞങ്ങള്‍ പൊതുജനങ്ങള്‍ക്കൊപ്പമുണ്ടാവും. ജനങ്ങളുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കില്ലെന്നും ഇംഫാലില്‍ നടന്ന ഒരു പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ വര്‍ഗീയ സംഘട്ടനമല്ലെന്നും മറിച്ച് അനധികൃത കുടിയേറ്റക്കാരുടെ കുടിയേറ്റം മൂലമുള്ള ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയാണെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു. വംശീയ അക്രമത്തെയും സംസ്ഥാനത്തെ ശിഥിലീകരിക്കാനുള്ള നീക്കത്തെയും എന്തുചെയ്തും ചെറുക്കുമെന്നും ബിരേന്‍ സിങ് പറഞ്ഞു.

ഏകദേശം നാല് മാസമായി തുടരുന്ന കുക്കി-മെയ്‌തേയ് വിഭാഗങ്ങള്‍ തമ്മിലുള്ള കലാപത്തില്‍ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ചുരാചന്ദ്പൂരിന്റെയും ബിഷ്ണുപൂരിന്റെയും അതിര്‍ത്തി പ്രദേശങ്ങളിലെ ആദിവാസി മേഖലകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും ആയുധപ്പുരകളില്‍ നിന്നുമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കപ്പെട്ടതായി ആദിവാസി സംഘടനകളുടെ കൂട്ടായ്മയായ ഇന്‍ഡിജിനസ് െ്രെടബല്‍ ലീഡേഴ്‌സ് ഫോറം(ഐടിഎല്‍എഫ്) പറഞ്ഞു. 'വെടിനിര്‍ത്തലിലെ ഗോത്ര വിഭാഗങ്ങളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ അട്ടിമറിക്കാനുള്ള തന്ത്രമാണിതെന്നും ഐടിഎല്‍എഫ് കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it