Big stories

മഹാത്മാഗാന്ധിയുടെ 71ാം രക്തസാക്ഷിത്വ ദിനം: ഹിന്ദുത്വ വഞ്ചനയുടെ ഓര്‍മ പുതുക്കി രാജ്യം

"ഒരു എളിയ ദേശസ്‌നേഹിപോലും ഗാന്ധിയുടെ നിലപാടുകളോടു യോജിക്കില്ല. ജമ്മുകാശ്മീരില്‍ അക്രമണം നടത്തികൊണ്ടിരുന്നിട്ടും പാകിസ്താന് 55 കോടി രൂപ പ്രതിഫലം നല്‍കാന്‍ അദ്ദേഹം നിര്‍ബന്ധിച്ചു. ആ വധം അദ്ദേഹത്തിന്റെ വികാരത്തിന്റെ ഫലമാണ്.'' സവര്‍ക്കര്‍ പറഞ്ഞു

മഹാത്മാഗാന്ധിയുടെ 71ാം രക്തസാക്ഷിത്വ ദിനം:  ഹിന്ദുത്വ വഞ്ചനയുടെ ഓര്‍മ പുതുക്കി രാജ്യം
X



'ഞാന്‍ ഗാന്ധിയെ വെടിവച്ചു. ഞാന്‍ ഗാന്ധിജിയുടെ നെഞ്ചിലേക്ക് വെടിയുണ്ടകള്‍ വര്‍ഷിച്ചു. അത് ശരിയായ കാര്യമാണെന്ന് ഞാന്‍ കരുതുന്നു. എനിക്കതില്‍ പശ്ചാത്താപമില്ല'. 1948 ജനുവരി 30 ന് ഡല്‍ഹിയിലെ ബിര്‍ളാഹൗസില്‍ പ്രാര്‍ഥനക്ക് എത്തിയ ഗാന്ധിജിയെ വെടിവെച്ചുകൊന്ന ആര്‍എസ്എസ് നേതാവ് നാഥുറാം വിനായക ഗോഡ്‌സെയുടെ വാക്കുകളാണിത്. ഓരോ വാചകങ്ങളിലും 'ഞാന്‍' എന്ന് എടുത്ത് പറഞ്ഞ് ഗാന്ധി വധത്തെ അഭിമാനത്തോടെ ഏറ്റെടുക്കുന്നുണ്ട് ഗോഡ്‌സെ. മധുരം വിതരണം ചെയ്ത് ഗാന്ധി രക്തസാക്ഷിയായ ദിനത്തില്‍ ആര്‍എസ്എസ്സും ഹിന്ദുത്വ സംഘടനകളും ആഹ്ലാദത്തില്‍ പങ്കുചേര്‍ന്നു.

ഗാന്ധിജി കൊല്ലപ്പെടേണ്ട ആളായിരുന്നുവെന്ന് ഗാന്ധിവധകേസില്‍ പ്രതിയായി ശിക്ഷയനുഭവിച്ച നാഥുറാമിന്റെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെയും പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്. 'ഹിന്ദുരാഷ്ട്രത്തെ നിരന്തരം അപമാനിച്ച ഒരാളെ രാഷ്ട്രത്തിനുവേണ്ടി ഉന്മൂലനം ചെയ്യുകയായിരുന്നു എന്റെ സഹോദരന്‍'' എന്നാണ് ഗോപാല്‍ ഗോഡ്‌സെ പറഞ്ഞത്.

ബാബരി മസ്ജിദ് ധ്വംസനം പോലെ തീരുമാനിച്ചുറപ്പിച്ചു നടത്തിയ കൊലപാതകമായിരുന്നു ഗാന്ധിവധമെന്ന് തെളിയിക്കുന്ന നിരവധി തെളിവുകളും രേഖകളും പുറത്തുവന്നു. ഗാന്ധി മുറുകെ പിടിച്ച ഹിന്ദു-മുസ്‌ലിം സാഹോദര്യമെന്ന ആശയത്തോടുള്ള ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ അമര്‍ഷമായിരുന്നു ഗാന്ധി വധത്തിലേക്ക് എത്തിച്ചത്. ഗാന്ധിജി നെഞ്ചോട് ചേര്‍ത്ത മതനിരപേക്ഷതയെ എതിര്‍ക്കുന്ന കാര്യത്തില്‍ ഗോഡ്‌സെയുംആര്‍എസ്എസും സവര്‍ണ വിഭാഗങ്ങളും ഒന്നായി നിന്നു.

പെരും നുണകള്‍ക്ക് മേല്‍ കെട്ടിപ്പടുത്ത ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആദ്യ ഇരയായിരുന്നു മഹാത്മാഗാന്ധി. ഗാന്ധി വധത്തില്‍ അഭിമാനം കൊള്ളുന്ന ഹിന്ദുത്വര്‍ ഗാന്ധിയെ നിഷ്ഠുരമായി വധിച്ച സംഭവത്തിലെ പങ്ക് നിരാകരിക്കുന്നതും നമുക്ക് കാണാം. ആര്‍എസ്എസ്സിന്റെ ഇരട്ടാത്താപ്പ് രാഷ്ട്രീയത്തിന്റെ ഉദാഹരണമാണത്.

ഗാന്ധിവധത്തിലെ ആര്‍എസ്എസ് പങ്കിനെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ആര്‍എസ്എസ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരേയും അപകീര്‍ത്തി കേസ് കൊടുത്തു. ആര്‍എസ്എസ്സുകാര്‍ ഗാന്ധിയെ വധിച്ചുവെന്ന പരാമര്‍ശത്തില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ അറിയിച്ചു. പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും മാപ്പു പറയില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ആര്‍എസ്എസ് നല്‍കിയ മാനനഷ്ടക്കേസ് തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി രാഹുല്‍ പിന്‍വലിച്ചിരുന്നു. കേസില്‍ രാഹുല്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

ഗാന്ധി വധത്തിലെ ആര്‍എസ്എസ് പങ്ക് വിശദീകരിച്ചതിന് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരെ കോടതി കയറ്റുമെന്ന് ഭീഷണിപ്പെടുത്തി ചില ആര്‍എസ്എസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. അവര്‍ക്ക് ഇപ്പോഴത്തെ ബിജെപി അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ള പിന്തുണക്കാരനായി എത്തുകയും ചെയ്തിരുന്നു. ആ വെല്ലുവിളി ഏറ്റെടുത്ത നായനാര്‍, കോടതിയില്‍ കാണാമെന്ന് പറഞ്ഞെങ്കിലും കേസിന് ആര്‍എസ്എസുകാര്‍ പോയില്ല.



'ആ വധം അദ്ദേഹത്തിന്റെ വികാരത്തിന്റെ ഫലമാണ്' ആര്‍എസ്എസ് സ്ഥാപക നേതാവ് സവര്‍ക്കറുടെ വാക്കുകളാണിത്. ഗാന്ധിജിയെ വെടിവച്ചു കൊന്നതിനെ ന്യായീകരിക്കുകയാണ് സവര്‍ക്കര്‍. 'ഗാന്ധിവധ വാര്‍ത്ത എന്നെ ദു:ഖിതനാക്കി.... ഒരു എളിയ ദേശസ്‌നേഹിപോലും ഗാന്ധിയുടെ നിലപാടുകളോടു യോജിക്കില്ല. ജമ്മുകാശ്മീരില്‍ അക്രമണം നടത്തികൊണ്ടിരുന്നിട്ടും പാകിസ്താന് 55 കോടി രൂപ പ്രതിഫലം നല്‍കാന്‍ അദ്ദേഹം നിര്‍ബന്ധിച്ചു. ആ വധം അദ്ദേഹത്തിന്റെ വികാരത്തിന്റെ ഫലമാണ്.'' സവര്‍ക്കര്‍ പറഞ്ഞു. ഗാന്ധിവധം ഉണ്ടായതിനെ തുടര്‍ന്ന് ആര്‍എസ്എസിന്റെ എല്ലാ ശാഖകളുടെയും നേതൃത്വത്തില്‍ മധുരപലഹാര വിതരണം നടന്നു. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ആര്‍എസ്എസുകാര്‍ മധുരം വിതരണം ചെയ്തതിനെപ്പറ്റി നായനാര്‍ മുമ്പു വിവരിച്ചിരുന്നു.

ഗോഡ്‌സെ ഇന്ന് ഹിന്ദുത്വരുടെ വീര പുരുഷനാണ്. ഇതുകൊണ്ടാണ് ദേശനായകനായി പ്രഖ്യാപിച്ച് ഗോഡ്‌സെയെ പറ്റി ഇന്ത്യയിലെ സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്ന് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള അമേരിക്കയിലെ ഗ്ലോബല്‍ ഹിന്ദു ഫൗണ്ടേഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും മാനവവിഭവശേഷിമന്ത്രിയായിരുന്ന സ്മൃതി ഇറാനിക്കും നിവേദനം നല്‍കിയത്.

ഗാന്ധിവധത്തിനുശേഷം ആര്‍എസ്എസിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. നെഹ്‌റു മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലാഭായ് പട്ടേലാണ് അതുചെയ്തത്. 3000 കോടി രൂപ ചിലവില്‍ പട്ടേലിന്റെ പ്രതിമ നിര്‍മിച്ച നരേന്ദ്രമോദി ഗാന്ധി വധത്തിന്റെ പേരിലുള്ള ദുഷ്‌പേരിനേയുമാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസുകാര്‍ക്ക്, ആര്‍എസ്എസ് അംഗത്വമാകാമെന്ന ദ്വയാംഗത്വ സിദ്ധാന്തക്കാരനായിരുന്നിട്ടും പട്ടേല്‍ ആര്‍എസ്എസ് നിരോധനത്തിന് തയ്യാറായി എന്നതും പ്രസക്തമാണ്. ഗാന്ധി രക്തസാക്ഷിത്വത്തെ തുടര്‍ന്ന് ഉയര്‍ന്ന് വന്ന പ്രതിഷേധത്തെ തണുപ്പിക്കാന്‍ ഇതല്ലാതെ പട്ടേലിന് മുന്നില്‍ മറ്റുവഴികളുണ്ടായിരുന്നില്ല.

ഗാന്ധിവധത്തില്‍ പങ്കില്ലെന്ന് പില്‍ക്കാലത്ത് പ്രചരിപ്പിക്കാനുള്ള പിടിവള്ളിയായത് കുറ്റകൃത്യം ചെയ്യുമ്പോള്‍ താന്‍ ആര്‍എസ്എസ് അംഗമല്ലെന്ന ഗോഡ്‌സെയുടെ കേസ് വിചാരണയിലെ മൊഴിയാണ്. അംഗങ്ങളുടെ ഔദ്യോഗികരേഖ ഇല്ലാതിരുന്നതും ആര്‍എസ്എസിന് തുണയായി. എന്നാല്‍, 1948 ല്‍ ഗോഡ്‌സെ ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തകന്‍ മാത്രമല്ല ആര്‍എസ്എസിന്റെ ബൗദ്ധിക് കാര്യവാഹ് കൂടിയായിരുന്നുവെന്ന് ഹിന്ദുമഹാസഭയുടെ അധ്യക്ഷനായിരുന്ന എന്‍ സി ചാറ്റര്‍ജിയും ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെയും വെളിപ്പെടുത്തിയിട്ടുണ്ട്. 1994 ജനുവരിയില്‍ ഫ്രണ്ട്‌ലൈന്‍ പ്രസിദ്ധീകരിച്ച ഗോപാല്‍ ഗോഡ്‌സെയുടെ അഭിമുഖത്തില്‍ ഇപ്രകാരം പറയുന്നു: 'ഞങ്ങള്‍ സഹോദരങ്ങളെല്ലാം ആര്‍എസ്എസിലായിരുന്നു. നാഥുറാം, ദത്തത്രേയ, ഗോവിന്ദ് ഞങ്ങള്‍ എല്ലാം. ഞങ്ങള്‍ വീട്ടില്‍ വളര്‍ന്നതിനെക്കാള്‍ കൂടുതല്‍ ആര്‍എസ്എസിലാണ് വളര്‍ന്നതെന്ന് വേണമെങ്കില്‍ പറയാം. ആര്‍എസ്എസ് ഞങ്ങള്‍ക്കു കുടുംബം പോലെയായിരുന്നു. ആര്‍എസ്എസിന്റെ ബൗദ്ധിക് കാര്യവാഹ് ആയി നാഥുറാം മാറി. അദ്ദേഹത്തിന്റെ മൊഴിയില്‍ ആര്‍എസ്എസ് വിട്ടെന്ന് പറയുന്നുണ്ട്. ഗാന്ധിവധത്തിനു ശേഷം ഗോള്‍വാക്കറും ആര്‍എസ്എസും വലിയ പ്രതിസന്ധിയിലായിരുന്നതുകൊണ്ടാണ് നാഥുറാം അങ്ങനെ പറഞ്ഞത്. അല്ലാതെ നാഥുറാം ആര്‍എസ്എസ് വിട്ടിരുന്നില്ല. ആര്‍എസ്എസില്‍ ബൗദ്ധിക് കാര്യവാഹ് ആയിരിക്കുമ്പോള്‍തന്നെ 1944 ല്‍ നാഥുറാം ഹിന്ദുമഹാസഭയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു''.ഗോപാല്‍ ഗോഡ്‌സെയുടെ ഈ വിലയിരുത്തല്‍ ആര്‍എസ്എസ് ഇതുവരെ ഔദ്യോഗികമായി തിരുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

മഹാത്മാ ഗാന്ധിയെ വധിയ്ക്കുമെന്ന് ആര്‍എസ്എസ് നേതാവ് ഗോവാള്‍ക്കര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി സൂചിപ്പിക്കുന്ന സിഐഡി റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു.



ഹാത്മാ ഗാന്ധിയെ വധിയ്ക്കുമെന്ന് ഗോവാള്‍ക്കര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി തെളിയിക്കുന്ന 1947ലെ സിഐഡി റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. വധ ഗൂഢാലോചനയ്ക്കായി 50ഓളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഡിസംബര്‍ ഒന്നിന് മഥുരയില്‍ ഒത്തുകൂടിയതിനും രേഖകളുണ്ട്.

ഗാന്ധിയ്ക്ക് മുസ്‌ലിംങ്ങളെ സംരക്ഷിക്കണമെന്ന നിലാപാടാണ് ഉള്ളതെന്നും അവരെ ഇന്ത്യയില്‍ നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ ഇതിന് നമ്മള്‍ അനുവദിക്കരുതെന്ന് ഗോവാള്‍ക്കര്‍ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നതായും ഡല്‍ഹി സി ഐ ഡി എസ്പിയുടെ അതീവ രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്‌ലിംങ്ങള്‍ക്കെതിരെ കലാപമുണ്ടായാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഇതിനായി പോലിസുകാര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

Next Story

RELATED STORIES

Share it