Top

സിറിയയില്‍ എത്താതിരുന്നാല്‍ മതിയായിരുന്നു; വൈറല്‍ ഡാന്‍സിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരേ 'ലൗ ജിഹാദ്' വിദ്വേഷപ്രചാരണം

''റാ റാ റാസ്പുടിന്‍... ലവര്‍ ഓഫ് ദ് റഷ്യന്‍ ക്വീന്‍...'' എന്ന ബോണി എം ബാന്‍ഡിന്റെ പാട്ടിനൊത്ത് ഡാന്‍സ് ചെയ്ത ജാനകിയുടെയും നവീനിന്റെയും വീഡിയോ വന്‍തോതില്‍ പ്രചരിച്ചിരുന്നു.

സിറിയയില്‍ എത്താതിരുന്നാല്‍ മതിയായിരുന്നു; വൈറല്‍ ഡാന്‍സിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരേ ലൗ ജിഹാദ് വിദ്വേഷപ്രചാരണം
X
കോഴിക്കോട്: നഴ്‌സിങ് യൂനിഫോമില്‍ ആശുപത്രി കെട്ടിടത്തില്‍ നിന്നു നൃത്തം ചെയ്ത് വൈറലായ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ 'ലൗ ജിഹാദ്' വിദ്വേഷപ്രചാരണം. തൃശൂര്‍ മെഡിക്കല്‍ കോളജ് വരാന്തയില്‍ നിന്നെടുത്ത 30 സെക്കന്‍ഡ് നൃത്തത്തിലെ വിദ്യാര്‍ഥിനി ജാനകി എം ഓംകുമാറിനും സഹപ്രവര്‍ത്തകന്‍ നവീന്‍ കെ റസാഖിനുമെതിരേയാണ് ഫേസ് ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ മതവിദ്വേഷം പരത്തുന്ന വിധത്തില്‍ സൈബര്‍ ആക്രമണം നടക്കുന്നത്. വീഡിയോ വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഇവരെ അഭിനന്ദിച്ചിരുന്നു. എന്നാല്‍, ഏതാനും പേരാണ് ലൗ ജിഹാദ്, ഐഎസ് തുടങ്ങിയ പരാമര്‍ശങ്ങളുമായി വിദ്വേഷം പ്രചരിപ്പിക്കുന്നത്. 'എന്തോ ഒരു പന്തികേട് മണക്കുന്നു, ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും ഭാര്യയ്ക്കും വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം' എന്നാണ് കൃഷ്ണരാജ് എന്ന എഫ് ബി അക്കൗണ്ടില്‍ നിന്നു കമ്മന്റ് ചെയ്തിട്ടുള്ളത്. തിരുവനന്തപുരം സ്വദേശിയും കൊച്ചിയില്‍ താമസക്കാരനുമെന്ന് ഫേസ് ബുക്കില്‍ പരിചയപ്പെടുത്തുന്ന അഭിഭാഷകനാണ് കൃഷ്ണരാജ്. 'സിറിയയില്‍ എത്താതിരുന്നാല്‍ മതിയായിരുന്നു. പയ്യന്‍ നല്ല സുന്ദരന്‍' എന്നാണ് കുമാര്‍ പ്രദീപ് എന്നയാളുടെ വിദ്വേഷപ്രചാരണം.'പണ്ട് ചിന്തിക്കില്ലായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിന്തിച്ചേ മതിയാവൂ' എന്നാണ് ഇതിനെ വിമര്‍ശിച്ച ജിനേഷ് പി എസിനോട് വിശ്വന്‍ പിള്ള മറുപടി നല്‍കുന്നത്. മാറുന്ന സാഹചര്യങ്ങളില്‍ ഒരു കരുതല്‍ എല്ലാവര്‍ക്കും നല്ലതാണ് എന്നാണ് സിജോ തെരുവപ്പുഴയുടെ അഭിപ്രായം. 'രണ്ടുപേരുടെയും പേരുകള്‍ കേട്ടപ്പോള്‍ മനസ്സില്‍ തോന്നിയത് ഇതേ ഭയം... ആ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ശ്രദ്ധിച്ചാല്‍ നന്ന്' എന്നാണ് രാധികാമേനോന്‍ ഉപദേശിക്കുന്നത്. 'ഒരു ഹലാല്‍ ലൗ സ്‌റ്റോറി ആവാന്‍ അല്ലെങ്കില്‍ ആയ എല്ലാ സാഹചര്യവും ഉണ്ട്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്ന വക്കീലിന്റെ മുന്നറിയിപ്പ് വിവാദമാക്കാനേ ജിഹാദി, സുഡാപി, സഖാപി, മതേതറക്കാര്‍ക്ക് താല്‍പര്യം ഉണ്ടാവുള്ളൂ. നമ്മള്‍ കര്‍മം ചെയ്യുക എന്നത് മാത്രം ചിന്തിക്കുന്നതിനാല്‍ അങ്ങയുടെ പ്രവര്‍ത്തനം തുടരുക എന്നാണ് കൃഷ്ണരാജ് എന്നയാള്‍ക്ക് പിന്തുണയുമായി ബിജോയ് മേനോന്‍ ആഹ്വാനം ചെയ്തത്. 'വിദ്യാര്‍ഥികള്‍ എന്ന് കേട്ടപ്പോഴേ തന്നെ തോന്നിയ കാര്യം. നവീന്‍ എന്ന് മാത്രമേ കണ്ടുള്ളൂ, പിന്നീടാണ് റസാഖിന്റെ വെളിപ്പെടുത്തല്‍' എന്നാണ് സജയ് കുമാര്‍ ഗംഗാധരന്റെ കമ്മന്റ്. 'ശ്രദ്ധിച്ചില്ല എങ്കില്‍ അപകടം, കോളജുകള്‍ കേന്ദ്രീകരിച്ചാണ് കൂടുതലും മതംമാറ്റം നടക്കുന്നത്. കാലിക്കറ്റ് മെഡിക്കല്‍ കോളജ് ഇങ്ങനെയുള്ള പരിപാടികള്‍ക്കും പ്രസിദ്ധമെന്ന് പറയുന്നു. അവിടെ പ്രത്യേക പ്രാര്‍ഥനാ സെന്റര്‍ വരെ ഉണ്ടെന്നു കേള്‍ക്കുന്നു' എന്നാണ് രാജഗോപാല്‍ പിയുടെ പ്രതികരണം. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. വീണ്ടും വീണ്ടും ഇര ആകാന്‍ മാത്രം കുറേ ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍. എന്തേ ഇസ് ലാം മതവിഭാഗത്തിലെ ഒരു പെണ്‍കുട്ടിയുടെ ഇങ്ങനെയുള്ള പരിപാടിക്ക് കിട്ടുന്നില്ല എന്നും അദ്ദേഹം ചോദിക്കുന്നു. എന്നാല്‍ ഇത്തരം അഭിപ്രായങ്ങളെ പലരും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

ഒരു ഡാൻസ്‌ കളിച്ചു; അത്രേയുള്ളൂ.. നവീൻ -ജാനകി എന്ന് കേട്ടപ്പോ പ്രശ്നം ഇല്ലായിരുന്നു. നവീന്റെ പേരിന്റെ വാലാണ്‌ ഈ...

Posted by Veena Ranjith on Wednesday, 7 April 2021


'ഒരു ഡാന്‍സ് കളിച്ചു; അത്രേയുള്ളൂ. നവീന്‍-ജാനകി എന്ന് കേട്ടപ്പോ പ്രശ്‌നം ഇല്ലായിരുന്നു. നവീന്റെ പേരിന്റെ വാലാണ് ഈ ഇളക്കത്തിനു കാരണം. പോസ്റ്റ് ഗംഭീരം; അതിന്റെ കമന്റുകള്‍ അതി ഗംഭീരം. എന്തൊരു ടോക്‌സിക് മനുഷ്യന്മാരാണ് നമുക്കുചുറ്റും! പേടിതോന്നുന്നു!!!'. എന്നാണ് ഇതിനെ വിമര്‍ശിച്ച് വിദ്വേഷ പ്രചാരണത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം തൃശൂര്‍ ഗവ. ദന്തല്‍ കോളജിലെ സീനിയര്‍ റെസിഡന്റ് വീണാ രഞ്ജിത്ത് പങ്കുവച്ചത്.

''റാ റാ റാസ്പുടിന്‍... ലവര്‍ ഓഫ് ദ് റഷ്യന്‍ ക്വീന്‍...'' എന്ന ബോണി എം ബാന്‍ഡിന്റെ പാട്ടിനൊത്ത് ഡാന്‍സ് ചെയ്ത ജാനകിയുടെയും നവീനിന്റെയും വീഡിയോ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ നവീന്‍ പങ്കുവച്ച വിഡിയോ ആണു തരംഗം തീര്‍ത്തത്. ആശുപത്രിയുടെ മുകള്‍നിലയിലെ വരാന്തയിലാണ് നൃത്തം ചെയ്തത്. ആളുകളുടെ തിരക്കില്ലാത്ത സ്ഥലം എന്ന നിലയിലാണ് ഇവിടെ തിരഞ്ഞെടുത്തത്. വയനാട് സ്വദേശി നവീനും തിരുവനന്തപരും സ്വദേശിനി ജാനകിയുമാണ് നഴ്‌സിങ് യൂനിഫോം ധരിച്ച് ചുവടുവച്ചത്. നവീന്റെ ബാച്ച്‌മേറ്റ് മുഷ്താഖ് ആണു വീഡിയോ ഷൂട്ട് ചെയ്തത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ വീഡിയോ പങ്കുവയ്ക്കുകയും അഭിനനന്ദനമറിയിച്ച് കമന്റിടുകയും ചെയ്തതോടെ വൈറലായ ഇവരുടെ അഭിമുഖങ്ങള്‍ പ്രമുഖ മാധ്യമങ്ങള്‍ ഉള്‍പ്പെടെ നല്‍കിയിരുന്നു.

'Love Jihad' hate campaign against medical students in viral dance

Next Story

RELATED STORIES

Share it