Big stories

മുഫീദയുടെ മരണത്തിനു പിന്നില്‍ നേതാക്കളുടെ ഭീഷണി; സിപിഎം ജില്ലാ സെക്രട്ടറിക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ തുറന്ന കത്ത്

മുഫീദയുടെ മരണത്തിനു പിന്നില്‍ നേതാക്കളുടെ ഭീഷണി; സിപിഎം ജില്ലാ സെക്രട്ടറിക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ തുറന്ന കത്ത്
X

പി സി അബ്ദുല്ല

കല്‍പറ്റ: തരുവണ പുലിക്കാട് കണ്ടിയില്‍ പൊയില്‍ മഫീദയുടെ ദാരുണ മരണത്തില്‍ പ്രാദേശിക സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് പങ്കുണ്ടെന്നാരോപിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ തുറന്ന കത്ത്. ഡിവൈഎഫ്‌ഐ പുലിക്കാട ബ്രാഞ്ച് മെമ്പര്‍ എം ഷൗക്കത്ത് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിനയച്ച കത്തില്‍ ഗുരുതരമായ ആരോപണങ്ങളാണുള്ളത്.

കത്തിന്റെ പൂര്‍ണ്ണ രൂപം:

പ്രിയ സഖാവിന്,

ഞാന്‍ തരുവണ പുലിക്കാട് പ്രദേശത്തെ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന എളിയ ഒരു പ്രവര്‍ത്തകനാണ്.

വളരെ ഗൗരവമുള്ള ഒരു കാര്യം താങ്കളുടെ ശ്രദ്ധയില്‍പെടുത്താനാണ് ഈ എഴുത്ത്.

എന്റെ ഭാര്യമാതാവും വിധവയുമായിരുന്ന മഫീദ എന്നവരെ പുലിക്കാട് സ്വദേശിയായ ടി കെ ഹമീദ് ഹാജി എന്നയാള്‍ രണ്ടാം വിവാഹം നടത്തുകയും വര്‍ഷങ്ങളോളം ബന്ധം പുലര്‍ത്തി വരികയുമായിരുന്നു. ഏഴുവര്‍ഷം മുമ്പ് ഗോണിക്കൊപ്പയില്‍ വെച്ച് നികാഹ് ചെയ്തുവെന്നാണ് അയാള്‍ തന്നെ നാട്ടുകാരോട് പറഞ്ഞത്.

അങ്ങിനെ ജീവിച്ചു പോരുന്നതിനിടയില്‍ രണ്ടാം വിവാഹത്തെ ചൊല്ലി ആദ്യഭാര്യയും മക്കളുമായി വീട്ടില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടാവുകയും മഫീദയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് ഹമീദ് ഹാജിയോട് ആദ്യ ഭാര്യയും കുടുംബവും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അയാളതിന് തയ്യാറായില്ല. പിന്നീട് മഫീദയോട് സംസാരിച്ച് പിന്‍മാറ്റാനുള്ള ശ്രമം തുടങ്ങി. ഹമീദ് ഹാജിയുടെ മകന്‍ ജാബിര്‍ ഡിവൈഎഫ്‌ഐ പുലിക്കാട് യൂണിറ്റ് സെക്രട്ടറിയായിരുന്നു. പ്രസ്തുത ബന്ധം വെച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഹാരിസും പാര്‍ട്ടി പ്രവര്‍ത്തകരും അവരുമായി ഒന്നിലേറെ തവണ സംസാരിച്ചു. പിന്മാറാന്‍ തയ്യാറല്ല എന്ന മറുപടിയാണ് അവര്‍ക്ക് കിട്ടിയത്. ശേഷം ലോക്കല്‍ സെക്രട്ടറി കെ സി കെ നജ്മുദ്ദീന്‍, ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് മുഹമ്മദലി എന്നിവര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. അതിനിടക്കാണ് 2022 ജൂലൈ മൂന്നാം തിയ്യതി രാത്രി 9.30 ന് ഹമീദ് ഹാജിയെ ബലം പ്രയോഗിച്ച് അയാളുടെ അനുജന്‍ നാസര്‍, മകന്‍ ജാബിര്‍ എന്നിവര്‍ ചേര്‍ന്ന് എന്റെ ഭാര്യവീട്ടിലേക്ക് കൊണ്ടുവരുന്നത്. മുഫീദയെ പുറത്തേക്ക് വിളിച്ചു നാസറും ജാബിറും ഭീഷണിപ്പെടുത്തി ഹമീദ് ഹാജിയോട് മൊഴി ചൊല്ലാന്‍ ആവശ്യപ്പെട്ടു. (ഇതിന്റെ വീഡിയോ ക്ലിപ്പ് എന്റെ കൈവശമുണ്ട് ). അതില്‍ മനംനൊന്ത് അങ്ങിനെയാണെങ്കില്‍ ഞാന്‍ മരിച്ചു കളയുമെന്ന് പറഞ്ഞ് മഫീദ തലയിലൂടെ മണ്ണെണ്ണ ഒഴിച്ചു. സംസാരിക്കുന്നതിനിടക്ക് വന്നവര്‍ 'നീ ചത്തോ, ഞങ്ങള്‍ക്ക് ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. ഞങ്ങള്‍ക്ക് രാഷ്ട്രീയ സ്വാധീനമുണ്ട് , പണവുമുണ്ട്. ഒന്നും പേടിക്കാനില്ല' എന്ന് പറഞ്ഞ് പ്രകോപിപ്പിക്കുകയും അവര്‍ ലൈറ്റര്‍ ഉരസിയപ്പോള്‍ ഷാളിന് തീപിടിക്കുകയുമാണുണ്ടായത്. തീ കത്തി തുടങ്ങുമ്പോള്‍ രക്ഷപ്പെടുത്താനുള്ള അവസരമുണ്ടായിട്ടും രക്ഷിക്കാന്‍ ശ്രമിച്ചില്ല. അങ്ങിനെ ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റു. ഈ സമയത്ത് കുറച്ച് ദൂരെയായി കെ സി കെ നജ്മുദ്ദീനും മുഹമ്മദലിയും ഹാരിസും നില്‍ക്കുന്നുണ്ടായിരുന്നു (ഇക്കാര്യം മഫീദയും സംഭവത്തിന് ദൃക്‌സാക്ഷിയായ മകനും പറഞ്ഞിട്ടുണ്ട്). അങ്ങിനെ എടുത്ത് മാനന്തവാടി മെഡി.കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കു പറ്റിയ വിവരം തൊട്ടടുത്ത് താമസിക്കുന്ന ഞങ്ങളെയോ മറ്റു അയല്‍വാസികളെയോ അറിയിച്ചിട്ടില്ല. പോകുന്ന വഴിക്ക് വണ്ടിയില്‍ വെച്ച് കേസിനും ഗുലുമാലിനൊന്നും പോകണ്ട , മക്കള്‍ക്ക് മര്യാദക്ക് ജീവിക്കാനുള്ളതാ എന്ന് പറയുകയും ആരുടെയും പ്രേരണയില്ലാതെ സ്വമേധയാ ചെയ്തതാണെന്ന് എല്ലാവരോടും പറയണമെന്നാവശ്യപ്പെടുകയും ചെയ്തു. അര്‍ധ ബോധാവസ്ഥയിലുള്ള ആള്‍ അതൊക്കെ സമ്മതിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികില്‍സക്കായി അന്നു രാത്രി തന്നെ കോഴിക്കോട് മെഡി.കോളജിലേക്ക് മാറ്റി. അതുവരെയും പാര്‍ട്ടി നേതാക്കന്മാരും പ്രവര്‍ത്തകരും തന്നെയാണ് പോലീസിനെ വിളിച്ചതും മൊഴി പറയിപ്പിച്ചതുമൊക്കെ. കോഴിക്കോട് മെഡി.കോളജിലേക്ക് രണ്ട് ദിവസം കഴിഞ്ഞ് മാത്രമാണ് ഹമീദ് ഹാജി വരുന്നത്. ചികിത്സാചെലവും കൂടെ നില്‍ക്കുന്ന മൂന്ന് പേര്‍ക്കുള്ള ഭക്ഷണച്ചെലവും കൂടി വലിയൊരു തുക ആകുന്നുണ്ടായിരുന്നു. കുറച്ച് ദിവസം അയാളും കുടുംബവും സഹായിച്ചിട്ടുണ്ട്. അവര്‍ തരുന്ന സംഖ്യ പോരാതെ വരികയും വഴിമുട്ടുകയും ചെയ്തപ്പോള്‍ പുലിക്കാട് മഹല്ല് കമ്മിറ്റിയെ ബന്ധപ്പെടുകയും കമ്മിറ്റി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവിടെ ഒരു ഹോട്ടലും മെഡി.ഷോപ്പും ഏല്‍പിച്ചുതന്നു. രണ്ടാഴ്ച കഴിഞ്ഞതിനു ശേഷം ചികിത്സാ ചെലവ് ഇനി ഞങ്ങള്‍ക്ക് വഹിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഒഴിയുകയാണ് ചെയ്തത്. വീണ്ടും മഹല്ല് കമ്മിറ്റിയെ ബന്ധപ്പെട്ടു. ഹമീദ് ഹാജിയോട് സംസാരിച്ചപ്പോള്‍ ഇനി എനിക്ക് കഴിയില്ല അവര്‍ അവരുടെ വഴി നോക്കിക്കോട്ടെ, മുമ്പ് പറഞ്ഞതുപോലെ തന്നെ ഞങ്ങള്‍ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്ന് പറയുകയാണുണ്ടായത്.

അതിനിടക്കാണ് നിങ്ങള്‍ വീട്ടിനടുത്തുള്ള ഹോസ്പിറ്റലില്‍ കൊണ്ടുപോയി ചികില്‍സിച്ചാല്‍ മതി, മുറിവ് ഉണങ്ങിയിട്ട് തിരിച്ചു വന്ന് കാലില്‍ നിന്ന് എടുത്ത് മുഖത്ത് വെക്കുന്ന പ്ലാസ്റ്റിക് സര്‍ജറി ചെയ്യാമെന്ന് പറഞ്ഞ് കോഴിക്കോട് നിന്ന് മാനന്തവാടി ആശുപത്രിയിലേക്ക് മാറ്റുന്നത്. അവിടെ ആവശ്യമായ ടോയ്‌ലറ്റ് സൗകര്യമോ മറ്റോ ഇല്ലാത്തതിനാല്‍ ഡോക്ടറുടെ അഭിപ്രായം കൂടി പരിഗണിച്ച് വീട്ടിലേക്ക് മാറ്റുകയാണുണ്ടായത്.

വീട്ടില്‍ വന്ന് നല്ലൊരു അവസ്ഥയിലെത്തി യെങ്കിലും കുറച്ച് ദിവസം കഴിയുമ്പോള്‍ ഉമ്മയുടെ ആരോഗ്യസ്ഥിതി മോശമാകാന്‍ തുടങ്ങി. ബുധനാഴ്ച മാത്രമാണ് കോഴിക്കോട് മെഡി.കോളജില്‍ അവരെ നേരത്തെ ചികിത്സിച്ച ഡോക്ടറുള്ള ഒപിയുള്ളത്. ആംബുലന്‍സ് വിടാന്‍ വൈകിയതിനാല്‍ അന്ന് പോയിട്ട് ഡോക്ടറെ കാണാന്‍ പറ്റിയില്ല. പിറ്റത്തെ ബുധനാഴ്ച അഥവാ മരിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് ആംബുലന്‍സ് വിട്ടു കൊടുക്കാന്‍ അയാള്‍ തയ്യാറായതുമില്ല. അങ്ങിനെയാണ് ആവശ്യമായ ചികിത്സ ലഭിക്കാതെ സെപ്തം. 2 ന് ഞങ്ങളുടെ ഉമ്മ മരണപ്പെടുന്നത്.

ആത്മഹത്യക്ക് പ്രേരിപ്പിച്ച മകനടക്കം ഇപ്പോഴും വെല്ലുവിളിച്ചു കൊണ്ട് നേതാക്കള്‍ക്കൊപ്പം പരസ്യമായി നടക്കുകയാണ്.ഹമീദ് ഹാജിക്കും കുടുംബത്തിനും ധൈര്യവും പിന്‍ബലവും കിട്ടുന്നത് പാര്‍ട്ടി സ്വാധീനവും പണവുമാണെന്ന് ഞങ്ങള്‍ ബലമായി സംശയിക്കുന്നു.

പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും ഒന്നിച്ച് ജീവിക്കാനുള്ള അവകാശം വകവെച്ചു കൊടുക്കുകയും ആവശ്യമെങ്കില്‍ സംരക്ഷണം നല്‍കുന്നതുമാണ് നമ്മുടെ പാര്‍ട്ടിയുടെ നിലപാട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനെതിരായി പ്രവര്‍ത്തിച്ച മേല്‍ പറയപ്പെട്ട ജില്ലാ , ലോക്കല്‍, ബ്രാഞ്ച് നേതാക്കള്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിച്ച് പാര്‍ട്ടിയുടെ ഇമേജ് സംരക്ഷിക്കണമെന്നും ഞങ്ങള്‍ക്ക് നീതി കിട്ടുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും വിനയത്തോടെ അഭ്യര്‍ഥിക്കുന്നു.

Next Story

RELATED STORIES

Share it