Big stories

ലക്കിടി വെടിവയ്പ്: മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിറങ്ങി

6 മാസത്തിനകം റിപോര്‍ട്ട് നല്‍കണം

ലക്കിടി വെടിവയ്പ്: മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിറങ്ങി
X

കല്‍പറ്റ: ലക്കിടി വെടിവയ്പില്‍ മാവോവാദി പാണ്ടിക്കാട് സ്വദേശി സി പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസട്രേറ്റ്തല അന്വേഷണം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ അഭ്യര്‍ഥന സര്‍ക്കാര്‍ വിശദമായി പരിശോധിച്ച ശേഷമാണ് വയനാട് ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാറിനെ ചുമതലപ്പെടുത്തിയത്. സിആര്‍പിസി സെക്്ഷന്‍ 176 പ്രകാരമുള്ള അന്വേഷണം ആറു മാസത്തിനകം പൂര്‍ത്തിയാക്കി റിപോര്‍ട്ട് നല്‍കണമെന്നും ഗവര്‍ണറുടെ ഉത്തരവ് പ്രകാരം അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.


വയനാട്ടിലെ ഉപവന്‍ റിസോര്‍ട്ടിനു സമീപം ഇക്കഴിഞ്ഞ ആറിനു വൈകീട്ടാണ് തണ്ടര്‍ബോള്‍ട്ടും മാവോവാദി സംഘവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതെന്നാണ് പോലിസ് പറയുന്നത്. മാവോവാദികള്‍ 50,000 രൂപയും ഭക്ഷണവും ആവശ്യപ്പെട്ടെന്നും ഉടമയുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് അവര്‍ വെടിവച്ചെന്നുമായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പുലര്‍ച്ചെ നാലര വരെ നീണ്ടുനിന്നെന്ന് പറയപ്പെടുന്ന വെടിവയ്പിനൊടുവിലാണ് പാറക്കൂട്ടത്തിനിടയില്‍ തലയ്ക്കും മറ്റും വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ ജലീലിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പോലിസ് കൊല്ലണമെന്ന ഉദ്ദേശത്തോടെ വെടിവച്ചതാണെന്നും കാണിച്ച് സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതി നല്‍കിയിരുന്നു. മാത്രമല്ല, മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഇതേ ആവശ്യമുന്നയിച്ചിരുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.




Next Story

RELATED STORIES

Share it