Big stories

കെ എസ് ഷാന്‍ വധക്കേസ്: മറ്റൊരു കൊലക്കേസിലെ പ്രതി ഉള്‍പ്പടെ ആര്‍എസ്എസ് നേതാക്കള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടിസ്

കരുനാഗപ്പള്ളിയിലുള്ള ഡിവൈഎഫ്‌ഐ നേതാവായ അജയ് പ്രസാദിനെ കൊലപ്പെടുത്തിയ കേസിലും ശ്രീനാഥ് പ്രതിയായിരുന്നു.

കെ എസ് ഷാന്‍ വധക്കേസ്: മറ്റൊരു കൊലക്കേസിലെ പ്രതി ഉള്‍പ്പടെ ആര്‍എസ്എസ് നേതാക്കള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടിസ്
X

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വാഹനമിടിച്ച് വീഴ്ത്തി വെട്ടി കൊലപ്പെടുത്തിയ കേസില്‍ മറ്റൊരു കൊലക്കേസിലെ പ്രതി ഉള്‍പ്പടെ ആര്‍എസ്എസ് നേതാക്കള്‍ക്കെതിരേ പോലിസ് പോലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഡിവൈഎഫ്‌ഐ നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ആര്‍എസ്എസ് ആലപ്പുഴ സംഘ് ജില്ലാ പ്രചാരകനുമായ കൊല്ലം ക്ലാപ്പന വില്ലേജില്‍ വൈഷ്ണവം വീട്ടില്‍ ശ്രീനാഥ്(35), ആര്‍എസ്എസ് ഇരിങ്ങാലക്കുട സംഘ് ജില്ലാ പ്രചാരക ആലപ്പുഴ ചേര്‍ത്തല തണ്ണീര്‍മുക്കം പഞ്ചായത്തിലെ കോക്കോതമംഗലം സ്വദേശി കല്ലേലില്‍ വീട്ടില്‍ മുരുകേഷ്(40) എന്നിവര്‍ക്കെതിരേയാണ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ളത്.


ശ്രീനാഥിന്റെ നേതൃത്വത്തിലാണ് ഷാനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കെ എസ് ഷാനെ കൊലക്കേസിലെ ഒന്നാം പ്രതി പ്രസാദ്(അണ്ടി പ്രസാദ്) തോണ്ടംകുളങ്ങരയിലുള്ള ആര്‍എസ്എസ് ജില്ലാ കാരാല്യയത്തിലെ ശ്രീനാഥിന്റെ മുറിയില്‍ സംഘടിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പ്രസാദിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ ഷാന്‍ കൊലപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനകളിലെല്ലാം ശ്രീനാഥ് പങ്കെടുത്തിട്ടുണ്ട്.


കരുനാഗപ്പള്ളിയിലുള്ള ഡിവൈഎഫ്‌ഐ നേതാവായ അജയ് പ്രസാദിനെ കൊലപ്പെടുത്തിയ കേസിലും ശ്രീനാഥ് പ്രതിയായിരുന്നു. ആ കേസില്‍ കീഴ്‌ക്കോടതി പ്രതികള്‍ക്കെതിരേ ശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഈ കേസില്‍ ശിക്ഷിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍.

ഒളിവില്‍ പോയ മറ്റൊരു പ്രതിയായ മുരുകേഷ് ചേര്‍ത്തല സ്വദേശിയാണ്. ആര്‍എസ്എസ് ഇരിങ്ങാലക്കുട സംഘ് ജില്ലാ പ്രചാരകായ മുരുകേഷ് ചേര്‍ത്തലയിലെ ആര്‍എസ്എസ് ആക്രമണങ്ങള്‍ക്കും ക്രിമിനല്‍ ഗൂഢാലോചനകള്‍ക്കും നേതൃത്വം നല്‍കിയിരുന്ന വ്യക്തിയാണ്. മുരുകേഷിന്റെ ഹൈടെക് എന്ന പേരിലുള്ള നിര്‍മാണ കമ്പനിയാണ് ചേര്‍ത്തലയിലെ ആര്‍എസ്എസ് കാര്യാലയം നിര്‍മിക്കുന്നത്. മുരുകേഷ് നേരത്തെ ആര്‍എസ്എസ് ചേര്‍ത്തല ഖണ്ഡിന്റെ ശാരീരിക് ശിക്ഷക് പ്രമുഖ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഷാന്‍ വധവുമായി ബന്ധപ്പെട്ട് ചേര്‍ത്തലയിലുള്ള ആര്‍എസ്എസ് കാര്യാലയത്തില്‍ നടന്ന ഗൂഢാലോചനയിലും മുരുകേഷ് പങ്കാളിയായിട്ടുണ്ട്. ഇരിങ്ങാലക്കുട സംഘ് ജില്ലാ കാര്യവാഹക് ആയ മുരുകേഷിന്റെ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ഷാന്‍ കൊലക്കേസ് പ്രതികളെ ഇരിങ്ങാലക്കുടയിലെ വിവിധ മേഖലകളില്‍ ഒളിവില്‍ പാര്‍പ്പിച്ചത്.

ഷാന്‍ വധുമായി ബന്ധപ്പെട്ട് ആലപ്പുഴ മണ്ണഞ്ചേരി പോലിസ് സ്‌റ്റേഷനില്‍ ക്രൈം നമ്പര്‍ 621/2021 u/s 143, 147, 148, 149, 324, 302 കുറ്റകൃത്യങ്ങളിലാണ് ഇരുവരേയും പ്രതി ചേര്‍ത്തിട്ടുള്ളത്. പ്രതികള്‍ ഡിസംബര്‍ 18 മുതല്‍ ഒളിവിലാണെന്നും ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ വിവരം അറിയിക്കണമെന്ന് പോലിസ് അറിയിച്ചു.

എസ്എച്ച്ഒ മണ്ണഞ്ചേരി പോലിസ് സ്‌റ്റേഷന്‍-9497909997, ഡിവൈഎസ്പി ക്രൈംബ്രാഞ്ച് ആലപ്പുഴ-9497990039. ജില്ലാ പോലിസ് മേധാവി, ആലപ്പുഴ-9497996982.

Next Story

RELATED STORIES

Share it