Big stories

വാളയാറില്‍ കുടുങ്ങിയവരെ കേരളത്തിലേക്ക് കടത്തിവിടണമെന്ന് ഹൈക്കോടതി

വ്യക്തി താല്‍പ്പര്യത്തിനല്ല പൊതു താല്‍പ്പര്യത്തിനാണ് പ്രാധാന്യമെന്നും കോടതി പറഞ്ഞു

വാളയാറില്‍ കുടുങ്ങിയവരെ കേരളത്തിലേക്ക് കടത്തിവിടണമെന്ന് ഹൈക്കോടതി
X

കൊച്ചി: വാളയാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് ഹൈക്കോടതി. ഇവര്‍ക്ക് അടിയന്തരമായി പാസ് അനുവദിക്കണം. എന്നാല്‍, പാസില്ലാതെ ആരും വരാന്‍ ശ്രമിക്കരുതെന്നും വാളയാറില്‍ ഇന്നലെ കുടുങ്ങി കിടന്നവര്‍ക്ക് മാത്രമാണ് ഉത്തരവെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. കുടുങ്ങിയ മലയാളികളുടെ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്. അതിര്‍ത്തികളില്‍ എത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കണമെന്നും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

വാളയാറില്‍ കുടുങ്ങിയവര്‍ക്ക് വേണ്ടി മാത്രമാണ് ഈ ഉത്തരവെന്ന് കോടതി അറിയിച്ചു. പാസ് നല്‍കുമ്പോള്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും മുന്‍ഗണന നല്‍കണം. സര്‍ക്കാര്‍ നിയന്ത്രണം ജനത്തിന് എതിരാണെന്ന് പറയാനാകില്ല. ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കാന്‍ കോടതിക്കാകില്ല. ജനങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും കോടതി പറഞ്ഞു. യാത്ര പുറപ്പെടുമ്പോള്‍ തന്നെ പാസ് വാങ്ങണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കോടതി ഹരജിക്കാരെ ഓര്‍മ്മിപ്പിച്ചു. വ്യക്തി താല്‍പ്പര്യത്തിനല്ല പൊതു താല്‍പ്പര്യത്തിനാണ് പ്രാധാന്യമെന്നും കോടതി പറഞ്ഞു.

അതേസമയം ഹരജി പരിഗണിച്ചപ്പോള്‍ ഒരാളേയും പാസില്ലാതെ അതിര്‍ത്തി കടത്തി വിടാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഒരു ലക്ഷത്തിലധികം അപേക്ഷകളാണ് ഇതുവരെ വന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതിര്‍ത്തിയില്‍ എത്തുന്നവര്‍ക്ക് താമസ സൗകര്യം നല്‍കാനാകില്ല. നിയന്ത്രണം ഇല്ലാതെ അതിര്‍ത്തി കടത്തി വിടാനാകില്ല. അങ്ങനെ വന്നാല്‍ മുഴുവന്‍ സംവിധാനങ്ങളും പരാജയപ്പെടും. നിരീക്ഷണം കുറഞ്ഞാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. ഇത്തരത്തില്‍ എത്തിയ പലര്‍ക്കും ഇതര സംസ്ഥാനങ്ങളുടെ പാസ് പോലുമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ജില്ലാ കലക്ടര്‍മാരാണ് ജില്ലകളില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കേണ്ടത്. എന്നാല്‍ പഞ്ചായത്തുകളില്‍ നിരീക്ഷണ സൗകര്യം ഉണ്ടോ എന്ന് വിലയിരുത്തി അവരുടെ അനുമതിയോടെ മാത്രമെ കലക്ടര്‍ പാസിന്റെ കാര്യത്തില്‍ തീരുമാനം എടുക്കു. നല്ല നിലയില്‍ ആളുകളെ തിരിച്ചെത്തിക്കാനാണ് പാസ് അനുവദിക്കാന്‍ തീരുമാനിച്ചത്. ചെക്‌പോസ്റ്റുകളില്‍ തിരക്ക് കൂടുതലാണ്. നാല് കൗണ്ടറുകളുള്ള വാളയാറില്‍ പത്ത് ആക്കേണ്ട അവസ്ഥയാണ് ഉള്ളത്. പത്ത് മണിക്കൂര്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും ജോലി ചെയ്യേണ്ട സാഹചര്യമാണ്. ഇങ്ങനെ ആളുകള്‍ കൂട്ടത്തോടെ വന്നാല്‍ നിരീക്ഷണ സംവിധാനങ്ങളാകെ താളം തെറ്റുമെന്നും സര്‍ക്കാര്‍ വാദിച്ചു. നിലവില്‍ 59000 പേര്‍ക്ക് ഇതുവരെ പാസ് നല്‍കി.

Next Story

RELATED STORIES

Share it