Big stories

ജോസ് കെ മാണിക്ക് തിരിച്ചടി; ചെയര്‍മാനാക്കിയതിനെതിരായ സ്റ്റേ തുടരുമെന്ന് കോടതി

ജോസ് കെ മാണിയെ ചെയര്‍മാനാക്കിയതിനെതിരായ സ്‌റ്റേ തുടരുമെന്ന് കട്ടപ്പന സബ് കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ജോസ് കെ മാണി സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് കോടതിയുടെ ഉത്തരവ്. ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് തടഞ്ഞ് ഇടുക്കി മുന്‍സിഫ് കോടതി ഉത്തരവായിരുന്നു.

ജോസ് കെ മാണിക്ക് തിരിച്ചടി; ചെയര്‍മാനാക്കിയതിനെതിരായ സ്റ്റേ തുടരുമെന്ന് കോടതി
X

കോട്ടയം: കെ എം മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന് കേരള കോണ്‍ഗ്രസി (എം) ല്‍ ഉടലെടുത്ത ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ജോസ് കെ മാണിക്ക് കോടതിയില്‍നിന്ന് തിരിച്ചടി. ജോസ് കെ മാണിയെ ചെയര്‍മാനാക്കിയതിനെതിരായ സ്‌റ്റേ തുടരുമെന്ന് കട്ടപ്പന സബ് കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ജോസ് കെ മാണി സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് കോടതിയുടെ ഉത്തരവ്. ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് തടഞ്ഞ് ഇടുക്കി മുന്‍സിഫ് കോടതി ഉത്തരവായിരുന്നു. ഇതിനെതിരേ ജോസ് കെ മാണി വിഭാഗം സമര്‍പ്പിച്ച അപ്പീലിലാണ് കട്ടപ്പന കോടതിയുടെ നിര്‍ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

കെ എം മാണിയുടെ നിര്യാണത്തിനുശേഷം വര്‍ക്കിങ് കമ്മിറ്റി വിളിച്ചുചേര്‍ത്ത് പുതിയ ചെയര്‍മാനെ തീരുമാനിക്കണമെന്നായിരുന്നു ജോസ് കെ മാണിയുടെ ആവശ്യം. എന്നാല്‍, താനാണ് പുതിയ ചെയര്‍മാനെന്നും തിരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്നുമായിരുന്നു പി ജെ ജോസഫിന്റെ നിലപാട്. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ജോസ് കെ മാണിയെ അനുകൂലിക്കുന്ന ഒരുവിഭാഗം കോട്ടയത്ത് യോഗം ചേര്‍ന്ന് ജോസ് കെ മാണിയെ ചെയര്‍മാനായി പ്രഖ്യാപിച്ചു. ഇതിനെതിരേയാണ് പി ജെ ജോസഫ് കോടതിയെ സമീപിച്ചത്. ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തുള്ള ബദല്‍ സംസ്ഥാന കമ്മിറ്റി നിയമവിരുദ്ധമാണെന്നും കമ്മിറ്റിയില്‍ പങ്കെടുത്തത് വ്യാജ അംഗങ്ങളെന്നുമാണ് ജോസഫ് പക്ഷത്തിന്റെ വാദം. ഇത് അംഗീകരിച്ചാണ് ഇടുക്കി കോടതി സ്റ്റേ നല്‍കിയത്. ഇതിനെതിരെയാണ് ജോസ് കെ മാണി കട്ടപ്പന കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

അതേസമയം, കേസില്‍ അപ്പീല്‍ പോവുന്നകാര്യം പരിശോധിക്കുമെന്ന് ജോസ് കെ മാണി എംപി പ്രതികരിച്ചു. ചെയര്‍മാനാക്കിയ തീരുമാനം സ്റ്റേ ചെയ്യുക മാത്രമാണ് കോടതി ചെയ്തത്. അല്ലാതെ കേരള കോണ്‍ഗ്രസിന്റെ ചിഹ്നത്തെക്കുറിച്ചും പേരിനെക്കുറിച്ചും മറ്റുമുളള കാര്യങ്ങളില്‍ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, കേരള കോണ്‍ഗ്രസ് ഭരണഘടനയുടെ വിജയമാണ് കോടതി വിധിയെന്ന് പി ജെ ജോസഫ് വിഭാഗം പ്രതികരിച്ചു. ജോസ് കെ മാണി അഹങ്കാരം വെടിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകരുടെ താല്‍പര്യം മനസ്സിലാക്കണമെന്നും ജോസഫിന്റെ നേതൃത്വത്തെ അംഗീകരിക്കാന്‍ തയ്യാറാവണമെന്നും ജോസഫ് വിഭാഗം നേതാവ് എം ജെ ജേക്കബ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it