Big stories

കേരള കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കം: സമവായ സാധ്യതകള്‍ അടഞ്ഞു; നിലപാട് കൂടുതല്‍ കടുപ്പിച്ച് ജോസഫ് വിഭാഗം

പി ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും നിയമിച്ചതായി കാണിച്ച് ജോസഫ് വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതോടെയാണ് പാര്‍ട്ടിയിലെ തര്‍ക്കം പൊട്ടിത്തെറിയിലേക്കും പരസ്യമായ പോര്‍വിളിയിലേക്കുമെത്തിയത്.

കേരള കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കം: സമവായ സാധ്യതകള്‍ അടഞ്ഞു; നിലപാട് കൂടുതല്‍ കടുപ്പിച്ച് ജോസഫ് വിഭാഗം
X

കോട്ടയം: ചെയര്‍മാന്‍, നിയമസഭാ കക്ഷി നേതാവ് പദവികളെച്ചൊല്ലി കേരള കോണ്‍ഗ്രസ് (എം)ല്‍ ഉടലെടുത്ത തര്‍ക്കം കൂടുതല്‍ സങ്കീര്‍ണമാവുന്നു. പി ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും നിയമിച്ചതായി കാണിച്ച് ജോസഫ് വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതോടെയാണ് പാര്‍ട്ടിയിലെ തര്‍ക്കം പൊട്ടിത്തെറിയിലേക്കും പരസ്യമായ പോര്‍വിളിയിലേക്കുമെത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയ നടപടി പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും അച്ചടക്കലംഘനം നടത്തിയെന്നും ആരോപിച്ച് ജോസ് കെ മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് എതിരാളികളെ ഒതുക്കി പാര്‍ട്ടിയില്‍ പിടിമുറുക്കാനുള്ള നീക്കങ്ങള്‍ പി ജെ ജോസഫ് ആരംഭിച്ചത്.

കേരള കോണ്‍ഗ്രസില്‍ പരസ്യപ്രതിഷേധമുയര്‍ത്തി അച്ചടക്കലംഘനം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാനൊരുങ്ങുകയാണ് ജോസഫ് വിഭാഗം. കഴിഞ്ഞ ദിവസവും ചേരിതിരിഞ്ഞ് കോലം കത്തിക്കല്‍ നടന്നതിന്റെ കൂടി പശ്ചാത്തലത്തിലാണിത്. മാണി വിഭാഗം മോന്‍സ് ജോസഫിന്റെയും ജോയ് എബ്രഹാമിന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചപ്പോള്‍ ജോസ് കെ മാണിയുടെയും റോഷി അഗസ്റ്റിന്റെയും കോലം കത്തിച്ച് ജോസഫ് വിഭാഗം തിരിച്ചടിച്ചു. തര്‍ക്കം തെരുവിലേക്ക് നീണ്ടതോടെ സമവായത്തിന്റെ നേരിയ സാധ്യതകളും അടഞ്ഞിരിക്കുകയാണ്. അംഗങ്ങള്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കാനുള്ള ജോസഫിന്റെ തീരുമാനം പാര്‍ട്ടി ഭരണഘടനയുടെ ലംഘനമാണെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട്. അച്ചടക്ക നടപടി വന്നാല്‍ പാര്‍ട്ടി രണ്ടാവുമെന്നും ജോസ് കെ മാണിക്കൊപ്പമുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കെ എം മാണിയുടെ അനുസ്മരണത്തിനായിപ്പോലും സംസ്ഥാനകമ്മിറ്റി വിളിക്കാന്‍ തയ്യാറാവാതെ വിഭാഗീയപ്രവര്‍ത്തനം നടത്തുന്നത് ജോസഫ് വിഭാഗമാണ്.

താല്‍ക്കാലിക ചെയര്‍മാനെന്ന നിലയില്‍ പി ജെ ജോസഫ് വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നും ജോസ് കെ മാണി വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, സംസ്ഥാന കമ്മിറ്റി അടിയന്തരമായി വിളിച്ചുകൂട്ടി ജനാധിപത്യപരമായി തീരുമാനങ്ങളെടുക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് ജോസ് കെ മാണി രംഗത്തെത്തി. യോജിപ്പോടെ ഒരുമയോടെ ജനാധിപത്യപരമായി മുന്നോട്ടുപോവുകയാണ് വേണ്ടത്. കെ എം മാണി കഠിനാധ്വാനം ചെയ്ത് പടുത്തുയര്‍ത്തിയ പ്രസ്ഥാനം ഏതെങ്കിലും തരത്തില്‍ ഛിന്നഭിന്നമായി പോവാന്‍ പാടില്ല. ഐക്യത്തോടെ ഒരുമയോടെ മുന്നോട്ടുകൊണ്ടുപോവണം. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണ് പി ജെ ജോസഫ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത്. ആക്ടിങ് ചെയര്‍മാന്‍, താല്‍ക്കാലിക ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ പാര്‍ട്ടിയിലില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. അതേസമയം, ജൂണ്‍ ഒമ്പതിന് മുമ്പ് കക്ഷി നേതാവിനെ തിരഞ്ഞെടുക്കണമെന്നാണ് സ്പിക്കറുടെ നിര്‍ദേശം.

Next Story

RELATED STORIES

Share it