Big stories

കര്‍ണാടകയില്‍ വീണ്ടും ഭരണപ്രതിസന്ധി; ബജറ്റ് സമ്മേളനത്തിന് 9 കോണ്‍ഗ്രസ് എംഎല്‍എമാരെത്തിയില്ല

എംഎല്‍എമാരുടെ പിന്തുണയില്ലാത്ത സര്‍ക്കാരിനെ അംഗീകരിക്കില്ലെന്ന മുദ്രാവാക്യവുമായി ബിജെപി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെട്ടു

കര്‍ണാടകയില്‍ വീണ്ടും ഭരണപ്രതിസന്ധി; ബജറ്റ് സമ്മേളനത്തിന് 9 കോണ്‍ഗ്രസ് എംഎല്‍എമാരെത്തിയില്ല
X

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ വിജയം കണ്ട നയതന്ത്രനീക്കത്തിലൂടെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ കര്‍ണാടകയില്‍ വീണ്ടും ഭരണ പ്രതിസന്ധി. നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ 9 കോണ്‍ഗ്രസ് എംഎല്‍എമാരും ഭരണപക്ഷത്തെ പിന്തുണച്ച ഒരു സ്വതന്ത്ര എംഎല്‍എയും എത്തിയില്ല. ഇതോടെ, സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. എംഎല്‍എമാരുടെ പിന്തുണയില്ലാത്ത സര്‍ക്കാരിനെ അംഗീകരിക്കില്ലെന്ന മുദ്രാവാക്യവുമായി ബിജെപി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെട്ടു. കോണ്‍ഗ്രസ് എംഎല്‍മാര്‍ക്കു പുറമെ, സഖ്യസര്‍ക്കാരിനു നല്‍കിയ പിന്തുണ പിന്‍വലിച്ചു നേരത്തെ കത്ത് നല്‍കിയ സ്വതന്ത്രനും കര്‍ണാടക പ്രജ്ഞാവന്ത പാര്‍ട്ടി അംഗവുമാണ് വിട്ടുനിന്നത്. മുഖ്യമന്ത്രി കുമാരസ്വാമി നാളെ അവതരിപ്പിക്കുന്ന ബജറ്റ് പാസാക്കാനുള്ള അംഗബലം സര്‍ക്കാരിന് ഇല്ലാതായാല്‍ അത് ഭരണനഷ്ടത്തിനു വരെ കാരണമാക്കും. അങ്ങനെയാണെങ്കില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ബിജെപിയും ശക്തമാക്കും. ഇക്കാര്യം മുന്‍കൂട്ടിക്കണ്ട് കോണ്‍ഗ്രസ് നാളെ നിയമസഭാ കക്ഷി യോഗവും വിളിച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം കര്‍ശന നടപടിയെടുക്കുമെന്നാണ് അന്ത്യശാസനം.

കോണ്‍ഗ്രസില്‍ നിന്ന് രമേഷ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 4 വിമതരും എംഎല്‍എയെ മര്‍ദിച്ച കേസില്‍ ഒളിവിലുള്ള ജെ എന്‍ ഗണേഷും ഉള്‍പ്പെടെയുള്ളവരാണ് സഭയിലെത്താതിരുന്നത്. മറ്റു രണ്ടു പേര്‍ വ്യക്തിപരമായ കാരണങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അടുത്ത ദിവസം എത്തുമെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്. പിന്തുണ പിന്‍വലിച്ചുള്ള കത്തില്‍ തുടര്‍നടപടികളാകാത്തതിനാല്‍ സ്വതന്ത്രനെയും കെപിജെപി അംഗത്തെയും ഇപ്പോഴും ഭരണപക്ഷത്താണു കണക്കാക്കുന്നത്.

നേരത്തേ, കോണ്‍ഗ്രസ്-ജനതാദള്‍(എസ്) സര്‍ക്കാരില്‍ അപസ്വരങ്ങളുയര്‍ന്നിരുന്നു. കോണ്‍ഗ്രസിന്റെ നിസ്സഹകരണം കാരണം മുഖ്യമന്ത്രി കുമാരസ്വാമി രാജിഭീഷണി മുഴക്കുകയും ചെയ്തിരുന്നു. എന്നാല്‍, ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് മന്ത്രി പദവി നല്‍കിയാണ് പ്രതിസന്ധിയെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറും സംഘവും മറികടന്നത്. ഇതിനിടെയാണ് പ്രതിസന്ധി വര്‍ധിപ്പിച്ച് വീണ്ടും എംഎല്‍എമാരുടെ അപ്രത്യക്ഷമാവല്‍ നാടകം കര്‍ണാടകയില്‍ വീണ്ടും തുടരുന്നത്. ദക്ഷിണേന്ത്യയില്‍ ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിച്ച കര്‍ണാടകയില്‍ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് ഭരണനഷ്ടം സംഭവിച്ചത് ലോക്‌സഭ തിരഞ്ഞെടുപ്പിലുള്‍പ്പെടെ കനത്ത ക്ഷീണം ചെയ്യുമെന്ന് ബിജെപി കണക്കുകൂട്ടിയതിന്റെ അടിസ്ഥാനത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരം എന്തും ചെയ്തു ഭരണം അട്ടിമറിക്കാന്‍ നീക്കം തകൃതിയാണ്.




Next Story

RELATED STORIES

Share it