Big stories

കരിപ്പൂര്‍ വിമാനദുരന്തം: നാല് കുട്ടികള്‍ ഉള്‍പ്പെടെ 18 മരണം

കരിപ്പൂര്‍ വിമാനദുരന്തം: നാല് കുട്ടികള്‍ ഉള്‍പ്പെടെ 18 മരണം
X

മലപ്പുറം: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ നാലു കുട്ടികള്‍ ഉള്‍പ്പെടെ 18 പേരുടെ മരണം സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ വിമാനത്തിലെ ജീവനക്കാരാണ്. മലപ്പുറം സ്വദേശികളായ ഷഹീര്‍ സയീദ് (38), ലൈലാബി കെ വി (51), ശാന്ത മരക്കാട്ട് (59), സുധീര്‍ വാരിയത്ത് (45), ഷെസ ഫാത്തിമ (രണ്ട് വയസ്), പാലക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ് വി പി (24), ആയിഷ ദുഅ(രണ്ട് വയസ്), കോഴിക്കോട് സ്വദേശികളായ രാജീവന്‍ ചെരക്കാപ്പറമ്പില്‍(61), മനാല്‍ അഹമ്മദ് (25), ഷറഫുദ്ദീന്‍ (35), ജാനകി കുന്നോത്ത് (55), അസം മുഹമ്മദ് ചെമ്പായി (ഒരു വയസ്), രമ്യ മുരളീധരന്‍ (32), ശിവാത്മിക (അഞ്ച് വയസ്), ഷെനോബിയ (40), ഷാഹിറ ബാനു (29) എന്നിവരെ കൂടാതെ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരും മരിച്ചു.

ദുബയില്‍ നിന്നു 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐഎക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ആഗസ്ത് ഏഴിനു രാത്രി അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന ഉടന്‍ തന്നെ പ്രദേശവാസികളുടെയും ഫയര്‍ഫോഴ്സ്, പോലിസ്, റവന്യു, സിഐഎസ് എഫ്, ആരോഗ്യവകുപ്പ്, ട്രോമാ കെയര്‍ വോളന്റിയര്‍മാരുടെയും സഹായത്തോടെ അപടകത്തില്‍പ്പെട്ടവരെ വിവിധ ആശുപത്രികളിലെത്തിച്ച് ചികില്‍സ ലഭ്യമാക്കി. മന്ത്രി എ സി മൊയ്തീന്‍, മലപ്പുറം കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അപകടത്തില്‍പ്പെട്ടവരെ ആശുപത്രികളിലെത്തിക്കാനായി ആംബുലന്‍സുകളും ടാക്സി-സ്വകാര്യ വാഹനങ്ങളും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.

അപകടത്തില്‍പ്പെട്ടവര്‍ക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് വിദഗ്ധ ചികില്‍സ ലഭ്യമാക്കിയിരിക്കുന്നത്. ആശുപത്രികളില്‍ നിന്ന് പ്രാഥമിക ചികില്‍സയ്ക്ക് ശേഷം 22 പേര്‍ വീടുകളിലേക്ക് മടങ്ങി. 149 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്. ഇതില്‍ 22 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

Karipur plane crash kills 18, including four children





Next Story

RELATED STORIES

Share it