Big stories

കോണ്‍ഗ്രസിലെ താരമായി കെ മുരളീധരന്‍; പരിവാറിന്റെ 'ഗുജറാത്ത് ഫ്‌ലാറ്റാവും

സംസ്ഥാന കോണ്‍ഗ്രസിന്റെ താക്കോല്‍ സ്ഥാനത്തേക്ക് മുരളീധരന്‍

കോണ്‍ഗ്രസിലെ താരമായി കെ മുരളീധരന്‍; പരിവാറിന്റെ ഗുജറാത്ത് ഫ്‌ലാറ്റാവും
X

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസിലെ ഏറ്റവും താരമൂല്യമുള്ള നേതാവായി കെ മുരളീധരന്‍ മാറുന്നു. ബിജെപി സീറ്റിങ് സീറ്റായ നേമത്ത് മല്‍സരിക്കാന്‍ മുന്‍നിര കോണ്‍ഗ്രസ് നേതാക്കള്‍ മടിച്ച് നിന്നപ്പോള്‍, രണ്ടുവട്ടം ആലോചിക്കാതെ സമ്മതം മൂളിയ കെ മുരളീധരനാണ് ഇനി കോണ്‍ഗ്രസിലെ താരം.

യുഡിഎഫ് അധികാരത്തിലെത്തുകയും കെ മുരളീധരന്‍ വിജയിക്കുകയും ചെയ്താല്‍, മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനത്തേയ്ക്ക് കെ മുരളീധരനെ പരിഗണിക്കേണ്ടിവരും. ഇക്കാരണത്താല്‍ തന്നെയാണ് കെ മുരളീധരന്‍ നേമത്ത് മല്‍സരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞപ്പോള്‍, എംപിമാര്‍ മല്‍സരിക്കേണ്ടന്നാണ് തീരുമാനമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം തടയിടാന്‍ ശ്രമിച്ചത്. ഹൈക്കമാന്‍ഡിന്റെ ശക്തമായ ഇടപെടലാണ് കെ മുരളീധരനെ നേമത്ത് നിലനിര്‍ത്തിയത്. ഈ തിരഞ്ഞെടുപ്പോടെ, ഗ്രൂപ്പുകള്‍ക്കതീതമായി കോണ്‍ഗ്രസിന്റെ ശക്തനായ വക്താവായി കെ മുരളീധരന്‍ മാറും. ഈ ഭീഷണി എ, ഐ ഗ്രൂപ്പുകള്‍ മുന്‍കൂട്ടികാണുന്നുമുണ്ട്. നേമത്ത് കെ മുരളീധരന്റെ അപ്രതീക്ഷിത വരവോടെ, കോണ്‍ഗ്രസിന് നേമത്ത് ശക്തനായ നേതാവിനെ രംഗത്തിറക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന സാഹചര്യം വന്നു. വളരെ പെട്ടന്ന് നേമം സംസ്ഥാനത്തിന് അകത്തും പുറത്തും ചര്‍ച്ചാവിഷയമായി. യഥാര്‍ഥത്തില്‍ ഈ പൊളിറ്റിക്കല്‍ ട്രെന്‍ഡാണ് കെ മുരളീധരനെ നേമത്ത് ഉറപ്പിച്ചത്.

1989ല്‍ ഇകെ ഇമ്പച്ചിബാവ, 1991 ല്‍എംപി വിരേന്ദ്രകുമാര്‍ ഉള്‍പ്പെടെയുള്ള വമ്പന്‍മാരെ അട്ടിമറിച്ചാണ് മുരളീധരന്റെ തുടക്കം. സംഘടനാരംഗത്ത് മുരളീധരന്റെ വൈഭവം നേരത്തേ അദ്ദേഹം കെപിസിസി പ്രസിഡന്റായിരുന്ന കലയളവില്‍ തന്നെ കേരളം തിരിച്ചറിഞ്ഞതാണ്. കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാസംവിധാനത്തെ ശക്തമാക്കിയത് മുരളീധരന്റെ കാലത്താണ്. അതുവരെ കോണ്‍ഗ്രസില്‍ കെപിസിസി പ്രസിഡന്റ് അപ്രസക്തമായ ഒരു അലങ്കാരപദവി മാത്രമായിരുന്നു. പ്രത്യേകിച്ച് ഭരണമുള്ള കാലങ്ങളില്‍. എന്നാല്‍ 2001കാലയളവില്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍, കെ മുരളീധരന്‍ ശക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഡിഐസി കാലയളവില്‍ മാത്രമാണ് മുരളീധരന്‍ കോണ്‍ഗ്രസ് വൃത്തിന് പുറത്ത് നിന്നത്. ബിജെപി-സിപിഎം വെല്ലുവിളികളെ അതിജീവിക്കാന്‍ കെ മുരളീധരനെപ്പോലെ ഇച്ഛാശക്തിയുള്ള നേതാവിനേ കഴിയൂ എന്നാണ് ഗ്രൂപ്പിന് അതീതമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.

കെ കരുണാകരന്‍ എന്ന ലീഡറുടെ, സാമീപ്യം ഏറ്റവും കൂടുതല്‍ അനുഭവിച്ചിരുന്നത് നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വോട്ടര്‍മാരാണ്. 1982ല്‍ ലീഡര്‍ നേമം മണ്ഡലത്തില്‍ മല്‍സരിച്ച് വിജയിച്ചിരുന്നു. ആ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളതെങ്കിലും, കാര്യമായ സംഘടന സംവിധാനമില്ലാതെ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ ശശി തരൂര്‍ ഒരു ലക്ഷത്തിന് മേല്‍ വോട്ട് നേടി വിജയിക്കുന്നുണ്ട്. തരൂരിനേക്കാള്‍ വിപുലബന്ധങ്ങളുള്ള മുരളീധരന് 20 ശതമാനം വരുന്ന മുസ്‌ലിം വോട്ടര്‍മാര്‍, വട്ടിയൂര്‍ക്കാവില്‍ ഒപ്പം നിന്ന നായര്‍-കൃസ്ത്യന്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ കൈവിടാന്‍ സാധ്യതയില്ല.

ജാതി-മതി പരിഗണനയില്ലാതെ മതേതര പക്ഷത്ത് നില്‍ക്കുന്ന നേതാവ് എന്ന ഇമേജ് കെ മുരളീധരന് അനുകൂലമാവും. കഴിഞ്ഞ രണ്ട് തവണയായി അപ്രസക്തരായ ഘടകകക്ഷികളാണ് യുഡിഎഫിന്റെ സ്ഥാനാര്‍ഥികളായി നേമത്ത് മല്‍സരിച്ചിരുന്നത്. 2016ല്‍ നേമത്തോട് ചേര്‍ന്നു കിടക്കുന്ന വട്ടിയൂര്‍ക്കാവില്‍ അന്ന് ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരന്‍ കെ മുരളീധരനോട് പരാജയം നുണഞ്ഞു. ആ ഓര്‍മകളാണ് മുരളീധരന്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ കുമ്മനത്തന് പ്രതീക്ഷ നഷ്ടപ്പെടുത്തുന്നത്. കെ മുരളീധരന്‍ സ്ഥാനാര്‍ഥി ആകും എന്ന് കേട്ടപ്പോള്‍ തന്നെ കുമ്മനം കാംപ് അങ്കലാപ്പിലായിരുന്നു. ഒരു ഘട്ടത്തില്‍ കുമ്മനത്തെ മാറ്റി മറ്റൊരാളെ പോലും ബിജെപി പരിഗണിച്ചിരുന്നു. കെ മുരളീധരന്‍ എന്ന ക്രൗഡ് പുള്ളറായ കോണ്‍ഗ്രസ് നേതാവിന്റെ സാന്നിധ്യം തന്നെ 'ഉരുക്കുകോട്ടക്കാരെ മറിച്ചിടാന്‍ പര്യാപ്തമാണ്.

Next Story

RELATED STORIES

Share it