Big stories

ജനഹിതം 2021: തലസ്ഥാനം ഇക്കുറിയും ഇടതു ചായുമോ

ജനഹിതം 2021: തലസ്ഥാനം ഇക്കുറിയും ഇടതു ചായുമോ
X

ബിജെപി സംസ്ഥാന നേതാക്കള്‍ മല്‍സരിക്കാന്‍ കടിപിടി കൂടുന്ന തിരുവനന്തപുരം ഇക്കുറി എങ്ങോട്ട് തിരിയും. ഇടതിനോട് കൂടുതല്‍ അടുപ്പം കാണിക്കുന്ന രീതിയാണ് തലസ്ഥാനത്ത് ഇതുവരെ കണ്ടിട്ടുള്ളത്. പക്ഷേ, കാലങ്ങളായി എല്‍ഡിഎഫിനൊപ്പം നിന്ന ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലം ഇത്തവണ അടൂര്‍ പ്രകാശിലൂടെ യുഡിഎഫ് തിരിച്ചു പിടിച്ചിരിക്കുകയാണ്. അതിന്റെ സ്വാധീനം ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തിലെ മിക്കയിടങ്ങളിലും കാണാം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍, ഇടതുമുന്നണി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി ഒരു പടി മുന്നിലാണ്.

ഒന്‍പത് സിറ്റിങ് എംഎല്‍എമാരില്‍ ഒരാളൊഴികെ എല്ലാവരും മല്‍സരരംഗത്തുണ്ട്. എല്‍ഡിഎഫില്‍ ആറ്റിങ്ങല്‍ മാത്രമാണ് ബി സത്യന് പകരം ഒ എസ് അംബിക സ്ഥാനാര്‍ഥിയായത്. ജില്ലയില്‍ ആകെയുള്ള 14 മണ്ഡലങ്ങളില്‍ കഴിഞ്ഞതവണ ഇടതു പക്ഷം 10 മണ്ഡലങ്ങളിലും യുഡിഎഫ് മൂന്നിടത്തും ബിജെപി ഒരിടത്തുമാണ് ജയിച്ച് കയറിയത്. എല്‍ഡിഎഫില്‍ സിപിഎം എട്ടും സിപിഐയ്ക്ക് രണ്ടും, യുഡിഎഫില്‍ കോണ്‍ഗ്രസില്‍ മൂന്നു പേരുമാണ് വിജയിച്ചത്. ഇത്തവണ നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയെ ലക്ഷ്യം വച്ചാണ് യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിക്കുന്നത്.

1.വര്‍ക്കല

ശ്രീനാരായണഗുരു സമാധി സ്ഥലമായ ശിവഗിരി ഉള്‍പ്പെടുന്ന വര്‍ക്കല ഇടതുപക്ഷത്തോട് ചേര്‍ന്ന് നിന്നിരുന്ന മണ്ഡലമായിരുന്നു. എന്നാല്‍ 2006ലും 2011ലും യുഡിഎഫിനൊപ്പമായിരുന്നു വര്‍ക്കല. കഴിഞ്ഞ തവണ അഴൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി ജോയി വര്‍ക്കലയുടെ ഗതി മാറ്റി. ഇടതുപക്ഷത്തെ വര്‍ക്കല രാധാകൃഷ്ണന്‍ തുടര്‍ച്ചയായി മല്‍സരിച്ച് വിജയിച്ച് മണ്ഡലമായിരുന്നു വര്‍ക്കല. 2386 വോട്ടുകള്‍ക്കാണ് വര്‍ക്കല കഹാറിനെ അഡ്വ. വി ജോയി് തോല്‍പിച്ചത്. യുഡിഎഫിന്റേത് അപ്രതീക്ഷിത തോല്‍വിയായിരുന്നു. മണ്ഡലത്തില്‍ ഏറെ സജീവത നിലനില്‍ത്തിയ, മണ്ഡലം തിരിച്ച് പിടിച്ച് വി ജോയിയെ തന്നെയാണ് സിപിഎം ഇക്കുറി കളത്തിലിറക്കിയിരിക്കുന്നത്. എ അലിഹസ്സന്‍ എംഎല്‍എ ആയിരുന്ന കാലത്ത് നഷ്ടപ്പെട്ട പാര്‍ട്ടി ബന്ധങ്ങള്‍ വി ജോയ് പുതുക്കിയെടുക്കുകയായിരുന്നു. മണ്ഡലം കോണ്‍ഗ്രസ് തിരിച്ച് പിടിച്ചപ്പോഴും തദ്ദേശ സ്ഥാപനങ്ങള്‍ ഒട്ടുമിക്കതും എല്‍ഡിഎഫിന്റെ കയ്യില്‍ തന്നെയായിരുന്നു.

മണ്ഡലം തിരിച്ച്് പിടിക്കാന്‍ യുഡിഎഫ് ആരെയാണ് ഏല്‍പ്പിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ, ഇക്കുറി യുഡിഎഫിന്റെ സാധ്യത വ്യക്തമാവൂ. മുന്‍ എംഎല്‍എ വര്‍ക്കല കഹാറിനോട് പാര്‍ട്ടി അണികള്‍ക്ക് മുറുമുറുപ്പുണ്ട് എന്നത് വസ്തുതയാണ്. കോണ്‍ഗ്രസ് ബൂത്ത് തലം മുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തി, മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മാത്രമേ ഇക്കുറി മണ്ഡലം തിരിച്ച് പിടിക്കാന്‍ കഴിയൂ. എന്‍ഡിഎയില്‍ ബിഡിജെഎസിനാണ് വര്‍ക്കല മണ്ഡം. ഈഴവ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ ബിഡിജെഎസിന് കഴിഞ്ഞ തവണ മല്‍സരിച്ച അജി എസ് ആര്‍ എം ന് 19872 വോട്ടുകള്‍ ലഭിച്ചിരുന്നു. ഇക്കുറിയും ബിഡിജെഎസിന്റെ സാരഥിയായി അജി എസ് ആര്‍ എമ്മാണ് മല്‍സരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍, ഇക്കുറി ബിജെപിയുടെ ജനപ്രതിനിധികളും വോട്ടും വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ് തവണ ബിഎസ്പി,എസ്ഡിപിഐ, പിഡിപി തുടങ്ങിയ കക്ഷികളും വര്‍ക്കല മണ്ഡലത്തില്‍ മണ്ഡലത്തില്‍ മല്‍സരിച്ചിരുന്നു. മണ്ഡലത്തില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് മുസ്‌ലിം വോട്ടര്‍മാരാണ്. ദലിത് വോട്ടുകളും മണ്ഡലത്തില്‍ നിര്‍ണായകമാണ്.

2.ആറ്റിങ്ങല്‍(സംവരണം)

വര്‍ക്കല മണ്ഡലം പോലെ, കഴിഞ്ഞ മൂന്ന് ടേമായി ഇടതു ചായ്‌വാണ് സംവരണ മണ്ഡലമായ ആറ്റിങ്ങലിന്. ആറ്റിങ്ങല്‍ നഗരസഭ ഉള്‍പ്പെടെ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതലും എല്‍ഡിഎഫിനൊപ്പമാണ്. പാരലല്‍ കോളജുകളുടെ നാടായ ആറ്റിങ്ങലില്‍ കോണ്‍ഗ്രസിലെ വക്കം പുരുഷോത്തമനാണ് മണ്ഡലത്തില്‍ ഏറെക്കാലും ജനപ്രതിനിധിയായിരുന്നത്. കേരളത്തിലെ ആദ്യകാല നഗരസഭകളില്‍ ഒന്നായ ആറ്റിങ്ങലിലെ പല പ്രമുഖ സര്‍ക്കാര്‍ സ്ഥാപനങ്ങളും വക്കം പുരുഷോത്തമന്റെ കാലയളവില്‍ തുടങ്ങിയതാണ്. സിപിഎമ്മിലെ ആനത്തലവട്ടം ആനന്ദനാണ് വക്കം പുരുഷോത്തമനെ നേരിട്ട് മൂന്ന് തവണ എംഎല്‍എ ആയത്.

ആറ്റിങ്ങല്‍ മണ്ഡലത്തിലുള്‍പ്പെടുന്ന കരവാരം ഗ്രാമപ്പഞ്ചായത്ത് ബിജെപിയാണ് ഭരിക്കുന്നത്. എല്‍ഡിഎഫില്‍ സിപിഎമ്മിനാണ് ആറ്റിങ്ങല്‍ സീറ്റ്. കഴിഞ്ഞ് രണ്ട് തവണ ഇവിടെ നിന്ന് മല്‍സരിച്ച് ജയിച്ചത് ബി സത്യനാണ്. ഇക്കുറി ചിറയിന്‍കീഴ് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ഒ എസ് അംബികയാണ് ഇടതു മുന്നണി സ്ഥാനാര്‍ഥി. ഇക്കുറി യുഡിഎഫില്‍ ആര്‍എസ്പിയ്ക്കാണ് ആറ്റിങ്ങല്‍ സീറ്റ്. ആര്‍എസ് പി നേതാവ് ഇ ശ്രീധരനാണ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് ഇക്കുറി ജനവിധി തേടുന്നത്. ആര്‍എസ്പിക്ക് കാര്യമായ വോട്ടോ സംഘടന സംവിധാനമോ ഉള്ള മണ്ഡലമല്ല ആറ്റിങ്ങല്‍. നേരത്തെ ചില സംഘടനാസംവിധാനം മണ്ഡലത്തിലുണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല. കഴിഞ്ഞ തവണ ആര്‍എസ്പിയിലെ കെ ചന്ദ്രബാബുവിനെ 40383 വോട്ടിനാണ് സിപിഎമ്മിലെ അഡ്വ. ബി സത്യന്‍ പരാജയപ്പെടുത്തിയത്. 2011വരെ കോണ്‍ഗ്രസിനായിരുന്നു ആറ്റിങ്ങല്‍ സീറ്റ്. അന്ന് തങ്കമണി ദിവാകരനെ ബി സത്യന്‍ 30065 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

ബിജെപിയ്ക്ക് വലിയ വോട്ട് ലഭിച്ച് കൊണ്ടിരിക്കുന്ന മണ്ഡലമാണ് ആറ്റിങ്ങല്‍. കഴിഞ്ഞ തവണ ബിജെപിയിലെ രാജി പ്രസാദിന് 27602 വോട്ടാണ് ലഭിച്ചത്. ഇക്കുറി, തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇള്‍പ്പെടെ വലിയ മേല്‍ക്കൈ ബിജെപിയ്ക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണയായി മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ എംകെ മനോജ് കുമാറായിരുന്നു മല്‍സരിച്ചിരുന്നത്. ബിഎസ്പിയും മണ്ഡലത്തില്‍ മല്‍സരരംഗത്ത് സജീവമാണ്. ശക്തമായ ദലിത് സാന്നിധ്യമുള്ള മണ്ഡലമാണ് ആറ്റിങ്ങല്‍.

3.ചിറയിന്‍കീഴ്

സംവരണ മണ്ഡലമായ ചിറയിന്‍കീഴില്‍ തുടര്‍ച്ചയായി എല്‍ഡിഎഫിലെ വി ശശിയെയാണ് തിരഞ്ഞെടുക്കുന്നത്. ഇടതുപക്ഷത്ത് സിപി ഐയ്ക്കാണ് ചിറയിന്‍കീഴ് സീറ്റ്്. കടലും കായലും ചേരുന്ന മണ്ഡലത്തില്‍ ഇടതിനാണ് സംഘടനാശേഷി കൂടുതല്‍. കഴിഞ്ഞ് തവണ കോണ്‍ഗ്രസിലെ കെ എസ് അജിത് കുമാറിനെ 14322 വോട്ടിനാണ് വി ശശി പരാജയപ്പെടുത്തിയത്. മല്‍സ്യത്തൊഴിലാളികളും കയര്‍തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ ലത്തീന്‍, ഈഴവ,നായര്‍,മുസലിം വിഭാഗങ്ങളാണ് തിങ്ങിപ്പാര്‍ക്കുന്നത്.

യുഡിഎഫില്‍ ചിറയിന്‍കീഴ് മണ്ഡലം കോണ്‍ഗ്രസിനാണ്. 2011ലും കോണ്‍ഗ്രസിലെ കെ വിദ്യാധരനെ വി ശശി 12225 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ ബിജെപിയിലെ പിപി വാവയ്ക്ക് 19478 വോട്ടാണ് ലഭിച്ചത്. എന്‍ഡിഎയ്ക്ക് കാര്യമായ സ്വാധീനമുള്ള മണ്ഡലമാണ് ചിറയിന്‍കീഴ്. കഴിഞ്ഞ തവണ വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി എന്നീ കക്ഷികളും മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയിട്ടുണ്ട്. ഇത്തവണയും മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത് വി ശശി തന്നെയാണ്. ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന മണ്ഡലമാണ് ചിറയിന്‍കീഴ്.

4.കഴക്കൂട്ടം

തലസ്ഥാന നഗരത്തിന്റെ പ്രവേശന കവടമാണ് കഴക്കൂട്ടം. ടെക്‌നോ പാര്‍ക്ക്, വ്യവസായ പാര്‍്ക്കായ തിന്‍ഫ്ര ഉള്‍പ്പെടെ കഴക്കൂട്ടം മണ്ഡലത്തിന്റ ഭാഗമാണ്. തിരുവനന്തപുരം കോര്‍പറേഷനിലെ 16 വാര്‍ഡുകള്‍ കഴക്കൂട്ടം മണ്ഡലത്തിന്റെ ഭാഗമാണ്. എല്‍ഡിഎഫില്‍ സിപിഎമ്മിനാണ് കഴക്കൂട്ടം മണ്ഡലം. സിറ്റിങ് എംഎല്‍എ മന്ത്രി കടകംപള്ളി സുരേന്ദ്രമാണ്. ഇക്കുറിയും സിപിഎം കടകംപള്ളി സുരേന്ദ്രനെയാണ് പാര്‍ട്ട്ി കളത്തിലിറക്കുന്നത്. ദേശീയ പാതയോട് ചേര്‍ന്ന് കിടക്കുന്ന മണ്ഡലത്തിലേക്ക് മൂന്ന് മുന്നണികളും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്ന്ത. കോണ്‍ഗ്രസിലെ എംഎ വാഹിദാണ് മണ്ഡലത്തില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയത്. കഴി്ഞ്ഞ തവണ ബിജെപിയിലെ വി മുരളീധരനെ 7347 വോട്ടിനാണ് കടകംപള്ളി സുരേന്ദ്രന്‍ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിലെ സിറ്റിങ് എംഎല്‍എ എംഎ വാഹിദ് 2016ലെ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നു. മണ്ഡലത്തില്‍ പരിചിതനായ കടകംപള്ളി സുരേന്ദ്രനെയാണ് ഇക്കുറിയും പാര്‍ട്ടി നിയോഗിച്ചിട്ടുള്ളത്. യുഡിഎഫില്‍ കോണ്‍ഗ്രസിനാണ് കഴക്കൂട്ടം മണ്ഡലം സീറ്റ്.

കോണ്‍ഗ്രസില്‍ ഡോ. ലാലിനെയാണ് കഴക്കൂട്ടത്തേയ്ക്ക് പരിഗണിക്കുന്നത്. ബിജെപിയെ വി മുരളീധരനെ കഴിഞ്ഞ തവണ 42732 വോട്ട്് നേടി രണ്ടാം സ്ഥാനത്തെതിയിരുന്നു. അതുകൊണ്ട് തന്നെ ഇക്കുറി ബിജെപിയുടെ സംസ്ഥാന നേതാക്കളാണ് മണ്ഡലം പിടിക്കാന്‍ ദകളത്തിലിറങ്ങുന്നത്. ദലിത് സ്വാധീനമുള്ള മണ്ഡലത്തില്‍, ബിഎസ്്പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മല്‍സരിക്കുന്നുണ്ട്.

5. നേമം

സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി മാറിയിരിക്കുകയാണ് നേമം. കഴിഞ്ഞ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വി ശിവന്‍കുട്ടിയെ 8671 വോട്ടുകള്‍ക്കാണ് ബിജെപിയിലെ ഒ രാജഗോപാല്‍ പരാജയപ്പെടുത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ബിജെപിയ്ക്ക് ഒരു നിയമസഭാസീറ്റ് ലഭിക്കുന്നത്. തിരുവനന്തപുരം കോര്‍പറേഷന്റെ സിംഹഭാഗവും ചേരുന്നതാണ് നേമം മണ്ഡലം. നേമം മണ്ഡലം ഉള്‍ക്കൊള്ളുന്ന കോര്‍പറേഷന്‍ വാര്‍ഡുകളില്‍ എന്‍ഡിഎയ്ക്ക് കൃത്യമായ സ്വാധീനമുണ്ട്. 2016ലെ തിരിഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജെഡിയുവിലെ വി സുരേന്ദ്രന്‍പിള്ളയായിരുന്നു. സുരേന്ദ്രന്‍പിള്ളയ്ക്ക് അന്ന് ലഭിച്ച വോട്ട് 13860. 2011ലെ തിഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ വി ശിവന്‍കുട്ടി 6415 വോട്ടുകള്‍ക്കാണ് ഒ രാജഗോപാലിനെ പരാജയപ്പെടുത്തിയത്. ആ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥനാര്‍ഥി ചാരുപാറ രവിയ്ക്ക് 20248 വോട്ടാണ് ലഭിച്ചത്. ജനതാദളിന് കാര്യമായ സ്വാധീനമുള്ള മണ്ഡലമല്ല നേമം. ഇത്തവണ യുഡിഎഫില്‍ കോണ്‍ഗ്രസിനാണ് നേമം സീറ്റ് എന്ന പ്രത്യേകതയുമുണ്ട്.

വികസന സാധ്യത ഏറെയുണ്ടായിട്ടും മണ്ഡലത്തിനായി ഒന്നും ചെയ്യാന്‍ ഒ രാജഗോലനായിട്ടില്ലെന്നാണ് പൊതുവിമര്‍ശനം. മണ്ഡലത്തില്‍ എംഎല്‍എ കാര്യമായി ഇടപെട്ടിരുന്നില്ല എന്നുമാത്രമല്ല, പാര്‍ട്ടി പ്രവര്‍ത്തകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ശീലം അദ്ദേഹത്തിനില്ലായിരുന്നു. നായര്‍,നാടാര്‍ സമുദായങ്ങള്‍ക്ക് പ്രാമുഖ്യമുള്ള മണ്ഡലത്തില്‍ ഇക്കുറി ബിജെപി രംഗത്തിറക്കുന്നത് കുമ്മനം രാജശേഖരനെയാണ്. ഒരു മാസമായി കുമ്മനം മണ്ഡലത്തില്‍ സജീവമാണ്.

ഒ രാജഗോപാല്‍ ഇത്തവണ മല്‍സരത്തിനില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. മണ്ഡലത്തില്‍ ഇക്കുറിയും എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്, മുന്‍ എംഎല്‍എയും തിരുവനന്തപുരം മേയറുമായിരുന്ന വി ശിവന്‍കുട്ടിയെയാണ്. മണ്ഡലത്തില്‍ ബിജെപി ഇക്കുറി പരാജയപ്പെടുമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി തന്നെ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളത്തില്‍ ആവര്‍ത്തിച്ചിരുന്നു. ബിജെപി ഭീഷണി തകര്‍ക്കാന്‍ ഏറ്റവും കരുത്തുന്ന സ്ഥാനാര്‍ഥി തന്നെ വേണമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്നെ ആവശ്യപ്പെട്ടിരിക്കുന്നത്. കെ മുരളീധരമോ, ഉമ്മന്‍ചാണ്ടിയോ തന്നെ സ്ഥനാര്‍ഥിയായി വന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല. കെ കരുണാകരന്‍ ഉള്‍പ്പെടെ പല കോണ്‍ഗ്രസ് നേതാക്കളും മല്‍സരിച്ച് ജയിച്ച മണ്ഡലമാണ് നേമം.

6. തിരുവനന്തപുരം

സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള ഭരണസിരാകേന്ദ്രം കഴിഞ്ഞ രണ്ട് തവണയായി വി എസ് ശിവകുമാറെന്ന കോണ്‍ഗ്രസ് നേതാവിന് കീഴിലാണ്. യുഡിഎഫില്‍ കോണ്‍ഗ്രസില്‍, ജില്ലയിലെ മൂന്ന് സിറ്റിങ് സീറ്റുകളിലൊണ് തിരുവനന്തപുരം സെന്‍ട്രല്‍. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏറെയുള്ള തിരുവനന്തപുരം സെന്‍ട്രലില്‍ വലിയ പരീക്ഷണങ്ങള്‍ക്ക് മുന്നണികള്‍ തയ്യാറാവുന്നില്ല. കഴിഞ്ഞ തവണ ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവിനെ 10905 വോട്ടിലാണ് വി എസ് ശിവകുമാര്‍ പരാജയപ്പെടുത്തിയത്. സംഘടന ശേഷിയില്ലാത്ത ജനാധിപത്യ കേരള കോണ്‍ഗ്രസ് ഇടതു മുന്നണിയുടെ സഹായത്തോടെയാണ് മല്‍സരരംഗത്ത് സജീവമാവുന്നത്. ഇക്കുറിയും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് വിഎസ് ശിവകുമാറിനെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് സാധ്യത.

കഴിഞ്ഞ തവണ മല്‍സരിച്ച ബിജെപി സ്ഥാനാര്‍ഥി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് 34764 വോട്ടു ലഭിച്ചിരുന്നു. ബിജെപി സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള, പ്രമുഖരെയാണ് മല്‍സരിപ്പിക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ തവണ എഐഎഡിഎംകെ ടിക്കറ്റില്‍ മല്‍സരിച്ച ഡോ. ബിജു രമേശിന് 5762 വോട്ട് ലഭിച്ചിരുന്നു. 2011 ലെ തിരഞ്ഞെടുപ്പില്‍ വി എസ് ശിവകുമാര്‍ കേരള കോണ്‍ഗ്രസിലെ വി സുരേന്ദ്രന്‍ പിള്ളയെ 5352 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഇടതുമുന്നണിയില്‍ ജനാധിപത്യ കേരളകോണ്‍ഗ്രസിനാണ് തിരുവനന്തപുരം സീറ്റ്. അതേ തിരഞ്ഞെടുപ്പില്‍ എസ്്ഡിപിഐ, ബിഎസ്പി തുടങ്ങിയ കക്ഷികളും മല്‍സിരിച്ചിരുന്നു. മണ്ഡലത്തില്‍ മുസ്‌ലിം, പിന്നാക്ക വോട്ടുകള്‍ നിര്‍ണായകമാണ്.

7. കോവളം

വിനോദസഞ്ചാര കേന്ദ്രമായ കോവളം കഴിഞ്ഞ തവണ കോണ്‍ഗ്രസിനൊപ്പമായിരുന്നു. യുഡിഎഫില്‍ കോണ്‍ഗ്രസിനായിരുന്നു കോവളം സീറ്റ്. കോണ്‍ഗ്രസിലെ എം വിന്‍സെന്റ് എല്‍ഡിഎഫിലെ ജമീല പ്രകാശത്തെ 2615 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. നാടാര്‍ വിഭാഗങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള കടലോര മേഖലയാണ് കോവളം. ഇതില്‍ കല്ലിയൂര്‍, ബലരാമപുരം എന്നിവ കൃഷിയും വ്യവസായവും ചേരുന്ന പ്രദേശമാണ്. പരമ്പരാഗതമായി ഏതെങ്കിലും ഒരു മുന്നണിയെ വരിക്കുന്ന രീതിയല്ല ഈ മണ്ഡലത്തിനുള്ളത്. പക്ഷേ യുഡിഎഫിന് ചെറിയ മേല്‍ക്കൈ മണ്ഡലത്തിലുണ്ട്.

ഇടതുമുന്നണിയില്‍ ജനതാദള്‍ എസിനാണ് കോവളം സീറ്റ്്. ഇക്കുറി മല്‍സരരംഗത്തുള്ളത് പിന്നാക്ക-ബഹുജന്‍ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുന്ന എ നീലലോഹിത ദാസന്‍ നാടാരാണ്. തുടര്‍ച്ചയായി നാല് തവണ മണ്ഡലം നീലലോഹിത ദാസന്‍ നാടാരെ തുണച്ചിട്ടുണ്ട്. ഇക്കുറിയും ഇടതു സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് മുന്‍മന്ത്രിയായ നീലനാണ്. എന്‍ഡിഎയില്‍ ബിഡിജെഎസിനാണ് കോവളം സീറ്റ്. കഴിഞ്ഞ തവണത്തെ ബിഡിജെഎസ് സ്ഥാനാര്‍ഥി കോവളം ടി എന്‍ സുരേഷിന് 30987 വോട്ടുകളാണ് ലഭിച്ചത്. കല്ലിയൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടെ ബിജെപിയ്ക്ക് വലിയ സ്വാധീനമുണ്ട്.

8. നെയ്യാറ്റിന്‍കര

യുഡിഎഫിനെയും എല്‍ഡിഎഫിനെയും മാറിമാറി വരിക്കുന്ന മണ്ഡലാണ് നെയ്യാറ്റിന്‍കര. എല്‍ഡിഎഫില്‍ സിറ്റിങ് എംഎല്‍എ കെ ആന്‍സലനാണ്. ഇക്കുറിയും സിറ്റിങ് സീറ്റ് കെ ആന്‍സലനാണ്. കഴിഞ്ഞ തവണ യുഡിഎഫിലെ ആര്‍ സെല്‍വരാജിനെ 9543 വോട്ടുകള്‍ക്കാണ് കെ ആന്‍സലന്‍ പരാജയപ്പെടുത്തി. നേരത്തെ ഇടതു പക്ഷത്തിനൊപ്പമായിരുന്ന ആര്‍ സെല്‍വരാജ് ആ ടേമിന്റെ മധ്യത്തില്‍ സിപിഎമ്മില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2011-2012 കാലത്താണ് ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പരാജയപ്പെടുത്തി. തൊട്ടടുത്ത ടേമിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചു വിജയിച്ചു. 2016ലെ തിരഞ്ഞെടുപ്പില്‍ സെല്‍വരാജിനെ ആന്‍സലന്‍ പരാജയപ്പെടുത്തി.

നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി മൂന്ന് വട്ടം മല്‍സരിച്ച് ജയിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ പുഞ്ച്ക്കരി സുരേന്ദ്രന്‍ 15531 വോട്ടു നേടിയിരുന്നു. മണ്ഡലത്തില്‍ കൂടുതല്‍ പേരും കൃഷിയെ ആശ്രയിച്ച് കഴിയുന്നവരാണ്. നാടാര്‍, പിന്നാക്ക സമുദായങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് നെയ്യാറ്റിന്‍കര.

9. പാറശ്ശാല

തമിഴ്‌നാടിനോട് അതിര്‍ത്തിപങ്കിടുന്ന മണ്ഡലം കൂടിയാണ് പാറശ്ശാല. അതുകൊണ്ട് തന്നെ തമിഴ് പാരമ്പര്യം കൂടി ഇടകലരുന്നതാണ് പാറശ്ശാല മണ്ഡലത്തിന്റെ മനസ്സ്്. നാടാര്‍ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് പാറശ്ശാല. ഇടതിനെയും വലതിനെയും മാറിമാറിവരിച്ചിട്ടുള്ള മണ്ഡലത്തില്‍, തുടര്‍ച്ചയായി ഏറെക്കാലം യുഡിഎഫിനൊപ്പമായിരുന്നു. ഇടതുപക്ഷത്തെ സികെ ഹരീന്ദ്രനാണ് സിറ്റിങ് എംഎല്‍എ. കോണ്‍ഗ്രസിലെ സുന്ദരന്‍ നാടാരാണ് ഏറെക്കാലം മണ്ഡലത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി പാറശ്ശാലക്കൊപ്പമുണ്ടായിരുന്നത്. എല്‍ഡിഎഫില്‍ സിപിഎമ്മിനാണ് പാറശ്ശാല സീറ്റ്. സികെ ഹരീന്ദ്രന്റെ ആദ്യ വിജയമായിരുന്നു 2016 ലേത്. 18566 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ പരിചയ സമ്പന്നനായ എടി ജോര്‍ജിനെ പരാജയപ്പെടുത്തിയത്. അന്ന് സിറ്റിങ് എംഎല്‍എയായിരുന്നു എടി ജോര്‍ജ്ജ്.

2011 ലെ തിഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ആനാവൂര്‍ നാഗപ്പനെ 505 വോട്ടിനാണ് യുഡിഎഫിലെ എടി ജോര്‍ജ്ജ് പരാജയപ്പെടുത്തിയത്. സംഘനാശേഷിയില്‍ ഇടതുപക്ഷത്തിനാണെങ്കിലും കോണ്‍ഗ്രസിന് പരമ്പരാഗത വോട്ടുകള്‍ അനുകൂലമായി നില്‍ക്കും. ബിജെപിയ്ക്ക് വലിയ സ്വാധീനം ഈ മണ്ഡലത്തലുമുണ്ട്. കഴിഞ്ഞ തവണ ബിജെപിയിലെ ജയച്ചന്ദ്രന്‍ നായര്‍ നായര്‍ക്ക് 33028 വോട്ടുകളാണ് ലഭിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി-കോണ്‍ഗ്രസ് മല്‍സരം നടക്കുന്നത് കൊണ്ട് തന്നെ ഈ രണ്ട്് കക്ഷികളോടുമുള്ള തല്‍പര്യം മണ്ഡലത്തില്‍ കാര്യമായുണ്ട്. ഈ ഘടകമാണ് ഇടതുപക്ഷത്തിന് തിരിച്ചടിയാവുന്നത്. തമിഴ്‌നാട്ടിലെ കന്യാകുമാരി ലോക്‌സഭാ മണ്ഡലം ബിജെപിയിലെ പൊന്‍രാധാകൃഷ്ണനൊപ്പം പലവട്ടം നിന്നതാണ്. ബിഎസ്പിയും മണ്ഡലത്തില്‍ സജീവമാണ്. സിറ്റിങ് എംഎല്‍എയായ സികെ ഹരീന്ദ്രനെയാണ് ഇത്തവണയും എല്‍ഡിഎഫിനായി കളത്തിലിറങ്ങുന്നത്.

10. കാട്ടാക്കട

കൃസ്ത്യന്‍ നാടാര്‍, നായര്‍ സമുദായങ്ങള്‍ക്ക് മേല്‍ക്കൈയുള്ള കാട്ടാക്കട മണ്ഡലം ഇടതിനെയും വലതിനെയും മാറിമാറി വരിക്കുന്ന സ്വഭാവമാണ് കാണുന്നത്. കഴിഞ്ഞ തവണ ഡിവൈഎഫ്‌ഐ നേതാവ് ഐബി സതീഷാണ് മണ്ഡലം ഇടതിനൊപ്പം നിര്‍ത്തിയത്. പരിചയ സമ്പന്നനായ യുഡിഎഫിലെ എന്‍ ശക്തനെയാണ് ഐബി സതീഷ് പരാജയപ്പെടുത്തിയത്. 849 വോട്ടുകള്‍ക്കാണ് സതീഷ് ശക്തനെ പാരജയപ്പെടുത്തിയത്. ബിജെപിയും മണ്ഡലത്തില്‍ ശക്തമായ സാന്നിധ്യമാണ്. 2011ല്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായ എംവി ജയദാലിയെ 12916 വോട്ടിനാണ് ശക്തന്‍ പരാജയപ്പെടുത്തിയത്. എല്‍ഡിഎഫില്‍ സിപിഎമ്മിനാണ് 2011ല്‍ രൂപീകരിക്കപ്പെട്ട കാട്ടാക്കട മണ്ഡലം. കര്‍ഷകരും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടുന്ന മണ്ഡലമാണ് കാട്ടാക്കട. യുഡിഎഫില്‍ കോണ്‍ഗ്രസിനാണ് കാട്ടാക്കട സീറ്റ്. ഇത്തവണ ശക്തന്‍ മല്‍സരരംഗത്തുണ്ടാവുമെങ്കിലും കാട്ടാക്കട മല്‍സരിക്കാന്‍ സാധ്യത കുറവാണ്. പകരം അന്‍സജിതാ റസലിനാണ് സാധ്യത. മണ്ഡലത്തില്‍ നല്ല സ്വാധീനമുള്ള മുഖമാണ് അന്‍സജിത റസല്‍.

ബിജെപി ദേശീയ സമിതിയംഗമായ പികെ കൃഷ്ണദാസാണ് കഴിഞ്ഞ രണ്ട് തവണയായി മണ്ഡലത്തില്‍ മല്‍സരിക്കുന്നത്. കഴിഞ്ഞ തവണ 38700 വോട്ടുകളാണ് കൃഷ്ണദാസിന് ലഭിച്ചത്. 2011ല്‍ 22550 വോട്ടുകളും കൃഷ്ണദാസിന് ലഭിച്ചിരുന്നു. ഇക്കുറിയും ബിജെപി സ്ഥാനാര്‍ഥിയായി പി കെ കൃഷ്ണദാസിനെ ഇറക്കാനാണ് തീരുമാനം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും എസ്ഡിപി ഐ ഈ മണ്ഡലത്തില്‍ മല്‍സരിച്ചിരുന്നു. ബിഎസ്പിയും ഇവിടെ മല്‍സരരംഗത്ത്് സജീവമാണ്.

11. അരുവിക്കര

നേരത്തെ ആര്യനാട് മണ്ഡലത്തിന്റെ ഭാഗമായിരുന്ന അരുവിക്കരയിലെ സ്ഥിരം മുഖം അന്തരിച്ച് കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയനായിരുന്നു. ജികെ യുടെ മരണത്തോടെ മകന്‍ കെ എസ് ശബരീനാഥന്‍ മല്‍സര രംഗത്തേയ്ക്ക്് വരുകയായിരുന്നു. ജികെയുടെ മരണത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പ് മുതല്‍ കെ എസ് ശബരീനാഥനാണ് മണ്ഡലത്തിലെ എംഎല്‍എ. കഴിഞ്ഞ തവണ സിപിഎമ്മിലെ എഎ റഷീദിനെ 21314 വോട്ടിനാണ് ശബരീനാഥന്‍ പരാജയപ്പെടുത്തിയത്. 2015ലെ ഉപ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ എം വിജയകുമാറിനെ 10128 വോട്ടിനാണ് കെ എസ് ശബരീനാഥന്‍ പരാജയപ്പെടുത്തിയത്.

ജി കാര്‍ത്തികേയന്‍ അവസാനമായി മല്‍സരിച്ച 2011ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി, ആര്‍എസ്പിയുടെ അമ്പലത്തറ ശ്രീധരന്‍നായരെ 10674 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഇടതുപക്ഷത്തിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ ഈ രണ്ട് തിരഞ്ഞെടുപ്പിലും കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഇക്കുറിയും ശബരീനാഥന്‍ തന്നെയാവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. എല്‍ഡിഎഫില്‍ സിപിഎമ്മിനാണ് അരുവിക്കര സീറ്റ്. ഇക്കുറി കാട്ടാക്കട സിപിഎം ഏരിയ സെക്രട്ടറി കൂടിയായ ജി സ്റ്റീഫനെയാണ് കളത്തിലിറക്കുന്നത്. എന്നാല്‍ ജില്ലാ പഞ്ചായത്തംഗം വികെ മധുവിനെയാണ് പാര്‍ട്ടി അവസാന നിമിഷം വരെ പരിഗണിച്ചിരുന്നത്. ഇത് തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണണം. 2011 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഒ രാജഗോപാല്‍ 34145 വോട്ട് അരുവിക്കരയില്‍ നേടിയിരുന്നു. കഴിഞ്ഞ തവണ സംവിധായകന്‍ രാജസേനന്‍ 20294 വോട്ടാണ് ബിജെപിയ്ക്ക് വേണ്ടി സമാഹരിച്ചത്. അരുവിക്കര മണ്ഡലത്തില്‍ ബിഎസ്പി, എസ്ഡിപിഐ കക്ഷികളും മല്‍സരംഗത്തുണ്ടായിരുന്നു.

12. നെടുമങ്ങാട്

ഇടതിനെയും വലതിനെയും മാറിമാറി പരീക്ഷിച്ചിട്ടുള്ള മണ്ഡലമാണ് നെടുമങ്ങാട്. എന്നിരിന്നാലും ഏറെക്കാലും ഇടതിനൊപ്പം നിന്ന പാരമ്പര്യമാണ് മണ്ഡലത്തിനുള്ളത്. എല്‍ഡിഎഫില്‍ സിപിഐയ്ക്കാണ് നെടുമങ്ങാട് സീറ്റ്. യുഡിഎഫില്‍ കോണ്‍ഗ്രസിനുമാണ് സീറ്റ്്. കഴിഞ്ഞ തവണ സിപിഐയിലെ സി ദിവാകരന്‍ കോണ്‍ഗ്രസിലെ പാലോട് രവിയെ 3621 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 2011 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പാലോട് രവി, സിപിഐയിലെ ആര്‍ രാമചന്ദ്രന്‍ നായരെ 5030 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഇതിന് മുന്‍പുള്ള രണ്ട് ടേമുകള്‍ എല്‍ഡിഫിലെ മാങ്കോട് രാധാകൃഷ്ണനും അതിന് മുന്‍പ് രണ്ട് തവണ യുഡിഎഫിലെ പാലോട് രവിയുമായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. ഇത്തവണ സിപിഐയിലെ അഡ്വ. ജി ആര്‍ അനിലാണ് നെടുമങ്ങാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിയും മണ്ഡലത്തില്‍ കഴിഞ്ഞ തവണ വന്‍ മുന്നേറ്റം നടത്തിയിരുന്നു. ബിജെപിയിലെ വിവി രാജേഷ് 35130 വോട്ടുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയത്. നായര്‍,മുസലിം, ഈഴവ വോട്ടുകളാണ് നിര്‍ണായകമാവുന്നത്. എസ്ഡിപിഐ കഴിഞ്ഞ് രണ്ട് തിരഞ്ഞെടുപ്പുകളിലും ഇവിടെ മല്‍സര രംഗത്തുണ്ടായിരുന്നു. ബിഎസ്പിയും ഇവിടെ സജീവമാണ്.

13. വാമനപുരം

1967ല്‍ മണ്ഡല രൂപീകരണം മുതല്‍ ഒരു തവണമാത്രമെ കോണ്‍ഗ്രസിനൊപ്പം വാമനപുരം മണ്ഡലം നിന്നിട്ടുള്ളൂ. എല്‍ഡിഎഫില്‍ സിപിഎമ്മിനാണ് വാമനപുരം സീറ്റ്. ഏറെക്കാലം മണ്ഡലത്തില്‍ ജനപ്രതിനിധിയായിരുന്നത് സിപിഎമ്മിലെ കോലിയക്കോട് കൃഷ്ണന്‍ നായരായിരുന്നു. രണ്ടുപ്രാവശ്യം കലാകാരന്‍ കൂടിയായ പിരപ്പന്‍കോട്് മുരളിയായിരുന്നു മണ്ഡലം കാത്തിരുന്നത്. സിറ്റിങ് എംഎല്‍എ സിപിഎമ്മിലെ ഡികെ മുരളിയെ തന്നെയാണ് ഇത്തവണയും എല്‍ഡിഎഫ് കളത്തിലിറക്കുന്നത്. കോണ്‍ഗ്രസിലെ ടി ശരത്ചന്ദ്രപ്രസാദിനെ 9596 വോട്ടിനാണ് കഴിഞ്ഞതവണ പാരാജയപ്പെടുത്തിയത്. 2011ല്‍ സിപിഎമ്മിലെ കോലിയക്കോട് കൃഷ്ണന്‍ നായര്‍ കോണ്‍ഗ്രസിലെ സി മോഹനചന്ദ്രനെ 2236 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയിരുന്നത്.

നായര്‍, മുസലിം, ഈഴവ, ദലിത് വോട്ടുകളാണ് ഈ മണ്ഡലത്തില്‍ നിര്‍ണായകമാവുന്നത്. കൃഷിയും ഗള്‍ഫുമാണ് പ്രധാന വരുമാന സ്രോതസ്സ്. എന്‍ഡിഎയില്‍ ബിഡിജെഎസിനാണ് വാമനപുരം സീറ്റ്. കഴിഞ്ഞ തവണ മല്‍സരിച്ച ബിഡിജെഎസ് സ്ഥാനാര്‍ഥി ആര്‍ വി നിഖിലിന് 13956 വോട്ടുകള്‍ ലഭിച്ചിരുന്നു. എസ്്ഡിപിഐ കഴിഞ്ഞ രണ്ട് തവണയായി മണ്ഡലത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഇക്കുറി പാര്‍ട്ടി സംസ്ഥാന ഖജാന്‍ജി അജ്മല്‍ ഇസ്മാഈലിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ബിഎസ്പി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ കക്ഷികള്‍ക്ക് മണ്ഡലത്തില്‍ സ്വാധീനമുണ്ട്.

14. വട്ടിയൂര്‍ക്കാവ്

കെ മുരളീധരന്റെ വരവോടെ വട്ടിയൂര്‍ക്കാവ് മണ്ഡലം സ്റ്റാര്‍വാല്യു ഉള്ള മണ്ഡലമായി മാറി. മണ്ഡലരൂപീകരണം മുതലുള്ള രണ്ട് തവണ കെ മുരളീധരമാണ് വട്ടിയൂര്‍ക്കാവിനെ പ്രതിനിധീകരിച്ചത്. മുരളീധരന്‍ വടകരയില്‍ നിന്ന് എംപി ആയതോടെ, മണ്ഡലം എല്‍ഡിഎഫ് പിടിച്ചെടുക്കുന്നതാണ് കണ്ടത്. തിരുവനന്തപുരം കോര്‍പറേഷന്‍ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍, കോര്‍പറേഷന്‍ മേയറായിരുന്ന, ജനസ്വാധീനമുള്ള വി കെ പ്രശാന്തിനെ രംഗത്തിറക്കിയാണ് സിപിഎം കളം പിടിച്ചത്. കഴിഞ്ഞ് ഉപതിരഞ്ഞെടുപ്പില്‍ വി കെ പ്രശാന്ത് കോണ്‍ഗ്രസിലെ കെ മോഹന്‍കുമാറിനെ 14465 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ബിജെപിയിലെ എസ് സുരേഷ് 27453 വോട്ടുകളും നേടി. 2016ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ കുമ്മനം രാജശേഖരനെ 7622 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ കെ മുരളീധരന്‍ പരാജയപ്പെടുത്തിയത്. സിപിഎമ്മിലെ ഡോ. ടിഎന്‍ സീമ 40441 വോട്ടുകള്‍ നേടി മൂന്നാമതായിരുന്നു.

ഇക്കുറി സിറ്റിങ് എംഎല്‍എ വി കെ പ്രശാന്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കുമ്മനം രാജശേഖരന്റെ വരവോടെ ബിജെപിയുടെ വോട്ട് ഷെയര്‍ വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിജെപി എപ്ലസ് കാറ്റഗറിയില്‍ കാണുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് തന്നെയാവും വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കുക. നായര്‍ വോട്ടുകള്‍ നിര്‍ണായകമാവുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍, ഏറെ കൂടുതലുള്ളത് സര്‍ക്കാര്‍ ജീവനക്കാരാണ്. നഗരപ്രദേശമായതിനാല്‍ എല്ലാവിഭാഗം വോട്ടര്‍മാരും ചേരുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്.

Next Story

RELATED STORIES

Share it