Big stories

ജമ്മു കശ്മീര്‍: തീവ്രവാദികള്‍ എന്നാരോപിച്ച് വെടിവച്ചു കൊന്നവരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയും

ശ്രീനഗറിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേരുന്നതിനായാണ് കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ ഇവിടെ വന്നതെന്നും കുടുംബാംഗങ്ങള്‍ പറയുന്നു

ജമ്മു കശ്മീര്‍: തീവ്രവാദികള്‍ എന്നാരോപിച്ച് വെടിവച്ചു കൊന്നവരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയും
X

ശ്രീനഗര്‍: തീവ്രവാദികള്‍ എന്നാരോപിച്ച് ജമ്മു കശ്മീര്‍ പോലീസ് വെടിവച്ചുകൊന്നവരില്‍ 17കാരനായ പ്ലസ് വണ്‍ വിദ്യാര്‍ഥിയും. ബുധനാഴ്ച രാത്രിയോടെ ശ്രീനഗറിന് സമീപത്തുവെച്ച് മൂന്നു തീവ്രവാദികളെ പോലീസും സൈന്യവും ചേര്‍ന്ന് വധിച്ചതായാണ് ജമ്മു കശ്മീര്‍ പോലീസ് അവകാശപ്പെട്ടത്. എന്നാല്‍ പോലീസ് വെടിവച്ചു കൊന്ന മൂന്നുപേരും നിരപരാധികളെന്ന് മരിച്ചവരുടെ കുടുംബം പറഞ്ഞു. ശ്രീനഗറിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേരുന്നതിനായാണ് കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ ഇവിടെ വന്നതെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. പുല്‍വാമ സ്വദേശികളായ അജാസ് മഖബൂല്‍ ഗാനി, ആതര്‍ മുഷ്താഖ്, ഷോപിയാന്‍ സ്വദേശിയായ സുബൈര്‍ ലോണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.


സംഭവം പോലീസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും മരിച്ചവരില്‍ ഒരാള്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മകനാണെന്നും ബന്ധുക്കള്‍ അറിയിച്ചു. മറ്റൊരാള്‍ 11ാം ക്ലാസ് വിദ്യാര്‍ഥിയാണ്. എന്നാല്‍, കൊല്ലപ്പെട്ടവര്‍ മൂന്നുപേരും തീവ്രവാദികളാണെന്നും അതേസമയം ഇവരുടെ പേരുകള്‍ പോലീസിന്റെ തീവ്രവാദി പട്ടികയില്‍ ഇല്ലെന്നും ജമ്മു കശ്മീര്‍ പോലീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.


ഗണ്‍ദേര്‍ബാലിലെ ഒരു പോലീസ് ഹെഡ്‌കോണ്‍സ്റ്റബിളിന്റെ മകനാണ് അജാസ് മഖ്ബൂല്‍ ഗാനി എന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.സംഭവത്തില്‍ അന്വേഷണം വേണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും ആവശ്യപ്പെട്ടു. ഷോപിയാനില്‍ മൂന്ന് നിരപരാധികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പോലീസ് മൂന്നു സൈനികര്‍ക്കെതിരെ കേസെടുത്തതിനു തൊട്ടു പിന്നാലെയാണ് സമാനമായ മറ്റൊരു ആരോപണം ഉയര്‍ന്നത്. ഈ സംഭവത്തില്‍ സൈനികര്‍ നിരപരാധികളെ വെടിവെച്ചു കൊല്ലുകയായിരുന്നെന്നും കൊല്ലപ്പെട്ട തൊഴിലാളികളെ തീവ്രവാദികളായി ചിത്രീകരിക്കുന്നതിന് മൃതദേഹത്തിനു സമീപം ആയുധങ്ങള്‍ വെച്ചതായും സൈനിക കോടതി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.




Next Story

RELATED STORIES

Share it