Big stories

സയണിസ്റ്റുകളുടെ ഭൂമിക്കൊള്ളയും ആര്‍ക്കിയോളജിയും

സയണിസ്റ്റുകളുടെ ഭൂമിക്കൊള്ളയും ആര്‍ക്കിയോളജിയും
X

റാമല്ല: വെസ്റ്റ് ബാങ്കിലെ പുരാവസ്തു പ്രദേശങ്ങളുടെ ചുമതല മിലിട്ടറി സിവില്‍ അഡ്മിനിസ്‌ട്രേഷനില്‍ നിന്നും ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റിക്ക് (ഐഎഎ)കൈമാറാനുള്ള ബില്ല് പാസാക്കാന്‍ സയണിസ്റ്റ് ഭരണകൂടം തയ്യാറെടുക്കുന്നു. ഇത് ഫലസ്തീനികളുടെ ഭൂമി പിടിച്ചെടുക്കലിലേക്ക് നയിക്കുമെന്ന് ഇസ്രായേലിലെ പുരാവസ്തു ഗവേഷകരില്‍ തന്നെ ആശങ്കയുളവാക്കിയിട്ടുണ്ട്. എന്നാല്‍, അവരെ യഥാര്‍ത്ഥത്തില്‍ ആശങ്കപ്പെടുത്തുന്നത് ഭൂമി പിടിച്ചെടുക്കുന്നതല്ല. മറിച്ച്, ഇസ്രായേലിനെ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെടുന്ന ബിഡിഎസ് പ്രസ്ഥാനം ശക്തമായിരിക്കുന്ന കാലത്ത് അവര്‍ക്കുള്ള വിദേശ ഫണ്ടിനെ സര്‍ക്കാര്‍ തീരുമാനം ബാധിക്കുമോയെന്നതാണ്.


ഫലസ്തീന്‍ പ്രദേശത്തിന്റെ ഭാഗമായി ഫലസ്തീന്‍ നാഷണല്‍ അതോറിറ്റി അംഗീകരിച്ച തലാത്ത് എഡ് ഡാമിലെ കുരിശുയുദ്ധ കാലഘട്ടത്തിലെ കോട്ടയുടെ അവശിഷ്ടങ്ങള്‍ 'അസെന്റ് ഓഫ് ബ്ലഡ്' എന്ന പേരില്‍ അറിയപ്പെടുന്ന കോട്ടയില്‍ ഇസ്രായേല്‍ ആദ്യകാലത്ത് ഇടപെടല്‍ നടത്തിയിരുന്നില്ല.

ഇസ്രായേലി സുരക്ഷാ മന്ത്രാലയത്തിന്റെ സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ ആര്‍ക്കിയോളജി യൂണിറ്റ് അടുത്തിടെ നടത്തിയ ഖനനങ്ങളില്‍ പ്രദേശത്തെ ഫലസ്തീനി ചരിത്രത്തിന്റെ ആഴം അടിവരയിടുന്ന ഒരു ബൈസാന്റിയന്‍ ചിത്രം കുരിശുയുദ്ധക്കാരുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നും കണ്ടെത്തി. ഐഎഎ മേല്‍നോട്ടം വഹിക്കുന്ന പദ്ധതികളില്‍ നിന്നും വ്യത്യസ്തമായി, ഈ പദ്ധതി വെസ്റ്റ് ബാങ്കിലെ ഏരിയ സി എന്നറിയപ്പെടുന്ന പ്രദേശത്തെ സിവില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സിവില്‍ അഡ്മിനിസ്‌ട്രേഷന് കീഴിലാണ് വരുന്നതെന്ന് റിപോര്‍ട്ട് പറയുന്നു.


അധിനിവേശ വെസ്റ്റ് ബാങ്കില്‍ ക്രിസ്ത്യന്‍, മുസ്‌ലിം, ജൂത വിഭാഗങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഏകദേശം 2,600 പുരാവസ്തു സ്ഥലങ്ങളുണ്ട്. ഓസ്‌ലോ ഉടമ്പടി പ്രകാരം, പുരാവസ്തുക്കളുടെ മേലുള്ള 'ഇസ്രായേലിന്റെ' അധികാരം വെസ്റ്റ് ബാങ്കിന്റെ ഏരിയ സി എന്നറിയപ്പെടുന്നതില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, അതേസമയം വെസ്റ്റ് ബാങ്കിന്റെ ഏരിയ എ, ബി എന്നിവ ഫലസ്തീന്‍ അതോറിറ്റിയുടെ കീഴിലാണ്.


എന്നിരുന്നാലും, 2023ലെ ഇസ്രായേലി ബില്ല്, പ്രദേശങ്ങളുടെ മേല്‍നോട്ടം സൈനിക ലൈസണ്‍ ഓഫീസായ സിഒജിഎടിയില്‍ നിന്ന് ഐഎയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുന്നു. പുരാവസ്തുക്കളെ സംരക്ഷിക്കാനെന്ന പേരിലാണ് ഇത് ചെയ്യുന്നത്. ഫലസ്തീനില്‍ ഇസ്രായേലിന്റെ സിവിലിയന്‍ നിയന്ത്രണം വ്യാപിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത രാഷ്ട്രീയ തന്ത്രമാണ് ഇതെന്ന് ഇസ്രായേലി വിമര്‍ശകര്‍ തന്നെ ടൈംസ് ഓഫ് ഇസ്രായേലിനോട് പറയുന്നു.

അന്താരാഷ്ട്ര അക്കാദമിക് ബന്ധങ്ങളെ തകര്‍ക്കുകയും പ്രഫഷണല്‍ വിശ്വാസ്യതയെ തകര്‍ക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി ഐഎഎയും ബില്ലിന് എതിരാണ്. വെസ്റ്റ് ബാങ്കില്‍ 'സൈനിക നിയമം' 'സിവിലിയന്‍ നിയമം' ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നത് 'അധിനിവേശം' വര്‍ദ്ധിപ്പിക്കുകയും പുരാവസ്തു സ്ഥലങ്ങള്‍ക്കുള്ള സംരക്ഷണം ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്യുന്നു.


അധിനിവേശ വെസ്റ്റ് ബാങ്കിലെ പുരാവസ്തു പൈതൃകം പ്രധാനമായും ജൂതകുടിയേറ്റക്കാരുടെ അക്രമത്തില്‍ നിന്ന് തുടര്‍ച്ചയായ ഭീഷണികള്‍ നേരിടുന്നുണ്ട്. യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബാറ്റിറിലെ റോമന്‍കാലത്തെ ജലസേചന സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജൂതകുടിയേറ്റക്കാരുടെ അക്രമങ്ങളും കൈയ്യേറ്റവും വ്യാപകമാണ്.

ഇതൊക്കെയാണെങ്കിലും, ജൂതകുടിയേറ്റക്കാരുടെ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇസ്രായേലി അധികാരികള്‍ വളരെ അപൂര്‍വമായി മാത്രമേ നടപടിയെടുക്കാറുള്ളൂ. അധിനിവേശം ശക്തമാക്കാന്‍ രൂപകല്‍പ്പന ചെയ്ത ബില്ലെന്ന് ഇസ്രായേലിലെ തന്നെ വിമര്‍ശകര്‍ പറയുന്നതിനെ ഇതുമായി കൂട്ടിവായിക്കണം.


തായ്ബെയിലും അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളവും, കുടിയേറ്റക്കാരുടെ അക്രമം പലപ്പോഴും വ്യക്തികളെ മാത്രമല്ല, ഉപജീവനമാര്‍ഗ്ഗങ്ങളെയും കാര്‍ഷിക ഭൂമിയെയും ലക്ഷ്യമിടുന്നു. കുടിയേറ്റക്കാര്‍ ഫലസ്തീനികളുടെ വയലുകളിലേക്കും നഗരങ്ങളിലേക്കും കന്നുകാലികളെ തുറന്നുവിടുന്നതും ഒലിവ് തോട്ടങ്ങള്‍ നശിപ്പിക്കുന്നതും വിളകള്‍ നശിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള ആവര്‍ത്തിച്ചുള്ള അട്ടിമറി പ്രവര്‍ത്തനങ്ങള്‍ കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

തായ്ബെയുടെ ഭൂപ്രകൃതി ക്രിസ്ത്യന്‍ പൈതൃകവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു, ദേവാലയങ്ങള്‍, ആരാധനാലയങ്ങള്‍, ഒലിവ് തോട്ടങ്ങള്‍ എന്നിവ അവിടെയുണ്ട്. എന്നാല്‍, ചരിത്രത്തിലെ ഏറ്റവും പഴയ ക്രിസ്ത്യാനികളായ അവര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. 1948ല്‍ ഫലസ്തീനില്‍ ഇസ്രായേല്‍ സ്ഥാപിച്ച ശേഷം ഫലസ്തീനിലെ ക്രിസ്ത്യന്‍ ജനസംഖ്യ പത്തുശതമാനത്തില്‍ നിന്നും ഒരു ശതമാനമായി കുറഞ്ഞു. സയണിസ്റ്റ് അധിനിവേശത്തെ തുടര്‍ന്ന് ക്രിസ്ത്യാനികള്‍ നാടുവിടാന്‍ നിര്‍ബന്ധിതരായതാണ് പ്രധാനകാരണം.


ഇസ്രായേലിന്റെ ബില്ലിനെ പിന്തുണയ്ക്കുന്ന നെസെറ്റ് അംഗങ്ങളായ ഒറിറ്റ് ഹലേവിയെ പോലുള്ളവര്‍ വെസ്റ്റ്ബാങ്കിനെ യഹൂദിയയും ശമര്യയെന്നും വിളിക്കുകയും ഇസ്രായേലില്‍ ചേര്‍ക്കണമെന്നും വാദിക്കുന്നവരാണ്. ബില്ല് വെസ്റ്റ്ബാങ്കില്‍ ഇസ്രായേലിന് പരമാധികാരം നല്‍കുമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്.

പൈതൃക സംരക്ഷണവുമായി നിയമനിര്‍മ്മാണത്തിന് ബന്ധമൊന്നുമില്ലെന്നും വര്‍ണ്ണവിവേചന നയങ്ങള്‍ സ്ഥാപിക്കുക, അധിനിവേശത്തെ നിയമവിധേയമാക്കുക, പുരാവസ്തുശാസ്ത്രത്തിന്റെ മറവില്‍ കുടിയേറ്റം സാധാരണമാക്കുക എന്നിവയുമായാണ് ബന്ധമെന്നും എതിരാളികള്‍ വാദിക്കുന്നു.

ഇപ്പോഴത്തെ രൂപത്തിലുള്ള ബില്ല് ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റിയുടെയും ഇസ്രായേല്‍ എന്ന രാജ്യത്തിന്റേയും അന്താരാഷ്ട്ര സ്ഥാപനങ്ങളുമായുള്ള അക്കാദമിക് ബന്ധങ്ങള്‍ക്ക് വലിയ നാശനഷ്ടമുണ്ടാക്കുകയും പ്രഫഷണല്‍ പ്രശസ്തിക്ക് കോട്ടം വരുത്തുകയും ചെയ്യുമെന്ന് ഒരു ഐഎഎ വക്താവ് ടൈംസ് ഓഫ് ഇസ്രായേലിനോട് സമ്മതിച്ചു.

ആര്‍ക്കിയോളജിയില്‍ ഇസ്രായേലി സര്‍ക്കാരിനെയും വകുപ്പുകളെയും ഉപദേശിക്കുന്ന 'ഇസ്രായേലിന്റെ' പുരാവസ്തു കൗണ്‍സിലിന്റെ ചെയര്‍മാനായ തെല്‍ അവീവ് സര്‍വകലാശാലയിലെ പ്രഫ. ഗൈ സ്റ്റീബല്‍ വളച്ചൊടിക്കാതെ തന്നെ നിലപാട് പറഞ്ഞു. '' ഹാലേവിയോട് സത്യസന്ധത പുലര്‍ത്തുകയും വെസ്റ്റ്ബാങ്കിലെ അധിനിവേശത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് വെളിപ്പെടുത്തുകയും വേണം.''-അദ്ദേഹം പറഞ്ഞു.

ഇസ്രായേലും കുടിയേറ്റക്കാരും പുരാവസ്തുശാസ്ത്രത്തെ ആയുധമാക്കി ജെറുസലേമില്‍ നിന്നും വെസ്റ്റ്ബാങ്കില്‍ നിന്നും ഫലസ്തീനികളെ പുറത്താക്കാന്‍ ശ്രമിക്കുകയാണെന്ന് എമെക് ഷാവേയുടെ ചെയര്‍മാന്‍ പ്രഫ. റാഫി ഗ്രീന്‍ബെര്‍ഗ് 2025 ഫെബ്രുവരി 13 ന് ജറുസലേമില്‍ നടന്ന ഒരു സമ്മേളനത്തില്‍ തുറന്നടിച്ചു. ഫലസ്തീനികളെ പുറത്താക്കാന്‍ ഇസ്രായേല്‍ ആര്‍ക്കിയോളജിയെ ഉപയോഗിക്കരുതെന്ന് എമെക് ഷാവേയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലോണ്‍ ആരാദും പറഞ്ഞു.

പുരാവസ്തു ശാസ്ത്രം വെസ്റ്റ്ബാങ്കിലെ ഇസ്രായേലി അധിനിവേശത്തിന്റെ ഉപകരണമാണെന്ന് നിലവിലെ സാഹചര്യം അടിവരയിടുന്നു. ഇസ്രായേലി അധിനിവേശത്തിനെതിരേ സ്വന്തം ഭൂമിയും സ്വത്വവും പരമാധികാരവും സംരക്ഷിക്കാന്‍ പോരാടുന്ന ഫലസ്തീനികള്‍ക്കെതിരെയുള്ള ഇസ്രായേലിന്റെ ആയുധങ്ങളിലൊന്നാണ് പുരാവസ്തുശാസ്ത്രം.

ഇതെല്ലമായിരിക്കുമ്പോഴും പുതിയ ബില്ലിനെതിരായ ഇസ്രായേലി പുരാവസ്തു ശാസ്ത്രജ്ഞരുടെ എതിര്‍പ്പ് ഫലസ്തീനികളെ സംരക്ഷിക്കാനുള്ളതല്ല. മറിച്ച് അക്കാദമിക് ബഹിഷ്‌കരണങ്ങളില്‍ നിന്ന് ഇസ്രായേലി സ്ഥാപനങ്ങളെ സംരക്ഷിക്കുക, വിദേശ ധനസഹായം ഉറപ്പാക്കുക എന്നിവയാണ്. എന്നാല്‍, ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ഇത് ഇസ്രായേലിനെ ബഹിഷ്‌കരിക്കുന്ന ബിഡിഎസ് പ്രസ്ഥാനത്തിന്റെ ശക്തിയാണ് കാണിക്കുന്നത്.

ചരിത്രത്തെ വളച്ചൊടിക്കുന്നതില്‍ തങ്ങള്‍ക്കുള്ള കഴിവ് 1948 മുതല്‍ 1950 വരെയുള്ള കാലത്ത് ജൂതന്‍മാര്‍ തെളിയിച്ചിട്ടുണ്ട്. ഫലസ്തീനിലെ അറബ് പ്രദേശങ്ങള്‍ക്ക് ഹീബ്രു പേരുകള്‍ നല്‍കാന്‍ എന്‍എന്‍സി എന്ന പേരില്‍ അവര്‍ ഒരു സമിതി രൂപീകരിച്ചിരുന്നു. ബൈബിളില്‍ പരാമര്‍ശങ്ങളുള്ള സ്ഥലങ്ങളുടെ പേരുകളും അവര്‍ നിരവധി സ്ഥലങ്ങള്‍ക്ക് നല്‍കി. ജൂതന്‍മാര്‍ കിബുത്ത്‌സ് ഗ്രോഫിത് എന്ന് വിളിക്കുന്ന സ്ഥലം യഥാര്‍ത്ഥത്തില്‍ ഉം ജുര്‍ഫിനാത്തായിരുന്നു. ബിഅര്‍ അദ യഥാര്‍ത്ഥത്തില്‍ ബിര്‍ അബു ആയിരുന്നു. ബീര്‍ ഷെബയിലെ റഖ്മയെ അവര്‍ യെറുഖാം ആക്കി. ഹീബ്രുവല്‍ക്കരിക്കാന്‍ കഴിയുന്ന ഗ്രീക്ക് റോമന്‍ പേരുകള്‍ മാത്രമാണ് അവര്‍ ഉപയോഗിച്ചത്.

ബൈസാന്റിയന്‍ നഗരമായിരുന്ന കുര്‍ണുബിന്റെ പേരുമാറ്റാനുള്ള യോഗത്തിന്റെ മിനുട്ട്‌സ് പിന്നീട് പുറത്തുവന്നിരുന്നു. കുര്‍ണുബിനെ സെറുബിം എന്ന് വിളിക്കണമെന്നാണ് ഒരു സയണിസ്റ്റ് പണ്ഡിതന്‍ ആവശ്യപ്പെട്ടത്. കാബേജെന്നും മാലാഖമാരെന്നും അതിന് അര്‍ത്ഥമുണ്ടെന്ന് അയാള്‍ അവകാശപ്പെട്ടു. എന്നാല്‍, മാംപ്‌സിസ് എന്ന് വിളിക്കണമെന്നാണ് മറ്റൊരാള്‍ ആവശ്യപ്പെട്ടു. ക്രിസ്ത്യന്‍ ചരിത്രത്തില്‍ മാംപ്‌സിസ് എന്നു പറയുന്ന സ്ഥലമുണ്ടെന്നതാണ് അതിന് കാരണമായി അയാള്‍ പറഞ്ഞത്. സിറ്റി ഓഫ് നെഗേവ് എന്ന് വിളിക്കാമെന്ന് മറ്റൊരു സയണിസ്റ്റ് പറഞ്ഞു. കര്‍ണോവ് എന്ന് വിളിക്കാമെന്നായിരുന്നു മറ്റൊരാളുടെ നിലപാട്. മാംപ്‌സിസ് എന്ന പേര് തീരുമാനിക്കുന്നില്ലെങ്കില്‍ ഒരു ഹീബ്രു പേരിടാമെന്ന് മറ്റൊരാള്‍ പറഞ്ഞു. സിറ്റി ഓഫ് നെഗേവ് എന്ന് പേരിട്ടാല്‍ ലോകം അതിനെ ബിര്‍ഷെബയായി മനസിലാക്കുമെന്നാണ് അയാള്‍ ആശങ്കപ്പെട്ടത്. ഇത്തരത്തില്‍ ചരിത്രത്തെ വളച്ചൊടിച്ചാണ് ജൂതന്‍മാര്‍ ജൂതരാഷ്ട്രം സ്ഥാപിച്ചത്. അതിന് ക്രിസ്ത്യന്‍ ലോകത്തിന്റെ പിന്തുണ ലഭിക്കാന്‍ ബൈബിളിനെയും ഉപയോഗിച്ചു.


Next Story

RELATED STORIES

Share it