Big stories

ക്രിമിനല്‍ സംഘങ്ങളെ ആയുധമണിയിച്ച് ഇസ്രായേല്‍; പ്രതിരോധിച്ച് ഹമാസ്

സായുധ സംഘങ്ങള്‍ വഴി ഗസയില്‍ ഒരു ബദല്‍ ഭരണം സ്ഥാപിക്കാനുള്ള ഇസ്രായേലിന്റെ ഗൂഢശ്രമം കടുത്ത എതിര്‍പ്പുകള്‍ നേരിടുകയും അതിവേഗം വെളിച്ചത്താവുകയും ചെയ്യുന്നു

ക്രിമിനല്‍ സംഘങ്ങളെ ആയുധമണിയിച്ച് ഇസ്രായേല്‍;  പ്രതിരോധിച്ച് ഹമാസ്
X

ഗസാ സിറ്റി: ഗസ മുനമ്പിലെ റഫയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ സര്‍ക്കാരിന്റെ പിന്തുണയോടെയും സയണിസ്റ്റ് സൈന്യത്തിന്റെ സംരക്ഷണയിലും പ്രവര്‍ത്തിക്കുന്ന യാസിര്‍ അബൂ ശബാബിന്റെ നേതൃത്വത്തിലുള്ള സായുധ ഗ്രൂപ്പുകള്‍ക്കെതിരേ ഗസ മുനമ്പിലെ ഫലസ്തീന്‍ പ്രതിരോധ ഗ്രൂപ്പുകളും പ്രാദേശിക സുരക്ഷാ സേനയും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി റിപോര്‍ട്ട്.

യാസറിന്റെ സംഘത്തിലെ അംഗങ്ങളുമായി ഇന്നലെ രാത്രി വൈകിയും ചെറുത്തുനില്‍പ്പ് പോരാളികള്‍ ഏറ്റുമുട്ടിയതായി സുരക്ഷാ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ ക്രിമിനലുകളെ രക്ഷിക്കാന്‍ ഒരു ഇസ്രായേലി ഡ്രോണ്‍ വിന്യസിച്ചു.

അബൂ ശബാബിനും അയാളുടെ വലംകൈയ്യായ ഗസ്സാന്‍ അല്‍ ദാഹിനിക്കും വിപുലമായ ക്രിമിനല്‍ ചരിത്രമുണ്ടെന്ന് ഫലസ്തീന്‍ സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. 2024 അവസാനത്തോടെ ഇസ്രായേല്‍ അധിനിവേശ സേന ഈ സംഘത്തെ റിക്രൂട്ട് ചെയ്യുകയും ആയുധങ്ങള്‍ നല്‍കുകയും ചെയ്തതായും റിപോര്‍ട്ടുണ്ട്. റഫയുടെ തെക്കുകിഴക്കായി ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഈ സംഘം സുരക്ഷിത താവളം കണ്ടെത്തിയിരുന്നു.

ഗസയിലേക്കുള്ള സഹായങ്ങളുടെയും സാധനങ്ങളുടെയും പ്രധാന പ്രവേശന കവാടമായ കരീം അബൂസലേം ക്രോസിങിന് സമീപമാണ് ഈ സായുധ സംഘങ്ങള്‍ താവളമടിച്ചിരിക്കുന്നത്. തന്ത്രപ്രധാനമായ ഈ സ്ഥലത്തുനിന്ന്, സംഘം മാനുഷിക സഹായ വാഹനവ്യൂഹങ്ങളെ തടയുകയും മോഷ്ടിച്ച സാധനങ്ങള്‍ സാധാരണക്കാര്‍ക്ക് വീണ്ടും വില്‍ക്കുകയും അതില്‍നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് റിക്രൂട്ട്‌മെന്റ് ശൃംഖല വികസിപ്പിക്കുകയും ചെയ്യുന്നതായി റിപോര്‍ട്ടുണ്ട്.

അതേ സ്രോതസ്സുകള്‍ പ്രകാരം, 'ജനപ്രിയ സേന' എന്ന് വിളിക്കപ്പെടുന്ന സംഘടനയുടെ നേതാവായി സ്വയം വിശേഷിപ്പിക്കുന്ന അബൂ ശബാബിന്റെ ആയുധ വിതരണവും പുനരധിവാസവും ഇസ്രായേല്‍ സൈന്യത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടക്കുന്നത്. കരീം അബു സലേം ക്രോസിങിന് സമീപം സഹായ വാഹനവ്യൂഹങ്ങളെ തടയുകയും സാധാരണക്കാരെ ആക്രമിക്കുകയും ചെയ്യുന്ന ഗ്രൂപ്പുകളെയാണ് ഇപ്പോള്‍ അയാള്‍ നയിക്കുന്നത്.

മയക്കുമരുന്ന് കടത്തും വിതരണവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് 2015 മുതല്‍ അബൂ ശബാബ് 25 വര്‍ഷം തടവ് അനുഭവിച്ചു വരുകയായിരുന്നു. 2023 ഒക്ടോബറില്‍ ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന്റെ ആദ്യ ദിവസങ്ങളില്‍, ബോംബാക്രമണങ്ങളുടെ ഒരു പരമ്പരയ്ക്കിടെ, ഖാന്‍ യൂനിസിലെ ജയിലില്‍നിന്ന് രക്ഷപ്പെട്ടു. താമസിയാതെ, ഇസ്രായേലി ഇന്റലിജന്‍സുമായി ബന്ധം പുനസ്ഥാപിക്കുകയും റഫയിലെ താവളത്തില്‍നിന്ന് നിലവിലെ സായുധ ശൃംഖല സംഘടിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തു.

അബൂ ശബാബ് സംഘത്തിന്റെ രൂപീകരണത്തിനു പിന്നില്‍ ഷിന്‍ബെത് (ഇസ്രായേല്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സി) ആണെന്ന് ഇസ്രായേലി പത്രമായ മാരിവ് സ്ഥിരീകരിച്ചതായി റിപോര്‍ട്ടുണ്ട്.

ഗസയിലെ ചില പ്രദേശങ്ങളില്‍ ബദല്‍ ഭരണം സ്ഥാപിക്കുന്നതിനുള്ള ഒരു പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായി ഷിന്‍ബെത് മേധാവി റോണന്‍ ബാര്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ഈ പദ്ധതി നിര്‍ദേശിച്ചതായി മുതിര്‍ന്ന ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപോര്‍ട്ട് ചെയ്തു.

ക്രിമില്‍സംഘത്തിലെ അംഗങ്ങള്‍ക്ക്, പ്രത്യേകിച്ച് കൂലിപ്പട്ടാളക്കാരായി പ്രവര്‍ത്തിക്കാന്‍ റിക്രൂട്ട് ചെയ്യപ്പെട്ട ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികള്‍ക്ക്, നിയന്ത്രിതമായി ആയുധങ്ങള്‍ വിതരണം ചെയ്യണമെന്ന കാര്യം ഇസ്രായേലി പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് വിവരം.

എന്നിരുന്നാലും, ഗസയില്‍ ഹമാസ് ഇതര ബദല്‍ അധികാര സംവിധാനം രൂപീകരിക്കുന്നതില്‍ ഗ്രൂപ്പിനെ ഉപയോഗിക്കുന്നതില്‍ വിജയം കൈവരിക്കില്ലെന്ന് ഇസ്രായേലി സര്‍ക്കാരിന് ഉറപ്പാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

1987ല്‍ റഫയില്‍ ജനിച്ച ഗസ്സാന്‍ അല്‍ ദാഹിനി, ക്രിമിനല്‍ ഗ്രൂപ്പിന്റെ പ്രധാന തന്ത്രജ്ഞനായി മാറിയതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.ഈജിപ്തിലെ സിനായില്‍ നിന്നുള്ള കള്ളക്കടത്ത് വഴികള്‍ കൈകാര്യം ചെയ്യുന്നതിലും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്നതിലും അയാള്‍ മുമ്പ് ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു, പിന്നീട് ധാര്‍മിക ലംഘനങ്ങള്‍ക്ക് പുറത്താക്കപ്പെട്ടു. ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ ആര്‍മി ഓഫ് ഇസ്‌ലാമുമായി അല്‍ ദാഹിനി മുമ്പ് ബന്ധപ്പെട്ടിരുന്നു. ദോമഷ് എന്ന ഗോത്രത്തിലെ മുംതാസ് ദോമഷ് എന്നയാളാണ് ആര്‍മി ഓഫ് ഇസ്‌ലാം സ്ഥാപിച്ചിരുന്നത്. ഇവര്‍ ഹമാസുമായി നിരന്തരം ഏറ്റുമുട്ടുമായിരുന്നു.

ക്രിമിനല്‍ പ്രവൃത്തികള്‍ മൂലം ഗസയിലെ സര്‍ക്കാര്‍ 2020ലും 2022ലും അല്‍ ദാഹിനിയെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്ത് കുറ്റത്തിന് കസ്റ്റഡിയിലിരിക്കെ 2018ല്‍ ഗസയിലെ ഒരു ജയിലില്‍ വച്ച് അയാളുടെ സഹോദരന്‍ വാലിദ് ആത്മഹത്യ ചെയ്തു.

അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ ഗസയിലെ പോലിസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിന് മറ്റൊരു നേതാവായ ഇസ്സാം അല്‍നബാഹിനെ വധശിക്ഷക്ക് വിധിച്ചു. 2023ല്‍ ഇസ്രായേല്‍ അധിനിവേശം തുടങ്ങിയപ്പോള്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട അല്‍ ദാഹിനി യാസറിന്റെ സംഘത്തില്‍ ചേര്‍ന്നു. ഇപ്പോള്‍ ഇസ്രായേലിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ കഴിഞ്ഞ ദിവസം രാത്രി അവര്‍ ഹമാസുമായി ഏറ്റുമുട്ടി. ക്രിമിനല്‍ സംഘത്തെ സഹായിക്കാന്‍ ഡ്രോണ്‍ അയക്കുകയാണ് ഇസ്രായേലി സൈന്യം ചെയ്തത്. പക്ഷേ, നാലു ക്രിമിനലുകള്‍ കൊല്ലപ്പെട്ടു.

യാസറിനെയും കൂട്ടാളികളെയും നിരീക്ഷിച്ചു വരുകയാണെന്ന് ഗസ പ്രതിരോധ സംവിധാനം അറിയിച്ചു. സംഘത്തിലെ അംഗങ്ങളെ പിടികൂടാനും ഇല്ലാതാക്കാനും ഇന്റലിജന്‍സ്, ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. മെയ് അവസാനം ഹമാസിന്റെ സൈനിക വിഭാഗം പുറത്തിറക്കിയ ഒരു വീഡിയോയില്‍ ഇത് വ്യക്തമായിരുന്നു. മാധ്യമ റിപോര്‍ട്ടുകള്‍ പ്രകാരം, അല്‍ ഖസ്സാം ബ്രിഗേഡുകള്‍ സംഘത്തിലെ 50 അംഗങ്ങളെ ഇല്ലാതാക്കിയിട്ടുണ്ട്.




Next Story

RELATED STORIES

Share it