Big stories

കൂട്ടത്തല്ലിനു പിന്നാലെ ഐഎന്‍എല്‍ പിളര്‍ന്നു; അബ്ദുല്‍ വഹാബും കാസിം ഇരിക്കൂറും പരസ്പരം പുറത്താക്കി

കൂട്ടത്തല്ലിനു പിന്നാലെ ഐഎന്‍എല്‍ പിളര്‍ന്നു;   അബ്ദുല്‍ വഹാബും കാസിം ഇരിക്കൂറും പരസ്പരം പുറത്താക്കി
X

കൊച്ചി: സംസ്ഥാന നേതൃയോഗത്തിനിടെയുണ്ടായ കൂട്ടത്തല്ലിനു പിന്നാലെ ഇന്ത്യന്‍ നാഷനല്‍ ലീഗ്(ഐഎന്‍എല്‍) പിളര്‍ന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായും പകരം നാസിര്‍ കോയ തങ്ങളെ പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തതായും ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ വഹാബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ വഹാബിനെ പാര്‍ട്ടിയില്‍ നിന്നു അഖിലേന്ത്യ അധ്യക്ഷന്‍ പുറത്താക്കിയതായി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും അറിയിച്ചു. ഇതോടെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ വിജയിക്കുകയും അഹ് മദ് ദേവര്‍കോവിലിനു രണ്ടാം പിണറായി മന്ത്രിസഭയില്‍ തുറമുഖ വകുപ്പ് മന്ത്രിയായി സ്ഥാനം ലഭിക്കുകയും ചെയ്തതിനു പിന്നാലെയുണ്ടായ ഭിന്നതകളാണ് പിളര്‍പ്പിലേക്ക് നയിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന പ്രവര്‍ത്തക സമിതിയിലും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ഇരുപക്ഷം ചേര്‍ന്ന് കാസിം ഇരിക്കൂറും അബ്ദുല്‍ വഹാബും പരസ്പരം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പിഎസ് സി അംഗത്വം ലക്ഷക്കണക്കിനു രൂപയ്ക്കു മറിച്ചുവിറ്റു, ലീഗ് എംപി അബ്ദുല്‍ വഹാബില്‍ നിന്ന് തിരഞ്ഞെടുപ്പ് ഫണ്ട് കൈപ്പറ്റി തുടങ്ങിയ സാമ്പത്തിക ആരോപണങ്ങളാണ് പരസ്പരം ഉയര്‍ത്തിയിരുന്നത്. മാത്രമല്ല, ഐഎന്‍എല്‍ സീറ്റില്‍ ജയിച്ച് മന്ത്രിയായ അഹ് മദ് ദേവര്‍കോവില്‍ ചിലയിടങ്ങളില്‍ സന്ദര്‍ശിച്ചപ്പോള്‍ ഐഎന്‍എല്‍ പ്രവര്‍ത്തകരെ അറിയിക്കാതെ ലീഗ് പ്രവര്‍ത്തകരോടൊപ്പമാണ് പോയതെന്നും സിപിഎമ്മിനെ പോലും അറിയിച്ചില്ലെന്നതും തര്‍ക്കം രൂക്ഷമാക്കി. ഇതിനിടെ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ കാസിം ഇരിക്കൂറും അബ്ദുല്‍ വഹാബും വാക്‌പോരില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.

ഭിന്നത രൂക്ഷമായിരിക്കെയാണ് ഇന്ന് കൊച്ചിയില്‍ സംസ്ഥാന സമിതി യോഗം കൂട്ടത്തല്ലില്‍ കലാശിച്ചത്. കാസിം ഇരിക്കൂര്‍ മനപൂര്‍വം പ്രശ്‌നമുണ്ടാക്കിയതാണെന്നും അച്ചടക്കം ലംഘിച്ചതിനാണ് സ്ഥാനത്തു നിന്ന് നീക്കിയതെന്നും സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ വഹാബ് പറഞ്ഞു. എന്നാല്‍, അച്ചടക്കം ലംഘിച്ചത് അബ്ദുല്‍ വഹാബാണെന്നും അതിനാലാണ് പുറത്താക്കിയതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും പറഞ്ഞു. ഇതിനുപിന്നാലെ കൊച്ചിയില്‍ ഇരുവിഭാഗവും യോഗം ചേരുകയാണ്. ഐഎന്‍എല്ലിലെ പ്രതിസന്ധി ഇടതുമുന്നണിക്കും തലവേദനയാവുമെന്നാണു സൂചന. ഐഎന്‍എല്ലിന്റെ ഏകമന്ത്രി അഹ് മദ് ദേവര്‍ കോവില്‍ കാസിം ഇരിക്കൂര്‍ വിഭാഗത്തോടൊപ്പമാണ് എന്നതില്‍ ഏതു വിഭാഗത്തെയാണ് ഇടതുമുന്നണിക്കൊപ്പം നിര്‍ത്തേണ്ടതെന്ന കാര്യവും ഇടതുമുന്നണി ആലോചിക്കും. ഐഎന്‍എല്ലില്‍ ഇതിനുമുമ്പും പിളര്‍പ്പുണ്ടായിരുന്നു.

INL splitted; Abdul Wahab and Kassim Irikkur kicked each other out

Next Story

RELATED STORIES

Share it